• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയഭീതിയിൽ കേരളം; കരയിലെ സഹോദരങ്ങൾക്ക് രക്ഷകരായെത്തി കടലിന്റെ മക്കൾ

പ്രളയഭീതിയിൽ കേരളം; കരയിലെ സഹോദരങ്ങൾക്ക് രക്ഷകരായെത്തി കടലിന്റെ മക്കൾ

പ്രളയ സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ, കൊല്ലം തീരദേശത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് സജ്ജമായത്.

കര വീണ്ടും കണ്ണീരിലാകുമ്പോൾ കരയിലെ സഹോദരങ്ങൾക്ക് തുണയും രക്ഷയുമാകാൻ കടലിൻ്റെ മക്കൾ പുറപ്പെടുന്ന കാഴ്ച

കര വീണ്ടും കണ്ണീരിലാകുമ്പോൾ കരയിലെ സഹോദരങ്ങൾക്ക് തുണയും രക്ഷയുമാകാൻ കടലിൻ്റെ മക്കൾ പുറപ്പെടുന്ന കാഴ്ച

  • Last Updated :
  • Share this:
കര വീണ്ടും കണ്ണീരിലാകുമ്പോൾ കരയിലെ സഹോദരങ്ങൾക്ക് തുണയും രക്ഷയുമേകാനെത്തി കടലിന്റെ മക്കൾ. അപ്രതീക്ഷിതമായി പെയ്ത പേമാരിയിൽ കേരളത്തിൽ വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലെ രക്ഷാദൗത്യത്തിന് കേരളത്തിന്റെ സൈന്യം ഒരിക്കൽക്കൂടി രംഗത്ത്. പ്രളയ സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ, കൊല്ലം തീരദേശത്തെ പരമ്പരാഗത മത്സ്യ തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് സജ്ജമായത്.

ഏഴു വള്ളങ്ങളുമായി ആദ്യസംഘം പത്തനംതിട്ടയിലേക്കാണ് പോയത്. ജില്ലയിലെ വാടി, മൂദാക്കര, പോർട്ട് കൊല്ലം ഹാർബറുകളിലെ വള്ളങ്ങൾ രാത്രി 12 മണിയോടെയാണ് ലോറികളിൽ കയറ്റി രക്ഷാപ്രവർത്തനത്തിനായി കുതിച്ചത്.പത്തനംതിട്ട ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരം ദുരന്തത്തെ നേരിടാൻ ഏഴ് വള്ളങ്ങളാണ് ആറന്മുള, പന്തളം, റാന്നി എന്നീ സ്ഥലങ്ങളിലേക്കായി രക്ഷാദൗത്യത്തിനു പോയത്. പത്തനംതിട്ടയിലെ തീവ്ര വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തിന്റെ സൈന്യം വീണ്ടും ജീവന്മരണ പോരാട്ടത്തിന് തയ്യാറായത്. രാത്രി വൈകിയാണ് പത്തനംതിട്ടയിലേക്ക് പുറപ്പെടണമെന്ന അഭ്യർത്ഥന മത്സ്യത്തൊഴിലാളികൾക്കു മുന്നിലെത്തുന്നത്. അഭ്യർത്ഥന ലഭിച്ചയുടനെ ഒരു നിമിഷം പോലും പാഴാക്കാതെ അവർ ദൗത്യത്തിന് തയ്യാറായി. ഓഖിയും ലോക്ക്ഡൗണുമെല്ലാം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് ഇതുവരെയും മത്സ്യത്തൊഴിലാളികൾ കരകയറിയിട്ടില്ല. എങ്കിലും നാടിന് ആപത്ത് വന്നപ്പോൾ തങ്ങളുടെ ദുരിതങ്ങൾ മറന്ന് സഹോദരങ്ങളുടെ ജീവൻ രക്ഷിക്കാൻ അവർ കുതിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളിൽ കൊല്ലത്തെ മത്സ്യതൊഴിലാളികൾ നിരവധി പേരുടെ ജീവൻ രക്ഷിച്ചിരുന്നു. ആ വിജയകരമായ ദൗത്യത്തിന് പിന്നാലെയാണ് മത്സ്യതൊഴിലാളികൾക്ക് കേരളത്തിന്റെ സൈന്യമെന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

Also read- Kerala Rains | കൂട്ടിക്കലിൽ മൂന്നു മരണം സ്ഥിരീകരിച്ചു; കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്ത മഴയ്ക്ക് സാധ്യത

കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈർ, കൊല്ലം എ സി പി വിജയകുമാർ,കൊല്ലം തഹസിൽദാർ ശശിധരൻ, മത്സ്യത്തൊഴിലാളി നേതാവ് ബെയിസിലാൽ തുടങ്ങിയവർ സംഘത്തെ യാത്രയാക്കാൻ എത്തിയിരുന്നു.

Kerala Rains | പെരുമഴയിൽ വിറങ്ങലിച്ച് കേരളം; ഇന്നലെ പെയ്ത മഴയുടെ കണക്ക്

കേരളത്തിൽ പലയിടങ്ങളിലായി കഴിഞ്ഞ 22 മണിക്കൂറിൽ കനത്ത മഴ രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 297.5 mm മഴയാണ് ഇവിടെ പെയ്തത്. കേരളത്തിൽ പലയിടങ്ങളിലായി പെയ്ത മഴയുടെ തോത് ചുവടെ:

പീരുമേട്: 297.5 mm
കീരംപാറ: 223 mm
തൊടുപുഴ: 203 mm
പൂഞ്ഞാർ: 164.5 mm
ചെറുതോണി: 161.5 mm
ചാലക്കുടി: 151.5 mm
സീതത്തോട്: 143 mm
പന്നിയൂർ: 140.5mm
മുവാറ്റുപുഴ: 132 mm
നീലേശ്വരം: (EKM) 131 mm
തെന്മല: 103 mm
കക്കയം: 100 mm
വൈന്തല: 97 mm
കോന്നി: 97 mm
വാഴക്കുന്നം: 90 mm
പട്ടാമ്പി KVK: 78 mm
പെരിങ്ങൽക്കുത്ത്: 76.5 mm
വെള്ളരിക്കുണ്ട്: 72.5 mm
ചെറുതാഴം: 70 mm
കൊട്ടാരക്കര: 70 mm
മൂന്നാർ: 69 mm
നോർത്ത് പറവൂർ: 61.5 mm
അഞ്ചൽ: 56.5 mm
പിലിക്കോട്: 55 mm
പള്ളുരുത്തി: 54 mm
ആലപ്പുഴ: 52.5 mm
മട്ടന്നൂർ: 51.5 mm
കുമരകം AFMU: 48.5 mm
കായംകുളം: 39.5 mm
വെസ്റ്റ് കല്ലട: 34.5 mm

Also read- Kerala Rains | ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം കൂടി

കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ഇന്ന് രാത്രി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത. മലയോര പാതകളിലെ രാത്രി ഗതാഗതം പൂർണമായും നിരോധിക്കേണ്ട സ്ഥിതിയാണുള്ളത് എന്ന് ഔദ്യോഗിക അറിയിപ്പുണ്ട്.

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ പുതുക്കുന്നതനുസരിച്ച് ഏറ്റവും പുതിയ അറിയിപ്പുകൾ ഉണ്ടാവുമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Published by:Naveen
First published: