നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Rain Alert | സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    Rain Alert | സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

    ബുധനാഴ്ച വരെ മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ പെയ്യും

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച വരെ മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൂന്ന് ദിവസം കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

      മണിക്കൂറില്‍ 115 MM വരെയുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

      കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

      പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

      അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.

      വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.

      അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

      സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

      ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
      ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

      ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

      ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

      അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.

      മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

      കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
       മഴയ്ക്ക് പുറമെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആ സാഹചര്യത്തിൽ ജൂൺ20 വരെ  മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}