• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; 8 ശൂചീകരണ തൊഴിലാളികള്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവം; 8 ശൂചീകരണ തൊഴിലാളികള്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

സദ്യ എയറോബിക് ബിന്നിലേക്ക് കളയുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെ ജീവനക്കാര്‍ക്കെതിരേ കടുത്ത പ്രതിഷേധമുണ്ടായി.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ 8 ശുചീകരണ തൊഴിലാളികളാണ്  ഓണസദ്യ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞ ് പ്രതിഷേധിച്ചത്. ചാല സര്‍ക്കിള്‍ എച്ച്.ഐ. തിങ്കളാഴ്ച ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ക്ക് കൈമാറും.

    സദ്യ എയറോബിക് ബിന്നിലേക്ക് കളയുന്നതിന്റെ ദൃശ്യം പ്രചരിച്ചതോടെ ജീവനക്കാര്‍ക്കെതിരേ കടുത്ത പ്രതിഷേധമുണ്ടായി. സംഭവം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. താത്കാലിക ജീവനക്കാരാണ് പ്രതിഷേധിച്ചത്.

    അച്ചടക്ക നടപടിയുടെ ഭാഗമായി ചാല ഹെല്‍ത്ത് സര്‍ക്കിളിലേക്കു മാറിയെത്തിയയാളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. നിര്‍ദേശങ്ങള്‍ ലംഘിച്ച് ആഘോഷം നടത്താന്‍ ശ്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും ആഹാരം കളഞ്ഞത് വലിയ തെറ്റാണെന്നും സെക്രട്ടറി ബിനു ഫ്രാന്‍സിസ് പറഞ്ഞു.

    തിരുവനന്തപുരം കോർപ്പറേഷനിലെ പ്രധാന ഓഫീസില്‍ വെള്ളിയാഴ്ചയും സോണല്‍ ഓഫീസുകളില്‍ ശനിയാഴ്ചയും ആയിരുന്നു ഓണാഘോഷം. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ വേണം ആഘോഷിക്കാനെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേശിച്ചു. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.

    ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് ജീവനക്കാരുടെ പ്രതിഷേധം


    ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്കു കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് ന്യായീകരണം.

    യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള ചേരിപ്പോരാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ഒരുവിഭാഗം പറയുന്നു. ചാല സര്‍ക്കിളില്‍ ഭരണപക്ഷ അനുകൂല യൂണിയന് രണ്ട് വിഭാഗമുണ്ട്. അതിലൊരു വിഭാഗമാണ് ആഘോഷം സംഘടിപ്പിച്ചത്. സര്‍ക്കിളിലെ ഒരു പ്യൂണിനെ മാറ്റിയതുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ശനിയാഴ്ചത്തെ സംഭവമെന്നാണ് മറു വിഭാഗം പറയുന്നത്.

    എതിര്‍വിഭാഗത്തില്‍പ്പെട്ടവര്‍ പങ്കെടുക്കാനെത്തിയത് ആഘോഷം നടത്തിയവരെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ജോലി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സദ്യ കളഞ്ഞത്. യൂണിയന്‍ നിലപാട് തള്ളാനാകാതെ എല്ലാവരും പ്രതിഷേധത്തില്‍ ചേരുകയായിരുന്നു.
    Published by:Arun krishna
    First published: