കൊച്ചി: കൊടകര കള്ള പണക്കവർച്ചാ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചുസുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീബ് , ബാബു , അബ്ദുൽ ഷാഹിദ് എന്നിവരടക്കമുള്ള പ്രതികൾക്കാണ് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട് ത്യശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിയ്ക്കണം തുടങ്ങിയവയാണ് ഉപാധികള്‍. ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും ഏർപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിൻ്റെ കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ പാലിയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേസിലെ പ്രതികളും സാക്ഷികളും തമ്മിൽ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കവര്‍ച്ച ചെയ്ത പണം മുഴുവനായി കണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കേസിന്‍റെ വിചാരണ വേഗത്തില്‍ നടത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായും സര്‍ക്കാര്‍കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഇനിയും പ്രതികളെ കസ്റ്റഡിയില്‍ വെയ്ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി ജാമ്യം നല്‍കിയത്.
കേസിൽ ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും വിചാരണ ഉടൻ തുടങ്ങാനുള്ള സാധ്യതകൾ കുറവാണ്. തൃശൂരിലെ കോടതിയിൽ ഇത് സംബന്ധിച്ച് നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക കോടതി ഇതുവരെ രൂപവത്കരിച്ചിട്ടില്ല. അതിനാൽ വിചാരണ അനന്തമായി നീളാനുള്ള സാഹചര്യം കണക്കിലെടുത്ത് റിമാൻഡിൽ കഴിയുന്നത് ഒഴിവാക്കുന്നതിന് കൂടിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണത്തിൽ അദ്ഭുതങ്ങളുടെ പെട്ടിയാണ് തുറന്നതെന്ന് ഹൈക്കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കവർച്ച നടക്കുന്നത് ഏപ്രിൽ മൂന്നാം തീയതി പുലർച്ചെയാണ്. പക്ഷേ അന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായില്ല. സംഭവത്തിന് ശേഷം പരാതിക്കാരൻ കോഴിക്കോട്ടേക്ക് തിരിച്ച് പോകുകയും മടങ്ങിയെത്തി ഏപ്രിൽ ഏഴാം തീയതി ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടമായതായി പരാതിപ്പെടുകയുമായിരുന്നു. എന്നാൽ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു അദ്ഭുതപ്പെട്ടിയാണ് തുറന്നതെന്ന് കോടതി പറയുന്നു.
മൂന്നരക്കോടി രൂപയുടെ കവർച്ച നടന്നതായി പോലീസിന് വ്യക്തമാകുകയായിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങളാണ് പുറത്ത് വന്നത്. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഹൈവേ റോബറിയാണ് നടന്നത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.
Also Read-ഭൂമി തരംമാറ്റാന്‍ ഏജന്റുമാര്‍; ജാഗ്രതവേണമെന്ന് റവന്യൂമന്ത്രി കെ രാജൻ
കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ 23ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്.മൊത്തം 200 സാക്ഷികളാണ് കേസിലുള്ളത് .കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് 22 അംഗ ക്രിമിനല്‍ സംഘത്തിനെതിരെയാണ്.മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പണം എത്തിയത് കർണാടകയിൽ നിന്നാണ്. പരാതിക്കാരനായ ധർമ്മരാജനെയാണ് പണം കൊണ്ടു വരാൻ ബിജെപി നേതാക്കൾ ഏൽപ്പിച്ചത്.ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിയ്ക്കുന്നത്. പണം എത്തിച്ചതിലൂടെ ബിജെപി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണമെന്നും കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ അന്വേഷണം തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്.
കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ പരിശോധിക്കേണ്ടത് എൻ ഫോഴ്സ്‌മെൻ്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പുമാണ്. അതിനാൽ കുറ്റപത്രത്തിൻ്റെ പകർപ്പ് ഇ.ഡിക്കും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പോലീസ് കോടതിയിൽ അറിയിച്ചു.
Also Read-മന്ത്രിമാരും ജനപ്രതിനിധികളും അഹങ്കാരികളാകരുതെന്ന് സി പി എം കേന്ദ്ര നേതൃത്വം
കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഒന്നരമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രൻ്റെ പ്രതികരണം. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവർത്തകൻ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു. സുരേന്ദ്രനടക്കമുള്ളവർക്കെതിരെ
പ്രതികളാക്കാൻ കഴിയുന്ന തെളിവുകൾ ഇല്ലെന്നാണ് അന്വേഷ സംഘത്തിന്റെ നിലപാട്. കവര്‍ച്ച ചെയ്യപ്പെട്ട പണം മുഴുവന്‍ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ഒരുസംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.