നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല'; കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് ഹൈക്കോടതി

    'ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല'; കോവിഡാനന്തര ചികിത്സ സൗജന്യമാക്കിക്കൂടെയെന്ന് ഹൈക്കോടതി

    27000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുകയാണെങ്കിൽ പിന്നീട് ഇയാൾ  ഭക്ഷണം കഴിക്കാനായി എന്തുചെയ്യുമെന്നും കോടതി ചോദിച്ചു

    highcourt

    highcourt

    • Share this:
    കൊച്ചി: കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കുന്ന സർക്കാർ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. രോഗം  ബാധിച്ച സമയത്തേക്കാൾ കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നത് കൊവിഡ് നെഗറ്റീവായതിനു ശേഷമാണെന്നും ഒരു മാസത്തെ തുടർ ചികിത്സ സൗജന്യമായി നൽകിക്കൂടേയെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

    കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ  സ്വകാര്യ ആശുപത്രികളുടെ പുന:പരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ്  കോവിഡാനന്തര ചികിത്സയ്ക്ക് എ. പി. എൽ വിഭാഗത്തിൽ നിന്നും പണം ഈടാക്കുന്ന  സർക്കാർ നടപടിയിൽ ഹൈക്കോടതി ഇടപെട്ടത്.

    കോവിഡിന് ശേഷമുള്ള ചികിത്സയ്ക്കായി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരിൽ നിന്നും ചെറിയ തുക മാത്രമാണ് ഈടാക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും, കൊറോണ നെഗറ്റീവായതിനു ശേഷമുള്ള ഒരു മാസത്തെ തുടർ ചികിത്സയെങ്കിലും സൗജന്യമാക്കിക്കൂടെയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനോട് ചോദിച്ചു.

    27000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുകയാണെങ്കിൽ പിന്നീട് ഇയാൾ  ഭക്ഷണം കഴിക്കാനായി എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കൊറോണ ബാധിച്ച സമയത്തേക്കാൾ രോഗം ഭേദമായതിനു ശേഷമാകും ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കുക. കോവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള മരണം കോവിഡ്  മരണമായി കണക്കാക്കുന്നുണ്ട്. സമാന പരിഗണന കൊറോണാനന്തര ചികില്‍സയ്ക്കും ലഭിക്കേണ്ടതല്ലെയെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി.

    Also Read- Covid 19 | സംസ്ഥാനത്ത് ഇന്ന് 12,616 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 134

    ഇക്കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് സർക്കാർ ആശുപത്രികളിൽ കോവിധാനന്തര ചികിത്സയ്ക്ക് എ. പി. എൽ വിഭാഗത്തിൽ നിന്നും പണം ഈടാക്കാൻ ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്. സംസ്ഥാനത്ത് പൂര്‍ണമായും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ ബി പി എല്‍ കാര്‍ഡുകാര്‍ക്കും, കാസ്പ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡില്‍ കിടത്തി ചികിത്സയ്ക്ക് 750 രൂപയും, എച്ച്ഡിയുവില്‍ 1250 രൂപയും, ഐസിയുവില്‍ 1500 രൂപയും, വെന്റിലേറ്റര്‍ ഐസിയുവില്‍ 2000 രൂപയുമാണ് എ പി എല്‍ കാര്‍ഡുടമകളില്‍ നിന്ന് ഈടാക്കാവുന്ന നിരക്കായി നിശ്ചയിച്ചിരുന്നത്. സ്വകാര്യ ആശുപത്രികളിലെ കൊവിഡാനന്തര ചികിത്സയ്ക്ക് 2645 രൂപ മുതല്‍ 2910 രൂപ വരെ വാര്‍ഡിലും, ഐസിയുവില്‍ 7800 മുതല്‍ 8580 രൂപ വരെയും വെന്റിലേറ്ററിന് 13,800 മുതല്‍ 15,180 രൂപ വരെയുമായിരുന്നു ഏകീകരിച്ച നിരക്ക്. മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക്ഫംഗസ് ചികിത്സയ്ക്കും ഇതേ നിരക്ക് ബാധകമാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

    കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് സർക്കാർ വ്യക്തമാക്കി വിശദമായ കൊവിഡ് മരണപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. പരാമവധി പേർക്ക് സഹായം ലഭിക്കാനുള്ള നടപടി സ്വീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.

    കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു.
    Published by:Anuraj GR
    First published:
    )}