തിരുവനന്തപുരം: അപരിചിതയായ യുവതിക്ക് സ്വന്തം വൃക്ക ദാനം ചെയ്ത് മാതൃകയായ സിപിഎം വയനാട് ചീയമ്പം പള്ളിപ്പടിയിലെ ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ നന്ദി അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റുള്ളവരെ കരുതാനും ചേര്‍ത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠനെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ മണികണ്ഠന്‍ വൃക്ക നല്‍കിയത്. ഡിവൈഎഫ്‌ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ സമ്മതപത്രം നല്‍കിയിരുന്നു. 8 വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠന്‍ പ്രതികരിച്ചു.
ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയ്ക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠന്‍ വൃക്ക നല്‍കാന്‍ തയ്യാറായത്. പിന്നീട് നിയമ നടപടികളും മെഡിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്തി.
മനുഷ്യ നന്മയുടെ പര്യായമാണ് ഇന്ന് മണികണ്ഠന്‍. സ്വന്തം വൃക്ക നല്‍കാന്‍ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്‌നേഹമാണ്. മറ്റുള്ളവരെ കരുതാനും ചേര്‍ത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠന്‍. സിപിഐ എം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് സഖാവ് മണികണ്ഠന്‍.
മണികണ്ഠനും വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ.
Also Read- സിപിഎം ബ്രാഞ്ച് സെക്രട്ടറി അപരിചിതയായ യുവതിയ്ക്ക് വൃക്ക ദാനം ചെയ്തു; 34കാരനായ മണികണ്ഠന്റെ മാതൃക
കോഴിക്കോട് പയ്യോളി സ്വദേശിനിയായ 37കാരിക്കാണ് 34 കാരനായ മണികണ്ഠൻ വൃക്ക ദാനം ചെയ്തത്. റെഡിമെയ്‌ഡ് വസ്‌ത്രങ്ങൾ കടകളിൽ വിൽക്കുന്ന തൊഴിലാളിയാണ് മണികണ്‌ഠൻ. പുൽപ്പള്ളി ചീയമ്പം മാധവമംഗലത്ത് രാജേന്ദ്രൻ- മഹേശ്വരി ദമ്പതികളുടെ മകനായ മണികണ്ഠൻ ഡിവൈഎഫ്‌ഐ ഇരുളം മേഖലാ സെക്രട്ടറിയാണ്. ശസ്‌ത്രക്രിയക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ഇരു വൃക്കകളും തകരാറിലായതോടെ ഭർത്താവ് ഉപേക്ഷിച്ചുപോയ രണ്ടുമക്കളുടെ ഉമ്മകൂടിയായ യുവതിയാണ് മണികണ്‌ഠന്റെ മഹാമനസ്‌കതയിൽ ജീവിതസ്വപ്‌നം കാണുന്നത്. ശസ്‌ത്രക്രിയ കഴിഞ്ഞ് ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
2014ൽ ഡിവൈഎഫ്‌ഐ നടത്തിയ മെഡിക്കൽ ക്യാംപിൽ മണികണ്ഠൻ നൽകിയ അവയവദാന സമ്മതപത്രമാണ് ഇവർക്ക് വൃക്ക ലഭിക്കാൻ ഇടയാക്കിയത്. സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ എട്ട് മാസം മുമ്പാണ് വൃക്ക ദാനംചെയ്യാൻ സമ്മതമാണോയെന്ന അന്വേഷണമെത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ മണികണ്‌ഠൻ സമ്മതം അറിയിച്ചു. പരിശോധനയിൽ വൃക്ക യോജിച്ചതാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് അച്ഛനും അമ്മയുമായും സംസാരിച്ചു. ആദ്യം എതിർത്തെങ്കിലും വൃക്ക ദാനംചെയ്‌തവരുടെ വീഡിയോ ഉൾപ്പെടെ കാണിച്ച് കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.