വാക്സിന് ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി; താല്പര്യമുള്ളവര്ക്ക് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ്
വാക്സിന് ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി; താല്പര്യമുള്ളവര്ക്ക് 28 ദിവസത്തിനു ശേഷം രണ്ടാം ഡോസ്
ആദ്യ ഡോസ് വാക്സിന് ശേഷമുള്ള എണ്‍പത്തിനാല് ദിവസം ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്സ് നല്കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്.
കൊച്ചി: രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിനേഷനുള്‍ക്കിടയിലെ 84 ദിവസത്തെ ഇടവേളയില്‍ ഇളവ് അനുവദിച്ച് ഹൈക്കോടതി. താല്പര്യമുള്ളവര്ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സീന് സ്വീകരിക്കാമെന്ന് കോടതി. കോവിന്‍ പോര്‍ട്ടലില്‍ ഇത് അനുസരിച്ചുള്ള മാറ്റങ്ങള്‍വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി. എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന സൗജന്യ വാക്സിന് ഇളവ് ബാധകമല്ല. വാക്സിന് ഇടവേളയില്‍ ഇളവ് തേടി കിറ്റക്സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.
നേരത്തെ വാക്സിന് ഇടവേളയില്‍ ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രണ്ട് ഡോസുകള്‍ക്കിടയില്‍ 84 ദിവസം ഇടവേള നിശ്ചയിച്ചത് വിദഗ്ധ സമിതിയുടെ തീരുമാന പ്രകാരമാണ്. വിദേശത്ത് പോകുന്നവര്‍ക്ക് ഇളവ് അനുവദിച്ചത് അടിയന്തര സാഹചര്യം കണക്കിലെടുത്തെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ആദ്യ ഡോസ് വാക്സിന് ശേഷമുള്ള എണ്‍പത്തിനാല് ദിവസം ഇടവേളയില്‍ ഇളവ് ആവശ്യപ്പെട്ട് കിറ്റെക്സ് നല്കിയ ഹര്‍ജിയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്സിനെടുത്ത് 45 ദിവസം പിന്നിട്ടിട്ടും രണ്ടാം ഡോസിന് അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കിറ്റെക്സിന്റെ ഹര്‍ജി.
വാക്സിന് ഇടവേള കുറച്ച കോടതി നടപടി സ്വാഗതാര്‍ഹമെന്നു കിറ്റക്സ് പ്രതികരിച്ചു. വാക്സിന് വൈകുന്നത് മൂലം സാധാരണക്കാര്‍ ബലിയാടാകുന്ന അവസ്ഥയെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു എം ജേക്കബ് പറഞ്ഞു. കോവിഡ് വ്യാപനം മൂലമുള്ള പ്രതിസന്ധി നേരിടാന്‍ വാക്സിനേഷന് പൂര്‍ത്തിയാക്കുക മാത്രമാണ് ഏക പോംവഴി. ഇരു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വിധി സ്വാഗതാര്‍ഹം. വാക്സിനേഷന് പൂര്‍ത്തിയാക്കാതെ ജീവിക്കാന്‍ വേണ്ടി പുറത്തിറങ്ങുന്ന ജനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നതും കട കമ്പോളങ്ങള്‍ അടച്ചിടുന്നതും മനുഷ്യത്വ രഹിതമായ നടപടിയാണ്. എത്രയും വേഗം വാക്സിനേഷന് പൂര്‍ത്തിയാക്കാതെ അടച്ചിട്ടും പിഴ ചുമത്തിയും ആളുകളെ ദ്രോഹിക്കുന്ന പ്രവൃത്തി ക്രൂരതയാണ്. വാക്സിനേഷന് വേഗത്തിലാക്കാന്‍ കഴിയാതെ പോയ സര്‍ക്കാരിന്റെ വീഴ്ചക്ക് സാധാരണക്കാരായ ജനങ്ങള്‍ ബലിയാടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇടവേള കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായ സ്പുട്നിക് അടക്കമുള്ള വാക്സിനുകള്‍ ഉള്ളപ്പോള്‍ ആ സാധ്യത സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് വാക്സിന് ക്ഷാമം ഉള്ളത്. സ്വകാര്യ ആശുപത്രികളില്‍ സുലഭമാണ്. കേന്ദ്രത്തില്‍ നിന്നും വാക്സിന് ലഭിക്കുന്നതിന് കാത്തിരിക്കാതെ സ്വകാര്യ മേഖലയിലെ വാക്സിന് സൗജന്യമായി നല്കി സര്‍ക്കാര്‍ വാക്സിനേഷന് നടപടികള്‍ വേഗത്തിലാക്കണം. ഇതിനായി തമിഴ്നാട് മാതൃക അവലംബിക്കണം. രണ്ടു വാക്സിനുകള്‍ തമ്മിലുള്ള ഇടവേള 84 ദിവസം എന്നത് കര്‍ശനമാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടുകയാണ്. പരമാവധി വേഗത്തില്‍ വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. പക്ഷെ നമ്മുടെ രാജ്യത്ത് ഇടവേള ദീര്‍ഘിപ്പിക്കുന്നത് വ്യാപനം വര്‍ദ്ധിക്കുന്നതിന് കാരണമാകുകയാണ്. അശാസ്ത്രീയ നിലപാടുകള്‍ മൂലം വാക്സിനേഷന് വൈകുന്നത് ഗുരുതരമായ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു. കിറ്റെക്സിലെ ജീവനക്കാര്‍ക്കായി 98 ലക്ഷം രൂപയുടെ 12,000 രണ്ടാം ഡോസ് കോവിഷീല്‍ഡ് വാങ്ങിവെച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ആരോഗ്യ വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് കിറ്റെക്സ് ഹൈക്കോടതിയെ സമീപിച്ചത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.