തിരുവനന്തപുരം ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയേയും പിതാവിനേയും അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച വിശദാംശങ്ങളും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
പോലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ .പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. കുട്ടിയെ സമൂഹമധ്യമത്തില്‍ വെച്ച് മോഷ്ടാവെന്ന് വിളിച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നും കോടതി വിധിച്ചിരുന്നു.
മൊബൈല്‍മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു പിങ്ക് പൊലീസിന്റെ പരസ്യവിചാരണ. ഐഎസ്ആര്‍ഒയുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും എട്ടുവയസ്സുകാരി മകളെയുമാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചത്. അച്ഛനും മകളും തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ആരോപിച്ചത്.
ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടുകിട്ടി. എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നായിരുന്നു പിതാവിന്റെ ആരോപണം. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍, പൊലീസിനോട് റിപ്പോര്‍ട്ട് തേടി.
ആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ കോടതി നേരത്തേ വിമർശിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.