നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

    Kerala Rains | കൂട്ടിക്കൽ മേഖലയിൽ ശക്തമായ മഴ;4 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

    ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നുണ്ട്

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറില്‍ നാലു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്(Rain) സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി .മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

      കോട്ടയം കൂട്ടിക്കല്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.  പുല്ലകയാറില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍. റവന്യൂ, പൊലീസ്, സംഘം കൂട്ടിക്കലിലുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പോയിട്ടുണ്ട്. വെള്ളം കുറഞ്ഞതായാണ് വിവരം.  ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര മേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയിക്കുന്നുണ്ട്.

      കോട്ടയം ഇളംകാട്ടില്‍ കനത്ത മഴയാണ് പെയ്യുന്നത്. പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഉരുള്‍പൊട്ടല്‍ ആണോ മലവെള്ളപ്പാച്ചില്‍ ആണോ എന്ന് വ്യക്തമല്ല. ജാഗ്രതാ നിര്‍ദേശം നല്‍കി അധികൃതര്‍.  മലവെള്ളപ്പാച്ചിലില്‍ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മണിക്കൂറുകളായി ഇളങ്കാട് മേഖലയില്‍ കനത്ത മഴയാണ്. പുല്ലകയാറിനെയും മണിമലയായിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍. ഇളങ്കാട് വെംബ്ലി മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു.

      പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

      അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

      വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

      അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

      സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

      ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

      ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

      ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

      ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

      അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

      മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക.

      കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
      Published by:Jayesh Krishnan
      First published:
      )}