നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും; ജാഗ്രതാ നിര്‍ദേശം

  Kerala Rains | കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും; ജാഗ്രതാ നിര്‍ദേശം

  പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്

  • Share this:
   പത്തനംതിട്ട : കക്കി ഡാം ഇന്ന് രാവിലെ (18/10/2021) 11 മണിക്ക് തുറക്കും. അതിനാല്‍ എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ താഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഡാം തുറക്കുന്നതിനെ തടര്‍ന്ന് കുട്ടനാട്,ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ ജലനിരപ്പ് ഗണ്യമായി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്.

   ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍ റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, ജലസേചനം, ആര്‍.ടി.ഒ, ഫിഷറീസ്, ജലഗതാഗതം എന്നീ വകുപ്പുകളും KSEB, വാട്ടര്‍ അതോറിറ്റി, KSRTC എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

   കക്കി ഡാം തിങ്കളാഴ്ച തുറക്കാന്‍ സാധ്യതയുണ്ടെന്നും രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഡാം തുറക്കുകയെന്നും മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നദീതീരങ്ങളില്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നും ആളുകള്‍ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയരുന്നു. പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 1165 പേരാണ് നിലവില്‍ 54 ക്യാമ്പുകളിലായി കഴിയുന്നത്.

   അതേ സമയം കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍(kerala) ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക്(rain)സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി(pinarayi vijayan) വിജയന്‍. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20 നു 10 ജില്ലകളിലും ഒക്ടോബര്‍ 21 നു 6 ജില്ലകളിലും മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴ അവസാനിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്. അദ്ദേഹം പറഞ്ഞു.

   Also Read - മഴക്കെടുതി:ആവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍

   ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കും. ലക്ഷദീപിനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും നാളെ (തിങ്കള്‍) വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തൃശൂര്‍, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.
   ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍ , പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

   Also Read -  മഴക്കെടുതി: 6 ദിവസത്തില്‍ 35 പേര്‍ മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍

   ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഇവര്‍ ഇന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്യും. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ ഫോഴ്‌സിന്റെ രണ്ടു ചോപ്പറുകള്‍ തിരുവനന്തപുരം, കൊച്ചിയിലെ ഐ എന്‍ എസ് ഗരുഡ എന്നിവിടങ്ങളില്‍ സജ്ജമായി നില്‍പ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകും. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

   എന്‍ജിനിയര്‍ ടാസ്‌ക് ഫോഴ്‌സ് 3 മണിയോട് കൂടി കൂട്ടിക്കല്‍ എത്തിച്ചേര്‍ന്നു. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്ക് സമീപം കുടുങ്ങികിടന്നവരെ പോലീസും ഫയര്‍ ഫോഴ്‌സും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പത്തനംതിട്ടയിലെ കക്കി അണക്കെട്ട് അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. എന്‍ ഡി ആര്‍ എഫ് ടീമിനെ ആവശ്യം വരികയാണെങ്കില്‍ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

   കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 13 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 9 മൃതദേഹങ്ങള്‍ കണ്ടെത്തി എന്നും 2 പേരെ കാണാതായി എന്നും ജില്ലാഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നാളെയും തുടരും.

   ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
   കേരള-കര്‍ണാടക-ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യബന്ധനം നാളെ വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാവാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബര്‍ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് അദ്ദേഹം പറഞ്ഞു.
   Published by:Karthika M
   First published:
   )}