പൗരത്വഭേദഗതി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ , വിവരശേഖരണത്തിനായി വീടുകളിലെത്തുന്നവരെ ജനങ്ങൾ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ജനങ്ങളിൽ ആശങ്ക ഏറിയതോടെ സർക്കാരിന്റെ സമ്പുഷ്ട കേരളം പദ്ധതി പ്രതിസന്ധിയിലായിരിക്കുകയാണ്.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് സർക്കാർ ഈ പദ്ധതി കൊണ്ടുവന്നത്. ഇതിനായി ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ വിവരങ്ങൾ ശേഖരിക്കണം. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവരശേഖരണത്തിനായി എത്തുന്ന അംഗൻവാടി ജീവനക്കാരോട് വിവരങ്ങൾ പങ്കുവയ്ക്കാൻ ജനങ്ങൾ തയ്യാറാവുന്നില്ല.
ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. വനിതാ ശിശു വികസന വകുപ്പ് ആണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പുതിയ വിവാദങ്ങളും ആരോഗ്യവകുപ്പിന്റെ വിവരശേഖരണവും ആയി ബന്ധമില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ വിശദീകരണം.
സര്‍വേയുമായി ബന്ധപെട്ട് ചില കോണുകളില്‍ നിന്നും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തുന്ന ഭവന സന്ദര്‍ശനം പൗരത്വ രജിസ്റ്ററുമായി യാതൊരുവിധ ബന്ധവുമില്ല. നാളിതുവരെ അങ്കണവാടി വര്‍ക്കര്‍മാര്‍ നടത്തിയിരുന്ന ഭവന സന്ദര്‍ശനവും വിവര ശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി അതിന്റെ പ്രയോജനം വേഗത്തില്‍ ജനങ്ങളിലെത്തിക്കാനാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ അങ്കണവാടി കുടുംബ സര്‍വേ നടത്തുന്നത്.
ആശയകുഴപ്പമുണ്ടാക്കിയത് 'സ്മാർട്ട്ഫോൺ ' വിവരശേഖരണംകേരളത്തിലെ നിലവിലുള്ള 33,115 അങ്കണവാടി കേന്ദ്രങ്ങളിലൂടെയാണ് സമ്പുഷ്ട കേരളം പ്രവര്‍ത്തിക്കുന്നത്. ഓരോ അങ്കണവാടികളിലും 11 രജിസ്റ്ററിലൂടെയാണ് നേരത്തെ വിവരശേഖരം നടത്തിയിരുന്നത്. ലക്ഷക്കണക്കിന് കുട്ടികളുടെ വിവരങ്ങള്‍ ഒരുതരത്തിലും ഏകോപിക്കാന്‍ കഴിയുമായിരുന്നില്ല. ഇതിന് പരിഹാരമായിട്ടാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉള്ള വിവരശേഖരണം നടത്തുന്നത്.
അങ്കണവാടി ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തി സ്മാര്‍ട്ട് ഫോണിലെ പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം നടത്തുന്നത്. ഇതിലൂടെ യഥാസമയം കുട്ടികളിലെ വളര്‍ച്ച മുരടിപ്പും തൂക്കക്കുറവും പോഷകാഹാരക്കുറവും മനസ്സിലാക്കാനും ഇത്തരം കുട്ടികള്‍ക്ക് അടിയന്തര ശ്രദ്ധയും പരിചരണവും നല്‍കുവാനും സാധിക്കുന്നു. പക്ഷേ പുതിയ വിവര ശേഖരണ രീതി ജനങ്ങളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കി എന്നാണ് സർക്കാർ സംശയിക്കുന്നത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.