HOME /NEWS /Kerala / Dileep Case | ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് വിലക്കി

Dileep Case | ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് സുരാജിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഹൈക്കോടതി മൂന്നാഴ്ചത്തേയ്ക്ക് വിലക്കി

Kerala High Court

Kerala High Court

പുറത്തുവന്ന ഓഡിയോ ക്ലിപ്പുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നുമായിരുന്നു സുരാജിന്‍റെ പ്രധാന വാദം

  • Share this:

    കൊച്ചി: ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍ സുരാജിനെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വിലക്കി ഹൈക്കോടതി. മൂന്നാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമ വാര്‍ത്തകള്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന സുരാജിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

    കേസുമായി ബന്ധപ്പെട്ട് സുരാജിന്റേത് അടക്കമുള്ള സംഭാഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.  കാവ്യാ മാധവന്‍ അടക്കമുള്ളവരെ കേസുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള സംഭാഷണങ്ങളായിരുന്നു ഇത്. നേരത്തെ ഇവരുടെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിക്കുകയും അതിലുള്ള വിവരങ്ങള്‍ ഫോറന്‍സിക് ലാബില്‍ നിന്ന് റിക്കവര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ സുരാജ് അടക്കമുള്ളവരുടെ ഓഡിയോ ക്ലിപ്പുകളുണ്ടായിരുന്നു. ഇതില്‍നിന്നാണ് കേസിലെ ചില സുപ്രധാന സംഭാഷണങ്ങള്‍ പുറത്തുവന്നതെന്നാണ് വിവരം.

    Also Read- 'ദിലീപിനെതിരെ പുറത്തുവന്ന ശബ്ദരേഖ വെറും ടീസര്‍', പ്രതീക്ഷിച്ച വിധിയെന്ന് ബാലചന്ദ്രകുമാര്‍

    ഇത്തരം ഓഡിയോ ക്ലിപ്പുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മാധ്യമ വിചാരണയാണ് നടക്കുന്നതെന്നുമായിരുന്നു സുരാജിന്‍റെ പ്രധാന വാദം. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നു. ഇത് തടയണം തുടങ്ങിയ ആവശ്യങ്ങളാണ് സുരാജ് കോടതിയില്‍  ഉന്നയിച്ചത്. മാധ്യമങ്ങള്‍ക്ക് അന്വേഷണ സംഘം തെളിവുകള്‍ ചോര്‍ത്തി നല്‍കുന്നില്ലെന്ന് ഡിജിപി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

    അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ  തുടരന്വേഷണത്തിനു ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ഒന്നര മാസം കൂടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്നത്. മേയ് മുപ്പതിന് മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഡിജിപി ഉറപ്പ് നല്‍കണമെന്നും  കോടതി വ്യക്തമാക്കി.

    Also Read- ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചന കേസ് അന്വേഷണം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

    നേരത്തെ ഏപ്രില്‍ പതിനാലിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതിനാലും ഇതിന്റെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തേണ്ടതിനാലും കൂടുതല്‍ സമയം അനുവദിക്കണമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആവശ്യം.

    അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസത്തെ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തുടര്‍ന്നാണ് മെയ് 31 വരെ സമയം നീട്ടിനല്‍കി ഉത്തരവിട്ടത്. മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

    വധഗൂഢാലോചനാ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും ചൊവ്വാഴ്ച ഹൈക്കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയാണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയത്. കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചില്ല.

    സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്. വധഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രോസിക്യൂഷന്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ദിലീപിനെതിരായ വിവിധ ശബ്ദരേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

    First published:

    Tags: Dileep Case, Kerala high court