തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബിസില്‍ അത്യപൂര്‍വമാണ്. അടുത്ത കാലത്ത് പേ വിഷബാധ ഉണ്ടായവരില്‍ വാക്‌സിനും സീറവും സ്വീകരിച്ചവരുമുണ്ട് എന്നതിനാലാണ് ഇത്തരം അന്വേഷണം നടത്തുന്നത്.
ഇതിനായി സംസ്ഥാനത്തുനിന്നു ശേഖരിച്ച വൈറസുകളുടെ സമ്പൂര്‍ണ ജനിതക ശ്രേണീകരണം പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read-പത്തനംതിട്ട റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റ 12 കാരി മരണത്തിന് കീഴടങ്ങി
അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നവരുടെയും ജീവൻ നഷ്ടമാകുന്നവരുടെയും എണ്ണത്തിൽ വൻവർധന. ആറു വര്‍ഷത്തിനിടെ നായകടിയേറ്റവരുടെ എണ്ണം 10 ലക്ഷത്തിലധികമാണ്. ഇതില്‍ 2 ലക്ഷത്തോളം പേര്‍ക്ക് കഴിഞ്ഞ ഏഴ് മാസത്തിനിടെയാണ് കടിയേറ്റത്. 21 പേര്‍ക്ക് ജീവൻ നഷ്ടമായി. പത്തനംതിട്ട റാന്നി സ്വദേശിനിയായ 12 കാരി അഭിരാമിയാണ് ഏറ്റവും ഒടുവിലത്തെ ഇര. പ്രതിദിനം ആയിരം പേർക്ക് കടിയേൽക്കുകയും പത്ത് ദിവസത്തിൽ ഒരാൾ നായയുടെ കടിയേറ്റ് മരിക്കുന്ന തരത്തിലേക്കുമാണ് കാര്യങ്ങൾ എത്തിനിൽക്കുന്നത്.
മരിച്ച 21 പേരിൽ 6 പേർ വാക്സിനെടുക്കാത്തവരാണെന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. വാക്‌സിനെടുത്തിട്ടും മരണം സംഭവിച്ചത് വാക്സിന്റെ ഫലപ്രാപ്തിയെ പറ്റി ആശങ്കയുണ്ടാക്കി. ഇവർക്ക് കടിയേറ്റത് നെഞ്ച്, മുഖം, കഴുത്ത്, ചെവി, കൈവെള്ള എന്നിവിടങ്ങളിൽ ആയിരുന്നു. ഈ ഭാഗങ്ങളിലെ മുറിവുകളിൽ കൂടി വിഷം അതിവേഗം തലച്ചോറിലെത്തും. വാക്‌സിനെടുത്താലും ഫലമുണ്ടാകില്ലെന്ന് വിദഗ്ധർ പറയുന്നു.
Also Read-Stray Dog | ആറ്റിങ്ങലില്‍ തെരുവുനായ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു
ഏഴ് മാസത്തിനിടെ 1,83,931 പേർക്ക് നായയുടെ കടിയേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ അനൗദ്യോഗിക കണക്കുകൾ. ജൂലൈയില്‍ മാത്രം 38,666 പേര്‍ക്കാണ് നായ കടിയേറ്റത്. തിരുവന്തപുരം, പാലക്കാട് ജില്ലകളിലാണ് ആക്രമണം കൂടുതല്‍. 2016 നെ അപേക്ഷിച്ച് 2022ല്‍ പേവിഷ പ്രതിരോധ വാക്സീന്‍ ഉപയോഗത്തില്‍ 57 ശതമാനവും പേവിഷ പ്രതിരോധ സീറം ഉപയോഗത്തില്‍ 109 ശതമാനവും വര്‍ധനയുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ പേപ്പട്ടിയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ 200 ശതമാനം വർധനയുണ്ടായി എന്നാണ് കണക്കുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.