തിരുവനന്തപുരം: സ്പീക്കർ വിളിച്ചുചേർത്ത കക്ഷി നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക് പോര്. എല്ലാക്കാര്യത്തിലും റൂൾ 50 അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ റൂൾ 50 അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു. തർക്കം മുറുകിയതോടെ കക്ഷിനേതാക്കളുടെ യോഗം ധാരണയാകാതെ പിരിഞ്ഞു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ നടപടി വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. എന്നാൽ സമാന്തര സഭയിൽ നടപടി വേണമെന്ന ആവശ്യം ഉയർത്തി ഭരണപക്ഷം. ഇതിനുശേഷം സഭ ചേർന്നെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷനേതാവ് എന്തിന് വൈകാരികമായും പ്രകോപനപരമായും സംസാരിക്കുന്നു എന്ന് യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുചോദ്യം. മാത്യു കുഴൽനാടൻ സംസാരിക്കുമ്പോൾ മൂന്നുവട്ടം ഇടപെടേണ്ട കാര്യം മുഖ്യമന്ത്രിക്ക് ഉണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.
എന്നോട് ചോദിക്കുന്നത് കൊണ്ടാണ് കുഴൽനാടനോട് മറുപടി പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രിയോട് എംഎൽഎമാർ ചോദ്യം ചോദിക്കില്ലെയെന്നായി പ്രതിപക്ഷ നേതാവ്. നിങ്ങൾ പറഞ്ഞു പറയിപ്പിക്കുന്നത് അല്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം വന്നു. താൻ പറയാതെ ഒന്നും പ്രതിപക്ഷ എംഎൽഎമാർ പറയില്ല, താൻ പറഞ്ഞിട്ട് തന്നെയാണ് പറയുന്നതെന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.
സഭയ്ക്ക് പുറത്തുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്ന് സ്പീക്കർ പറഞ്ഞു. സഭ നടത്തിക്കൊണ്ടുപാകൻ സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർഥിച്ചു. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചത് കേരള ചരിത്രത്തിൽ ഉണ്ടാകാത്ത കാര്യമാണെന്നും എ എൻ ഷംസീർ പറഞ്ഞു.
എന്നാൽ സ്പീക്കറുടെ ഓഫീസ് ഉപരോധിച്ചിട്ടില്ലെന്നും വാച്ച് & വാർഡ് പ്രകോപനമില്ലാതെ ഇല്ലാതെ ഉപദ്രവിക്കുകയും പ്രതിപക്ഷ എം എൽ എ മാരെ ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. റൂൾ 50 ൽ തീരുമാനം എടുക്കണം. ഡെപ്യൂട്ടി ചീഫ് മാർഷലിനും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണം. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കണംയ എങ്കിൽ പൂർണമായി സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചെയറിന്റെ മുഖം മറച്ച് ബാനർ ഉയർത്തുകയും സഭയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തു നൽകുകയും സഭ നടപടികൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് പുറത്തു കൊടുക്കുകയും ചെയ്തത് ശരിയാണോ എന്ന് സ്പീക്കർ ചോദിച്ചു. സമാന്തര സഭ നടത്തിയത് തെറ്റ്. പ്രതിഷേധം, ആകാം അതിൻറെ രീതി ശരിയായില്ല . പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ അഭ്യർഥിച്ചു.
എന്നാൽ പ്രതിപക്ഷ നേതാക്കൾ സംസാരിക്കുമ്പോൾ സഭാ ടിവി മന്ത്രിമാരെ കാണിക്കുന്നുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. സഭാ ടി വി പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ മറച്ചുവയ്ക്കുന്നു. സഭാ ടി വി ഏകപക്ഷീയമായി ഭരണപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇതിന് പിന്നാലെ സഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. സ്പീക്കർ നീതി പാലിക്കണമെന്ന് മുദ്രാവാക്യം വിളിച്ചു. പ്ലക്കാർഡുമായി ഡയസിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം ഉണ്ടായി. അതിനിടെ ചോദ്യോത്തരവേള തുടരാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ ചോദ്യോത്തരവേള സസ്പെൻഡ് ചെയ്തു സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.