• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്തിട്ടില്ലെന്ന് സ്പീക്കർ എം ബി രാജേഷ് 

ആരോഗ്യമന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്തിട്ടില്ലെന്ന് സ്പീക്കർ എം ബി രാജേഷ് 

പിപിഇ കിറ്റ് സംബന്ധിച്ച എപി അനിൽകുമാറിന്റെ ചോദ്യത്തിനും ഉപചോദ്യങ്ങൾക്കും ആരോഗ്യമന്ത്രി ഒരേ ഉത്തരം നൽകിയത് ആയിരുന്നു വിവാദമായത്.

  • Last Updated :
  • Share this:
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെ താക്കീത് ചെയ്തിട്ടില്ലെന്ന്  സ്പീക്കർ എം.ബി. രാജേഷ്. എ.പി അനിൽകുമാറിന്റെ പരാതിയിൽ മന്ത്രിയുടെ വിശദീകരണം തേടിയിരുന്നു. അതിന് മന്ത്രി മറുപടിയും നൽകി. ഇതിനെ ശാസനായി തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് സ്പീക്കർ റൂൾ ചെയ്തു. പിപിഇ കിറ്റ് സംബന്ധിച്ച എപി അനിൽകുമാറിന്റെ ചോദ്യത്തിനും ഉപചോദ്യങ്ങൾക്കും ആരോഗ്യമന്ത്രി ഒരേ ഉത്തരം നൽകിയത് ആയിരുന്നു വിവാദമായത്.

സ്പീക്കറുടെ റൂളിംഗിൽ നിന്ന്:

പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനത്തില്‍  2022 ഫെബ്രുവരി 22-ാം തീയതി മറുപടി പറഞ്ഞ  20-ാം നമ്പര്‍ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന്റെ വിവിധ പിരിവുകള്‍ക്ക് ബഹുമാനപ്പെട്ട ആരോഗ്യ-വനിത-ശിശുവികസന വകുപ്പുമന്ത്രി നല്‍കിയ മറുപടി ഒരേ രൂപത്തിലുള്ളതാണെന്നും ഇത് സഭാംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കാണിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ശ്രീ. എ.പി. അനില്‍കുമാര്‍ ചെയറിന് ഒരു കത്ത് നല്‍കിയിരുന്നു.

പ്രസ്തുത കത്തിലൂടെ ഉന്നയിക്കപ്പെട്ട ആക്ഷേപത്തിന്മേല്‍ ബഹുമാനപ്പെട്ട ആരോഗ്യ-വനിത-ശിശുവികസന വകുപ്പുമന്ത്രിയുടെ പ്രതികരണം ചെയര്‍ ആരാഞ്ഞിരുന്നു. അതിനുള്ള മറുപടിയായി നിയമസഭാ ചോദ്യത്തിന് ഗവണ്മെന്റില്‍ ലഭ്യമായ മറുപടിയാണ് നല്‍കിയതെന്നും  വ്യത്യസ്ത പിരിവുകളിലെ  ചോദ്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു വരുന്നതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയതെന്നും നിയമസഭാ ചോദ്യങ്ങള്‍ക്ക് മനപ്പൂര്‍വ്വം ഒഴിഞ്ഞുമാറുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു.

Also Read :- 'ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി നൽകുന്ന ശൈലി വേണ്ട'; മന്ത്രി വീണാ ജോർജിന് സ്പീക്കറുടെ താക്കീത്

ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചതില്‍ ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്കുള്ള മറുപടി സമാനമാണെങ്കില്‍ അത് പൊതുവായ ഒറ്റ മറുപടിയായി ചോദ്യങ്ങളുടെ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിന് നമ്മുടെ നിയമസഭാ സോഫ്റ്റ്‌വെയറില്‍ ചില സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതായി കാണാന്‍ കഴിഞ്ഞു. അത് പരിഹരിക്കുവാനുള്ള നടപടി സ്വീകരിക്കുന്നതാണ്. എന്നിരുന്നാലും ലഭ്യമായ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകള്‍ക്ക് ഒരേ മറുപടി നല്‍കിയ നടപടി ശരിയായ പ്രവണതയല്ലെന്നും  ഭാവിയില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട മന്ത്രിയെ അറിയിക്കാന്‍ ചെയര്‍ ഉത്തരവിറക്കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട മന്ത്രിക്ക് കത്ത് നല്‍കുകയും അക്കാര്യം പരാതി നല്‍കിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ശ്രീ. എ.പി. അനില്‍കുമാറിനേയും അറിയിക്കുകയും ചെയ്തിരുന്നു. സമാന സന്ദര്‍ഭങ്ങളില്‍ സ്പീക്കര്‍ക്കു ലഭിക്കുന്ന പരാതികളില്‍ നിയമസഭാ സെക്രട്ടേറിയറ്റ് സ്വീകരിക്കുന്ന ഒരു പൊതുനടപടിക്രമം എന്നല്ലാതെ ഇക്കാര്യത്തില്‍ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ല എന്ന കാര്യം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു. ചോദ്യങ്ങളുടെ മറുപടി നല്‍കുന്ന കാര്യത്തില്‍ ബഹുമാനപ്പെട്ട ആരോഗ്യ-വനിത-ശിശുവികസന വകുപ്പുമന്ത്രിയെ സ്പീക്കര്‍ താക്കീത് ചെയ്തു, മന്ത്രിക്ക് സ്പീക്കറുടെ ശാസന എന്ന തരത്തില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ ഇന്നലെയും ഇന്നും പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Published by:Arun krishna
First published: