കൊച്ചി: പ്രസംഗത്തിലെ ക്രിസംഘി പരാമർശത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ ഫാദർ ജെയിംസ് പനവേലിന്റെ മറ്റൊരു വീഡിയോ കൂടി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ദൈവം എല്ലാവരെയും ഉൾക്കൊള്ളുന്നു എന്തുകൊണ്ട് ദൈവത്തിന്റെ ശിഷ്യരായ നമുക്ക് അതിനു കഴിയുന്നില്ല. സുവിശേഷമെന്ന വ്യാജേന ഹൃദയങ്ങളിൽ വെറുപ്പിന്റെ വിത്തുകൾ വിതയ്ക്കപ്പെടുന്നുവെന്ന് ഫാ. ജെയിംസ് പനവേലിൽ പറയുന്നു.
പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം ഏറെ വിവാദമായിരുന്നു. അതിനു പിന്നാലെയാണ് ഫാദർ . ജെയിംസ് പനവേലിലിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. പ്രസംഗത്തെ പിന്തുണച്ചും എതിർത്തും നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്.
കൃഷിയിടത്തിലെ കളകളെയും വിളകളെയും പരാമർശിച്ചു കൊണ്ടാണ് ഫാദർ ജെയിംസിന്റെ പ്രസംഗം. കള ഏതാണ് വിള ഏതാണ് എന്ന് തിരിച്ചറിയേണ്ടത് അതിന്റെ ഫലം കൊണ്ടാണ്. ആദി മാതാപിതാക്കളുടെ ഹൃദയങ്ങളിൽ കള വിതച്ചിരുന്നു. ക്രിസ്തുവിന്റെ ചിന്തകളോട് ചേർന്ന് പോകേണ്ട, സുവിശേഷത്തിന്റെ ചിന്തകളുമായി ഒന്നിച്ചു പോകേണ്ട, നമ്മുടെ തലച്ചോറിൽ നമ്മുടെ ഹൃദയങ്ങളിൽ നമ്മൾ പോലുമറിയാതെ ഇന്ന് കളയുടെ അശാന്തിയുടെ വിത്തുകൾ വിതയ്ക്കപ്പെടുന്നു.
എനിക്ക് ചുറ്റും നിൽക്കുന്ന എനിക്കെതിരെ അഭിപ്രായം പറയുന്ന ഒത്തുചേരാൻ പോകാൻ പറ്റാത്തവരെ ഇല്ലായ്മ ചെയ്യണം എന്ന ചിന്ത ഉണ്ടെങ്കിൽ അത് ക്രിസ്തുവിന്റെ സുവിശേഷം അല്ല. നിറത്തിന്റെ മതത്തിന്റെ ജാതിയുടെ വർഗ്ഗത്തിന്റെ ഒക്കെ പേരിൽ മുദ്രകുത്തുന്നുവെങ്കിൽ അത് ക്രിസ്തുവിന്റെ സുവിശേഷം അല്ല.
Also Read-
'സന്തോഷത്തോടെ സമാധാനത്തോടെ സ്ഥിരബുദ്ധിയോടെ മലയാളികളായി നമുക്കും നമ്മുടെ മക്കൾക്കും ഇവിടെ ജീവിക്കണം'
കളയെന്ന പേരിൽ കയറുന്നത് തീവ്രവാദപരമായ നിലപാടാണ്. ക്രിസ്തുവിന്റെ സ്നേഹമാണെന്നും ക്രിസ്തുവിന്റെ സഭയെ സംരക്ഷിക്കുകയാണെന്നും ക്രിസ്തുവിന്റെ മക്കളെ കാക്കലാണെന്ന് പറയുമ്പോൾ ശരിയല്ലെന്ന് ചിന്തിക്കുന്ന സാമാന്യബോധമുള്ളവരായി നമ്മൾ മാറും. വിളകൾക്കുള്ളിൽ കയറുന്ന കളകളെയും അതിന്റെ കളികളെയും നമ്മൾ തിരിച്ചറിയണം. ഇപ്പോൾ കള വിതയ്ക്കുന്ന പ്രധാന ഇടമായി സൈബർസ്പേസുകൾ മാറുകയാണ്. കമന്റുകളായും പോസ്റ്റുകളായും ഇവ വരുന്നു. ഇത്തരം സന്ദേശങ്ങളും ആശയങ്ങളും കളകൾ തന്നെ. മുഖമില്ലാത്ത ഇവർ ഇരുട്ടിന്റെ മറവിലാണ് ഇരിക്കുന്നതെന്നും ഫാ. ജെയിംസ് പറയുന്നു.
ഒരു മതം മാത്രമാണ് ലോകത്തിൽ ഉള്ളതെങ്കിൽ ഒരേ ചിന്താഗതി മാത്രം ഉള്ളവരാണ് ലോകത്തിൽ ജീവിക്കുന്നതിൽ ലോകമെത്ര സൂപ്പർ ആണെന്ന് ചിന്തിക്കുന്നതാണ് നമ്മുടെ ലോജിക്. എന്നാൽ ദൈവത്തിന്റെ ലോജിക് വ്യത്യസ്തമാകുന്നു. എല്ലാവരും വളരട്ടെ, വ്യത്യസ്തമായ മതങ്ങൾ വരട്ടെ, വ്യത്യസ്തമായ ചിന്തകൾ വളരട്ടെ, ഇതാണ് ദൈവത്തിന്റെ വലിയ മനസ്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള ഒരു വലിയ മനസ്സുള്ള ദൈവം ഉണ്ടാകുമ്പോൾ ദൈവത്തിന്റെ ശിഷ്യർ എന്ന് അവകാശപ്പെടുന്ന നമ്മൾക്ക് എന്തുകൊണ്ടാണ് ചെറിയൊരു വിഭാഗത്തെ അവരുടെ ചിന്തകളെ ഉൾക്കൊള്ളാൻ പറ്റാത്തത്. വിളയോടുള്ള സ്നേഹത്തേക്കാൾ കളയോടുള്ള അസഹിഷ്ണുതയാണ് മുഴങ്ങി കേൾക്കുന്നത്. കള വളരെ വിദഗ്ധമായി തലച്ചോറിൽ വിതയ്ക്കപ്പെടുന്നുവെന്നും ഫാദർ . ജെയിംസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.