• HOME
  • »
  • NEWS
  • »
  • kerala
  • »
  • Zika Virus | സംസ്ഥാനത്തെ സിക വൈറസ് രോഗം നിയന്ത്രണവിധേയമായി; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Zika Virus | സംസ്ഥാനത്തെ സിക വൈറസ് രോഗം നിയന്ത്രണവിധേയമായി; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലുകളാണ് സികയെ ഇത്രവേഗം പ്രതിരോധിക്കാനായത്

ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ സിക വൈറസ് രോഗം നിയന്ത്രണവിധേയമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക വൈറസ് ബാധിച്ചില്ല.ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു.

    മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സികയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കുറയ്ക്കാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലുകളാണ് സികയെ ഇത്രവേഗം പ്രതിരോധിക്കാനായത്. തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സിക്ക പ്രതിരോധത്തിന് പ്രയത്നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

    ആരോഗ്യ വകുപ്പ് കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. സിക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സര്‍വയലന്‍സിന്റെ ഭാഗമായി 9,18,753 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. പനി, ചുവന്ന പാടുകള്‍, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവനസന്ദര്‍ശനം നടത്തി കണ്ടെത്തി. അതില്‍ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 66 പേരിലാണ് രോഗം കണ്ടെത്തിയത്. ഗര്‍ഭിണികളേയാണ് സിക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് (മൈക്രോസെഫാലി) കാരണമാകും.

    Also Read-ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഇല്ല; ഈ മാസം 28 വരെ സംസ്ഥാനത്തെ കടകള്‍ക്ക് മുഴുവന്‍ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാം

    അതിനാല്‍ പനി തുടങ്ങിയ ലക്ഷണമുള്ള എല്ലാ ഗര്‍ഭിണികളേയും പരിശോധിച്ചു. 4252 ഗര്‍ഭിണികളെ സ്‌ക്രീന്‍ ചെയ്തതില്‍ 6 പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ആ കുഞ്ഞിനും സിക്ക വൈറസ് മൂലമുള്ള പ്രശ്നമുണ്ടായില്ല. അങ്ങനെ ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ മുഴുവന്‍ ഗര്‍ഭിണികളേയും നവജാത ശിശുക്കളേയും സംരക്ഷിക്കാനായി.

    കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ജൂലൈ 8ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിനോടൊപ്പം തന്നെ സിക്ക പ്രതിരോധവും ശക്തമാക്കുന്നതിനായി അടിയന്തര യോഗം വിളിച്ച് എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നാലെ രോഗം റിപ്പോര്‍ട്ട് ചെയ്തു. അതോടെ സിക്ക പ്രതിരോധത്തിന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് മന്ത്രിമാര്‍ക്കൊപ്പം യോഗം ചേര്‍ന്ന് ഏകോപിച്ച് പ്രവര്‍ത്തിച്ചു. സിക്കയോടൊപ്പം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയെ കൂടി പ്രതിരോധിക്കാന്‍ പദ്ധതികളാവിഷ്‌ക്കരിച്ചു.

    Also Read-മൂന്ന് ദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവ് ഇന്ന് ആരംഭിക്കും:10 ജില്ലകളിലായി പ്രതിദിനം 40,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും

    സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളിലും എന്‍.ഐ.വി. ആലപ്പുഴയിലും തിരുവനന്തപുരം പബ്ലിക് ലാബിലും സിക്ക വൈറസ് പരിശോധിക്കാനുള്ള അടിയന്തര സൗകര്യങ്ങളൊരുക്കി. സിക്ക വൈറസ് ബാധയുള്ള പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രതിരോധം ശക്തമാക്കിയത്. വീടുകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി.

    കേസുകള്‍ കൂടുതലുള്ള തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫീസ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഏകോപിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തി. ഇതോടൊപ്പം ലഭിച്ച ജനപങ്കാളിത്തവും സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മഴ മാറാതെ നില്‍ക്കുന്നതിനാല്‍ ഇനിയും ജാഗ്രത തുടരേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.
    Published by:Jayesh Krishnan
    First published: