പ്രിൻസ് ജെയിംസ്
ഇടുക്കി: വേനല്‍ മഴയ്ക്കൊപ്പം വന്‍തോതില്‍ ആലിപ്പഴം പെയ്തിറങ്ങി. ഇടുക്കി ഹൈറേഞ്ചിന്റെ വിവിധ മേഖലകളിലാണ് വൻതോതിൽ ആലിപ്പഴം പെയ്തിറങ്ങിയത്. ആലിപ്പഴം മണിക്കൂറുകളോളം അലിയാതെ കിടന്നു. വലിയ ആലിപ്പഴങ്ങള്‍ ശക്തമായി പതിച്ച്, ഏല ചെടികള്‍ക്ക് നാശ നഷ്ടം ഉണ്ടായി. വേനല്‍ മഴയില്‍ നെടുങ്കണ്ടം പാലാറില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു.
വേനല്‍ മഴയ്ക്കൊപ്പം അതിശക്തമായ ആലിപ്പഴം വീഴ്ചയാണ് ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ ഉണ്ടായത്. തമിഴ്നാട് അതിര്‍ത്തി മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പുഷ്പകണ്ടം, കരുണാപുരം, അണക്കരമെട്ട്, കോമ്പയാര്‍ പ്രദേശങ്ങളില്‍, ശക്തമായ ആലിപ്പഴം വീഴ്ചയുണ്ടായി. ആനയിറങ്കല്‍ മേഖലയിലും ആലിപ്പഴം വീണു.
സാധരണയില്‍ അധികം വലിപ്പമുള്ള ആലിപ്പഴങ്ങളാണ് പെയ്തിറങ്ങിയത്. മഴ തോര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവ പൂര്‍ണ്ണമായും അലിഞ്ഞില്ല. ഏലചെടികളുടെ ചുവടുകളില്‍ ഇവ അടിഞ്ഞ് കൂടി മണിക്കൂറുകള്‍ കിടന്നതും ഇലകള്‍ നശിച്ചതും മൂലം ചെടികള്‍ നശിയ്ക്കാന്‍ സാധ്യത ഏറെയാണെന്ന് കർഷകർ പറഞ്ഞു.
നെടുങ്കണ്ടം പാലാര്‍ സ്വദേശി അനീഷിന്റെ വീട് ഭാഗീകമായി തകര്‍ന്നു. മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ മേല്‍ക്കൂര നശിച്ചു. വീടിന്റെ ഒരു ഭാഗത്തെ ഭിത്തിയും തകര്‍ന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.