തിരുവനന്തപുരം: ഫയല്‍ കൃത്യസമയത്ത് എത്തിക്കാത്തതിനെ തുടർന്ന് മൂന്നു ജിവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിൽ ഹെൽത്ത് സൂപ്പർ വൈസർ ബി ബിജുവിനോട് തട്ടിക്കയറി ഡെപ്യൂട്ടി മേയർ പി.കെ രാജു. സംഭവത്തിൽ മേയറുടെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചക്കിടെയാണ് പരസ്പരം റാസ്കൽ വിളികൾ ഡെപ്യൂട്ടി മേയറും സൂപ്പർവൈസറും നടത്തിയത്.
ഒന്നര ആഴ്ച മുൻപാണ് സംഭവങ്ങളുടെ തുടക്കം. ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിക്കാനായി കണ്ടിൻജന്റ് ജീവനക്കാരുടെ ശമ്പള ഫയൽ തയാറാക്കി ഹെൽത്ത് സൂപ്പർവൈസർ പ്യൂൺമാരെ ഏല്‍പ്പിച്ചു. എന്നാൽ അടുത്ത ദിവസം വൈകിട്ടായിട്ടും ഫയൽ എത്തിയില്ല. തുടർന്ന് അലമര പരിശോധിച്ചപ്പോൾ മാസങ്ങൾക്ക് മുൻപ് നൽകിയ ഫയലുകൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി.
തുടർന്ന് ഹെൽത്ത് സൂപ്പർവൈസറുടെയും സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ 8 ഉദ്യോഗസ്ഥർ ഫയലുകൾ ചുമന്ന് ജനറൽ, അക്കൗണ്ട്സ് വിഭാഗങ്ങളിൽ എത്തിച്ചു. ത്യവിലോപം കാട്ടിയതിനു സാനിട്ടറി വർക്കർ തസ്തികയിൽ ജോലി നോക്കുന്ന ഒരാളെ കുര്യാത്തി നഴ്സറിയിലേക്കും രണ്ടാമനം കളിപ്പാൻകുളം നഴ്സറിയിലേക്കും സ്ഥലം മാറ്റി.
സ്ഥലം മാറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ പി.കെ. രാജു ഹെൽത്ത് സൂപ്പർ വൈസറോട് ആവശ്യപ്പെട്ടു. എന്നാൽ സാധ്യമല്ലെന്ന് ഹെൽത്ത് സൂപ്പർ വൈസർ അറിയിച്ചു. പരാതിയുമായി ഡപ്യൂട്ടി മേയർ, മേയറെ സമീപിച്ചു. ഉച്ചയ്ക്ക് മേയറുടെ ഓഫിസ് മുറിയിൽ അനുരഞ്ജന ചർച്ച നടക്കുന്നതിനിടെയാണ് ഇരുവരും പരസ്പരം കൊമ്പു കോർത്തത്.
Also Read-ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ കഴുത്തിൽ കേബിൾ കുരുങ്ങി മരിച്ചു
തുടർന്ന് ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബിജുവിനെതിരേ നടപടിയെടുക്കാനുള്ള ശുപാർശ നൽകി. ഇത് സെക്രട്ടറി താത്കാലികമായി തടഞ്ഞു. കോർപറേഷനിലെ ഹരിത കർമ സേനാ രൂപീകരണ മികവിനു തദ്ദേശ വകുപ്പിന്റെ അവാർഡ് ഏറ്റുവാങ്ങിയതിന്റെ പിറ്റേന്നാണ് ബിജുവിന് എതിരെ നടപടി ആവശ്യപ്പെട്ടത്. അവാർഡ് ദാന ചടങ്ങിൽ ഡപ്യൂട്ടി മേയറും ബിജുവും ഒരുമിച്ചാണ് പങ്കെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.