തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്തമഴയും ഉരുൾപൊട്ടലും. അച്ചൻകോവിലിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ മഴവെളളപ്പാച്ചിലാണ് അപകടം. തമിഴ്നാട് മധുര സ്വദേശിയായ കുമരനാണ് മരിച്ചത്.
കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായി. മീനച്ചിൽ മൂന്നിലവിലാണ് ഉരുൾപൊട്ടിയത്. മൂന്നിലവ് ടൗണിൽ വെള്ളം കയറി. ആളപായമില്ല. തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടായി. കല്ലാർ ഭാഗത്തുനിന്നും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ ഉള്ള ചപ്പാത്തിലാണ് വെള്ളം കയറിയത്. ഇതേ തുടർന്ന് വാഹനങ്ങൾ മറുകരയിൽ അകപ്പെട്ടു.
മലയോരമേഖലകളില്‍ പെയ്യുന്ന കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറഞ്ഞു തുടങ്ങി. വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. തിരുവനന്തപുരം നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 2.5 സെന്റിമീറ്റര്‍ ഉയര്‍ത്തി. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ രാവിലെ 11ന് ഉയര്‍ത്തുമെന്ന് അറിയിച്ചു.
Also Read-
അച്ചൻകോവിൽ കുംഭാവുരുട്ടിൽ മഴവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് തമിഴ്നാട് സ്വദേശി മരിച്ചുപത്തനംതിട്ട ജില്ലയുടെ കിഴക്കൻ വന മേഖലകളിൽ കനത്ത മഴ തുടരുകയാണ്. റാന്നി, സീതത്തോട്, ഗവി, ചിറ്റാർ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞു. ഇവിടെ കാർ ഒഴുക്കിൽപ്പെട്ടു. നാട്ടുകാർ കാർ വടം കൊണ്ട് കെട്ടി നിർത്തുകയായിരുന്നു. ഡ്രൈവർ രക്ഷപ്പെട്ടു.
Also Read-
കനത്തമഴയില്‍ അണക്കെട്ടുകള്‍ നിറയുന്നു; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; മക്കിയാര്‍ കരകവിഞ്ഞ് ഒഴുകുന്നുകോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. വൈകിട്ട് 7 മുതൽ രാവിലെ 7 വരെയാണ് നിരോധനം. മൂലമറ്റം വലകെട്ടിയിൽ ഉരുൾപൊട്ടലുണ്ടായി. വൈകിട്ട് ആറരയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായമില്ല. മൂലമറ്റം മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് ഒരു മണിക്കൂറോളം ആയി ശക്തമായ മഴ പെയ്യുകയാണ്.
![]()
തിരുവനന്തപുരം ജില്ലയിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിന് സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രി യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കളക്ടർ അറിയിച്ചു.
കനത്ത മഴയും മലവെള്ളപ്പാച്ചിലും കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ അച്ചൻകോവിൽ ഡിവിഷനിലെ കുംഭാവുരുട്ടിയിലും പാലരുവി, കല്ലാർ,അടവി, മങ്കയം, പൊൻമുടി, നെയ്യാർ തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വനം - വന്യ ജീവി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.