നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അറബിക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

  അറബിക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

  കേരളത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും പ്രതീക്ഷിക്കാം

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: അറബിക്കടലിൽ ലക്ഷദ്വീപിനു സമീപം സ്ഥിതിചെയ്യുന്ന ന്യൂനമർദം വീണ്ടും ശക്തിപ്പെട്ട് തീവ്രന്യൂനമർദമാകും. നിലവിലെ അന്തരീക്ഷസ്ഥിതി അവലോകന പ്രകാരം ഇത് ചുഴലിക്കാറ്റാകാൻ സാധ്യതയില്ല. ഇന്ത്യൻ തീരത്ത് നിന്ന് വളരെ അകലെയാണ് സഞ്ചാരപാതയെന്നതിനാൽ കഴിഞ്ഞ ദിവസത്തെ അവലോകന റിപ്പോർട്ടിൽ പ്രതിപാദിച്ചതുപോലെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കില്ല. മധ്യകിഴക്കൻ അറബിക്കടൽ വഴിയാണ് ഈ ന്യൂനമർദം സഞ്ചരിക്കുക. കര കയറാതെ കടലിൽ തന്നെ ദുർബലമാകാനാണ് സാധ്യത.

  ദക്ഷിണേന്ത്യയിൽ ഒറ്റപ്പെട്ട മഴ

  ന്യൂനമർദത്തിന്റെ സ്വാധീനം മൂലം ദക്ഷിണേന്ത്യയിൽ ഒറ്റപ്പെട്ട മഴക്ക് കാരണമാകും. കേരളത്തിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും പ്രതീക്ഷിക്കാം. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രാദേശികാടിസ്ഥാനത്തിൽ നിലനിൽക്കുന്നു.

  കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ ഇന്നലെ കനത്ത മഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. വനത്തിൽ ഉരുൾപൊട്ടിയതായാണ് സംശയം. ഈയിടെ ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ ഇളംകാട് ഭാഗത്താണ് ഉരുൾപൊട്ടിയതെന്നാണ് റിപ്പോർട്ടുകൾ. മൂപ്പൻമല, മ്ലാക്കര മേഖലകളിൽ മലവെള്ളപ്പാച്ചിലുണ്ടായി. മണിമലയാറ്റിലേക്ക് പ്രവേശിക്കുന്ന പുല്ലകയാിൽ ജലനിരപ്പ് ഉയർന്നു. ഇത്തരം മഴ അടുത്ത ദിവസങ്ങളിലും കേരളത്തിൽ വിവിധ കിഴക്കൻ മലയോരങ്ങളിൽ പ്രതീക്ഷിക്കാമെന്ന് ഞങ്ങളുടെ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. മലയോര മേഖലയിലുള്ളവർ വൈകിട്ടും രാത്രിയും ശക്തമായ മഴയുണ്ടെങ്കിൽ ജാഗ്രത പാലിക്കണം.

  സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കുണ്ടള, ഇരട്ടയാർ, ലോവർ പെരിയാർ (ഇടുക്കി), പെരിങ്ങൽകുത്ത് (തൃശൂർ), മൂഴിയാർ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലർട്ട്. ഇടുക്കി, മാട്ടുപ്പെട്ടി, ആനയിറങ്ങൽ (ഇടുക്കി), കക്കി ആനത്തോട് (പത്തനംതിട്ട), ഷോളയാർ (തൃശൂർ) ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി കല്ലാർകുട്ടി ഡാമിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  കേരള തീരത്ത് മത്സ്യബന്ധന വിലക്ക്

  കേരള-ലക്ഷദ്വീപ് തീരത്ത് ഇന്നും നാളെയും, കർണാടക തീരത്ത് ഇന്ന് മുതൽ ഞായറാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്.

  തുലാവർഷം അവസാനിക്കുന്നത് വരെ കേരളത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ഒറ്റപ്പെട്ടതാണെങ്കിലും കനത്ത മഴയ്ക്ക് സാധ്യതയേറെയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഒറ്റപ്പെട്ടതാണെങ്കിലും കനത്ത മഴയിൽ ജാഗ്രത അനിവാര്യമാണ്.

  തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും സമീപത്തുള്ള സുമാത്ര തീരത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. നവംബർ ഒമ്പതിന് ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് കൂടുതൽ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
  Published by:user_57
  First published:
  )}