കൊച്ചി: സില്‍വര്‍ ലൈന്‍ (Silver line) സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ രണ്ടാം ഉത്തരവും റദ്ദാക്കുമെന്ന് ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ അപ്പീലിലാണ് വാക്കാല്‍ പരമാര്‍ശം. സര്‍വേ തടഞ്ഞ ആദ്യ ഉത്തരവിനെതിരായി അപ്പീല്‍ ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ മാറ്റിയെന്നറിയിച്ചിട്ടും സര്‍വേ തടഞ്ഞ് രണ്ടാം ഉത്തരവിറക്കിയ സിംഗിള്‍ ബഞ്ചിനെതിരെ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ അതൃപ്തി രേഖപ്പെടുത്തി.
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ആദ്യ ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ വിശദമായ വാദം കേള്‍ക്കുകയും വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. ഇക്കാര്യം രണ്ടാമത്തെ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെ എ.ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഇതവഗണിച്ച സിംഗിള്‍ ബഞ്ച് സര്‍വേ തടഞ്ഞുള്ള രണ്ടാമത്തെ ഉത്തരവും പുറപ്പെടുവിയ്ക്കുകയായിരുന്നു.
രാവിലെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ അഡ്വക്കേറ്റ് ജനറല്‍ തന്റെ അതൃപ്തി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയത് തെറ്റായ നടപടിയെന്നായിരുന്നു വാദം. ഡിവിഷന്‍ ബെഞ്ച് കേസില്‍ വിധി പറയാന്‍ മാറ്റിയ കാര്യം സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയതെന്നും എജി കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ അപ്പീല്‍ അനുവദിച്ച കോടതി രണ്ടാമത്തെ ഉത്തരവും റദ്ദാക്കുന്നതായി അറിയിച്ചു. വിശദമായ ഉത്തരവ് പിന്നീട് ഇറക്കുമെന്നും വ്യക്തമാക്കി. നേരത്തെ സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ആദ്യ ഉത്തരവ് നിയമാനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. പദ്ധതിയ്ക്കായി സര്‍വേ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് വിധിയിൽ വ്യക്തമാക്കിയിരുന്നു.
കെ.റെയില്‍ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയില്‍ നടത്തുന്ന സര്‍വേ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് നാലുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്തത്. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും വിശദീകരണം കേട്ട ഡിവിഷന്‍ ബഞ്ച് സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടു പോകാം എന്ന് വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സിംഗിള്‍ ബഞ്ച് അധികാരപരിധിയ്ക്ക് അപ്പുറത്തേക്കുള്ള കാര്യങ്ങളില്‍ ഇടപെടുന്നതായി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍വേ നടപടികള്‍ക്ക് സ്റ്റേ നല്‍കിയതോടെ സംസ്ഥാനത്ത് ഒരിടത്തും സര്‍വേ നടക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പദ്ധതി അനിശ്ചിതമായി നീളുന്നതിനും ചിലവ് ഗണ്യമായി ഉയരുന്നതിനും ഇത് കാരണമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സര്‍വേ സ്‌റ്റേ ചെയ്ത കോടതി ഉത്തരവിനേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സര്‍വേ കല്ലുകള്‍ സ്ഥാപിയ്ക്കുന്നതിനെതിരെ രൂക്ഷമായ എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധയിടങ്ങളില്‍ നിന്നായി സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയുകയും ചെയ്തിരുന്നു.
തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളിൽ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
സാമൂഹികാഘാത സർവേ നടത്തുന്നതിന് സർക്കാരിന് മുന്നിൽ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സർക്കാർ അപ്പീലിൽ വാദം കേൾക്കവേ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആന്‍റ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ ഡിപിആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയിൽവേ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചത്.
സത്യവാങ്മൂലത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയായിരുന്നു: തത്വത്തിലുള്ള അനുമതി ഡിപിആർ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ക്കായി മാത്രമാണ്. ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലാണ്. ഡിപിആറിന് അനുമതി നൽകാത്തതിനാൽ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉൾപ്പടെ വിശദമായ സാങ്കേതിക സാധ്യതാ പഠന റിപ്പോര്‍ട്ട് നല്‍കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.