HOME » NEWS » Kerala » HEAVY RAINS IN HILLY AREAS 1 OF KOTTAYAM JK TV

കോട്ടയത്ത് മലയോര മേഖലയിൽ കനത്തമഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കിഴക്കൻ മേഖലയിൽ ചിലയിടങ്ങളിൽ ഉരുൾ പൊട്ടിയോ എന്ന സംശയവും നാട്ടുകാർ മുന്നോട്ടുവെക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: June 23, 2021, 10:58 PM IST
കോട്ടയത്ത് മലയോര മേഖലയിൽ കനത്തമഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
(പ്രതീകാത്മക ചിത്രം)
  • Share this:
കോട്ടയം:  ജില്ലയുടെ കിഴക്കൻ മേഖലയിലാണ് വൈകുന്നേരം മുതൽ കനത്ത മഴ പെയ്തത്. രാത്രി വരെയും തോരാതെ പെയ്തതോടെ പലയിടങ്ങളിലും ജലനിരപ്പ് വലിയ തോതിൽ ഉയർന്നു. തലനാട് തീക്കോയി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ആണ് വെള്ളം കയറാൻ തുടങ്ങിയത്. രാത്രി അപകടസാധ്യത മുന്നിൽകണ്ട് ഇവിടെ നിന്നുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ  നടപടി തുടങ്ങിയിട്ടുണ്ട്. കിഴക്കൻ മേഖലയിൽ ചിലയിടങ്ങളിൽ ഉരുൾ പൊട്ടിയോ എന്ന സംശയവും നാട്ടുകാർ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഉരുൾ പൊട്ടി എന്ന് സ്ഥിരീകരണം ജില്ലാ ഭരണകൂടത്തിന് ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

തലനാട് ചാമപ്പാറ പള്ളിയുടെ പരിസരങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. വാഗമൺ വഴിക്കടവ് മേഖലകളിൽ വൈകുന്നേരം മുതൽ ശക്തമായ മഴയാണ് പെയ്തു വരുന്നത് എന്ന് നാട്ടുകാർ പറയുന്നു. ഇവിടെ തന്നെയുള്ള മേസ്തിരി പടിയിലും ഏതാനും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായതായി സംശയിക്കുന്നതായി പൂഞ്ഞാറിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് വ്യക്തമാക്കി.  ഉരുൾപൊട്ടലിനെ സമാനമായ രീതിയിൽ ആണ് വെള്ളം കലങ്ങി എത്തുന്നത്.

Also Read-കോട്ടയത്ത് വാഴപ്പള്ളിയിൽ കടുത്ത നിയന്ത്രണം; ജില്ലയിൽ ഇളവുകൾ എവിടെയൊക്കെ? അറിയാം

എന്നാൽ നിലവിൽ ആർക്കും അപകടങ്ങൾ സംഭവിച്ചിട്ടില്ല എന്നും ഷോൺ  ജോർജ് വ്യക്തമാക്കി.  ഉരുൾപൊട്ടി എന്ന കാര്യം  ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നും ഷോൺ ജോർജ് പറയുന്നു. അതേസമയം മീനച്ചിലാറ്റിൽ വലിയ രീതിയിൽ ജലനിരപ്പ് ഇല്ലാത്തത് താഴെ മേഖലകളിൽ ഉള്ളവർക്ക് ആശ്വാസമാണ്. ഈരാറ്റുപേട്ട യ്ക്ക് താഴെയുള്ള പ്രദേശങ്ങളിൽ വലിയ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ല എന്നാണ് വിലയിരുത്തൽ.

അടുക്കം,മേലടുക്കം തുടങ്ങിയ മേഖലകളിൽ നിന്നാണ് വെള്ളം വലിയ രീതിയിൽ ഒഴുകിയെത്തുന്നത്. ഈ മേഖലകളിൽ പതിവായി വെള്ളപ്പൊക്ക സമയത്ത് ഉരുൾ പൊട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. നേരത്തെ പലതവണയായി നിരവധി പേർക്ക് ജീവഹാനി സംഭവിക്കുന്നതിനും ഈ മേഖലകളിൽ ഉണ്ടായിട്ടുള്ള ഉരുൾപൊട്ടലുകൾ കാരണമായിട്ടുണ്ട്.  കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട് എന്നും ജനങ്ങൾ അറിയിക്കുന്നുണ്ട്.



തീക്കോയി വെള്ളികുളം റൂട്ടിൽ മണ്ണിടിഞ്ഞത് മൂലം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയർഫോഴ്സും എത്തി തടസ്സങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ മഴയില്ല.



രണ്ടാഴ്ച മുമ്പുവരെ പെയ്ത കനത്ത മഴയിൽ മീനച്ചിലാർ നിറഞ്ഞുനിൽക്കുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. കുമരകം അടക്കമുള്ള പടിഞ്ഞാറൻ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. തണ്ണീർമുക്കം ബണ്ട് തുറന്നതിനു തുടർന്ന് വെള്ളം മുകളിലേക്ക് തള്ളി വരുന്ന സ്ഥിതിയും ഉണ്ടായിരുന്നു. എന്നാൽ ഏറെ ദിവസമായി മഴ ഇല്ലാത്തതുമൂലം ജലനിരപ്പ് താഴ്ന്നിരുന്നു. ജലനിരപ്പ് സാധാരണനിലയിൽ ആയതിനാൽ തന്നെ നിലവിലെ മഴ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്ന് വിലയിരുത്തലാണ് ജില്ലാഭരണകൂടം.



താലൂക്ക് തലത്തിൽ മഴ വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങൾ ജില്ലാ ഭരണകൂടം നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കൺട്രോൾ റൂമും രണ്ടാഴ്ച മുൻപ് തന്നെ തുറന്നിരുന്നു. ഏതായാലും അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ മലയോരമേഖലകളിൽ വലിയ ദുരന്തമാണ് ഉണ്ടാക്കിയിരിക്കുന്നത്. കിഴക്കൻ മേഖലകളിൽ മണ്ണിടിച്ചിൽ മാത്രമാണ് ഉണ്ടായതെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന പ്രാഥമിക വിവരം.തലനാട് അടുക്കം മേഖലയില്‍ രാത്രി എട്ടരയോടെയും തീക്കോയി കാരികാട്(ഇഞ്ചപ്പാറ) മേഖലയില്‍  9.30 നുമാണ് മണ്ണിടിഞ്ഞത്.
Published by: Jayesh Krishnan
First published: June 23, 2021, 10:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories