HOME /NEWS /Kerala / രവി പിള്ളയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ചതായി ഹൈക്കോടതി

രവി പിള്ളയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കോവിഡ് മാനദണ്ഡം ലംഘിച്ചതായി ഹൈക്കോടതി

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

നടപടി ക്രമങ്ങൾ പാലിച്ചാണ് വിവാഹം നടന്നതെന്ന അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് തള്ളിയ കോടതി സമൂഹമാധ്യമങ്ങളിൽ വന്ന വിവാഹ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്തു

 • Share this:

  കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയതിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ നാട്ടിലെ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ 12 പേർ മാത്രമേ വിവാഹത്തിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശം  ലംഘിച്ച് നിരവധിപേർ ചടങ്ങിൽ പങ്കെടുത്തുവെന്നും വിവാഹത്തിന്‍റെ വീഡിയോ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

  നടപടി ക്രമങ്ങൾ പാലിച്ചാണ് വിവാഹം നടന്നതെന്ന അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട് തള്ളിയ കോടതി സമൂഹമാധ്യമങ്ങളിൽ വന്ന വിവാഹ ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിയ്ക്കുകയും ചെയ്തു. വിവാഹത്തിൻ്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ കോടതി ക്ഷേത്ര ഭരവാഹികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

  പുഷ്പാലങ്കാരത്തിനെന്ന മറവിൽ വിവാഹം നടത്തുന്നതിന് വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിമർശിച്ചു. എല്ലാ വിശ്വാസികൾക്കും ഗുരുവായൂരിൽ ഒരേ പോലെ കല്യാണം നടത്താൻ അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. വിശ്വാസികളിൽ ഭരണഘടനാ പദവി ഉള്ളവർ എന്നോ കൂലി പണിക്കാർ എന്നോ ഇല്ല. ഇക്കാര്യത്തിൽ എന്തെങ്കിലും വിവേചനം ഉണ്ടായോ എന്ന് പരിശോധിക്കും.

  മൂന്ന് കല്യാണ മണ്ഡപത്തിൽ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റി വെച്ചോ എന്ന്  ആരാഞ്ഞ കോടതി, ഈ ദിവസം എത്ര കല്യാണം ഉണ്ടായെന്ന് അഡ്മിനിസ്ട്രേറ്ററോട്  ചോദിച്ചു.

  വ്യവസായി നിയോഗിച്ച സ്വകാര്യ സുരക്ഷാജീവനക്കാരെ നടപന്തലിൽ കയറ്റിയോ എന്ന് ദൃശ്യങ്ങൾ പരിശോധിക്കവേ കോടതി ആരാഞ്ഞു. എന്നാൽ സുരക്ഷാ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാർ ആണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ കറുത്ത വസ്ത്രം ധരിച്ച സ്വകാര്യ സുരക്ഷാ ജീവനക്കാർ ഭക്തരെ തടയുന്നത് ദൃശ്യങ്ങളിൽ പ്രകടമാണെന്ന് കോടതി പറഞ്ഞു. ക്ഷേത്രത്തിനകത്ത് ഭക്തരെ നിയന്ത്രിയ്ക്കാൻ ഇവർക്ക് ആരാണ് അവകാശം നൽകിയതെന്ന് കോടതി ചോദിച്ചു.

  വിവാഹ ദ്യശ്യങ്ങൾ പരിശോധിച്ച കോടതി, കല്യാണ സമയത്തെ ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കസ്റ്റഡിയിൽ സൂക്ഷിക്കാനും നിർദ്ദേശം നൽകി. കേസിൽ രവി പിള്ള, തൃശൂർ എസ്പി, സെക്ടറൽ മജിസ്‌ട്രട്ട് എന്നിവരടക്കം ഏഴ് എതിർ കക്ഷികൾക്ക് അടിയന്തിരമായി നോട്ടീസ് അയയ്ക്കാൻ നിർദ്ദേശിച്ചു. കേസ് ഒക്ടോബർ 5ന് വീണ്ടും പരിഗണിക്കും.

  ക്ഷേത്രത്തിനുള്ളിലേക്ക് കാർ കയറ്റിയതിൽ ഏതെങ്കിലും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തോ എന്നും കോടതി ആരാഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നടൻ മോഹൻലാലിൻ്റെ വാഹനം കടത്തിവിട്ട സുരക്ഷാ ജീവനക്കാർക്ക് വിമർശനം ഉയർന്നതിനേത്തുടർന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

  വിവാഹത്തിന് മുമ്പായി സമൂഹമാധ്യമങ്ങളിൽ അടക്കം വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും, കെ. ബാബുവും അടങ്ങുന്ന ദേവസ്വം  ബഞ്ച് വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. വിവാഹത്തിന് നടപ്പന്തലിൽ കട്ടൗട്ടുകളടക്കം ഉപയോഗിച്ച്‌ അലങ്കരിച്ചുവെന്നായിരുന്നു വാർത്തകൾ. തുടർന്ന് നടപ്പന്തൽ ചട്ടം ലംഘിച്ചു അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി ദേവസ്വം അഡ്മിനിസ്ട്രെറ്റർക്ക് നിർദ്ദേശം നൽകി.

  ഇതനുസരിച്ച് അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ട്‌  ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. നടപ്പന്തലൽ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോർഡുകളും വയ്‌ക്കാൻ അനുമതി നൽകിയിരുന്നില്ലെന്നുമാണ് അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കുന്നത്. ഇക്കാര്യങ്ങൾ തള്ളിയാണ് കോടതി കൂടുതൽ വിശദീകരണം തേടിയിരിയ്ക്കുന്നത്.

  First published:

  Tags: High court, Kerala high court, Ravi Pillai