കൊച്ചി: ശബരിമലയിൽ (Sabarimala) വെർച്വൽ ക്യു ഏർപ്പെടുത്താൻ സർക്കാറിനും പോലീസിനും എന്താണ് അധികാരമെന്ന് ഹൈക്കോടതി (High court). ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനല്ലേ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികാരമുള്ളതെന്നും ഇക്കാര്യത്തിൽ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കണമെന്നും സർക്കാറിനോട് ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു.
വെർച്വൽ ക്യുവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷൻ ബഞ്ചിന്റെ സുപ്രധാന ചോദ്യങ്ങൾ. ക്ഷേത്ര കാര്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാരിൻ്റെ റോൾ എന്താണെന്നും ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു.
വെർച്വൽ ക്യൂ നിയന്ത്രണം ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്ന ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും നേരത്തെ കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഓൺലൈൻ സേവനങ്ങളുടെ അവകാശം ട്രസ്റ്റി എന്ന നിലയിൽ ബോർഡിനാണെന്നും ഗുരുവായൂർ, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിൽ നിയന്ത്രണം ബോർഡുകൾക്കാണെന്നും സ്പെഷ്യൽ കമ്മീഷണർ അറിയിച്ചിരുന്നു. ഈ റിപ്പോർട്ടിനെയും സർക്കാർ എതിർത്തിരുന്നു.
വെർച്വൽ ക്യു എർപ്പെടുത്തിയത് തീർത്ഥാടകർക്ക് സുഗമമായ ദർശന സൗകര്യത്തിന് വേണ്ടിയാണെന്നും 2011 മുതൽ ശബരിമലയിൽ വെർച്വൽ ക്യു നിലവിലുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. വെർച്വൽ ക്യുവുമായി ബന്ധപ്പെട്ട് ഇതുവരെ കാര്യമായ പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. . വെർച്വൽ ക്യു ഏർപ്പെടുത്താൻ ക്ഷേത്രം ട്രസ്റ്റിയായ ദേവസ്വം ബോർഡിനാണ് അധികാരമെന്ന സ്പഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് തള്ളണമെന്ന് എഡിജിപി എസ് ശ്രീജിത്തും കോടതിയെ അറിയിച്ചു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
ശബരിമലയിലെ വെർച്ച്വൽ ക്യൂ സംവിധാനം പോലീസിൽ നിന്നും ഏറ്റെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് DSJP പ്രസിഡന്റ് കെ.എസ്.ആർ മേനോൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി പരാമർശങ്ങൾ .
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ സംസ്ഥാന സർക്കാരും പോലീസും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധികാരം കൈക്കലാക്കുന്നുവെന്നാണ് ഹർജിക്കാരന്റെ വാദം. കൂടാതെ വെർച്ച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്യുന്ന ഭക്തരുടെ വിവരങ്ങൾ സ്വകാര്യ IT കമ്പനിയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
ശബരിമലയിലയിലെ എല്ലാ കാര്യങ്ങളും സർക്കാരിനും പോലീസിനും മാത്രമായി നിയന്ത്രിക്കാനാകില്ലെന്ന് നേരത്തെ ഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു. . കൊറോണയുടെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കാനായാണ് വെർച്ച്വൽ ക്യൂ സംവിധാനമേർപ്പെടുത്തിയതെന്നും പോലീസും ദേവസ്വം ബോർഡും സംയുക്തമായാണ് ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി.
15000 പേർ വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നുണ്ടെങ്കിലും ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണം 3000 ൽ താഴെ മാത്രമാണെന്നും സർക്കാർ പറഞ്ഞു. വെർച്ച്വൽ ക്യൂ പോർട്ടലിൽ പരസ്യം അനുവദിച്ചതടക്കമുള്ള കാര്യങ്ങളിൽ കോടതിയുടെ അനുമതി തേടിയിരുന്നുവോ എന്നും ദേവസ്വം ബഞ്ച് സർക്കാരിനോടാരാഞ്ഞു. തിരക്ക് നിയന്ത്രിക്കുന്ന തൊഴിച്ച് ശബരിമലയിലെ ബാക്കിയെല്ലാ കാര്യങ്ങളിലും ദേവസ്വം ബോർഡാണ് ഇടപെടൽ നടത്തുന്നതെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.