തിരുവനന്തപുരം: തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്ന് മന്ത്രി പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ട് തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത്. ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. 'ഡെങ്കി' യും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. അനേകം പേര് നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. പത്ത് ദിവസത്തിനിടെ ഇരട്ടി വളര്‍ച്ചയാണ് കോവിഡ് കേസുകളിലുണ്ടായത്. പ്രതിദിന കേസുകളും ടിപിആറും ഇരട്ടിയായി. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണവും കൂടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പത്ത് ദിവസം മുന്‍പ് മെയ് 26 ന് കേരളത്തില്‍ 723 കോവിഡ് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.01 ശതമാനമെന്നായിരുന്നു കണക്ക്. എന്നാല്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ എല്ലാം ഇരട്ടിയായി. ഇന്നലെ 1544 കേസുകളാണ് കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 11.39 ആണ് ടിപിആര്‍. 4 പേര് കോവിഡ് ബാധിതരായി മരണമടഞ്ഞു. കേസുകളുടെ വളര്‍ച്ചാ നിരക്ക് 0.02 ശതമാനവുമാണ്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.