കൊച്ചി: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പിലും ഉള്‍പ്പെട്ട മുന്‍ എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റു ചെയ്യാത്തതില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. 'മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി സുപ്രീംകോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രി പോലും അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?', കോടതി ചോദിച്ചു. കേസില്‍ ഉള്‍പ്പെട്ടത് മറ്റേതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവരായിരുന്നെങ്കില്‍ ഇങ്ങനെയായിരിക്കുമോ പൊലീസിന്റെ സമീപനമെന്നും കോടതി ചോദിച്ചു. യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍ക്ക് പി.എസ്.സി പരീക്ഷ സമയത്ത് ഉത്തരങ്ങള്‍ മൊബൈല്‍ വഴി അയച്ചുകൊടുത്ത സഫീറിന്റെയും കുത്തുകേസിലെ മൂന്നാം പ്രതി അമറിന്റയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
പ്രതികളുടെ ഉന്നത സ്വാധീനമാണോ അറസ്റ്റ് ഒഴിവാകാന്‍ കാരണമെന്നും ജസ്റ്റീസ് സുധീന്ദ്രകുമാര്‍ ചോദിച്ചു. പരീക്ഷാ ക്രമക്കേടിന് പിഎസ്്സിയെയും കോടതി വിമര്‍ശിച്ചു. പ്രതികള്‍ മൊബൈല്‍ഫോണ്‍ എങ്ങിനെ പരീക്ഷാ ഹാളില്‍ കടത്തിയെന്ന് പരിശോധിക്കണം . സ്വാധീനമുള്ളവര്‍ക്ക് പരീക്ഷകളില്‍ ക്രമക്കേടുനടത്താനാകുമെന്നതിന് തെളിവാണിതെന്നും കോടതി പറഞ്ഞു.
കുറ്റത്തിന്റെ ഗൗരവമാണ്, അല്ലാതെ സാങ്കേതികത്വമല്ല കണക്കിലെടുക്കേണ്ടത്. അമറിനെ സമൂഹത്തില്‍ തുറന്നു വിടുന്നത് ആപത്താണെന്നും കോടതി പറഞ്ഞു. സഹപാഠിയെ കുത്തിയ കേസിലെ പ്രതിയെ എന്തുകൊണ്ടാണ് ഇനിയും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.