HOME /NEWS /Kerala / ഭാര്യയുമായി ശാരീരികബന്ധമുണ്ടായിട്ടില്ലെന്ന് ഭർത്താവ്; വിവാഹമോചന ഹർജിയിൽ കുട്ടിയുടെ DNA പരിശോധനയ്ക്ക് ഹൈക്കോടതി

ഭാര്യയുമായി ശാരീരികബന്ധമുണ്ടായിട്ടില്ലെന്ന് ഭർത്താവ്; വിവാഹമോചന ഹർജിയിൽ കുട്ടിയുടെ DNA പരിശോധനയ്ക്ക് ഹൈക്കോടതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

പട്ടാളത്തിൽ ജോലി നോക്കുന്ന കാലത്താണ് ഹർജിക്കാരൻ്റെ വിവാഹം നടന്നത്

  • Share this:

    കൊച്ചി: കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തർക്കത്തേത്തുടർന്നുണ്ടായ വിവാഹമോചനക്കേസിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി. പരാതിക്കാരന് കുട്ടിയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് കോടതി അനുമതി നൽകി. ഭാര്യയ്ക്ക് ഉണ്ടായ കുട്ടിയുടെ പിതാവ് താൻ അല്ലെന്നും ഇക്കാര്യം തെളിയിക്കാനായി ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യമാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.

    ഭാര്യയുടെ വിശ്വാസവഞ്ചന ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ സഹോദരിയുടെ ഭർത്താവാണ് കുട്ടിയുടെ അച്ഛനെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. കുട്ടി കേസിൽ കക്ഷിയായിരുന്നില്ല. പക്ഷേ, കുട്ടിയുടെ അച്ഛൻ താനല്ലെന്ന ഹർജിക്കാരന്റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകിയത്. കുടുംബക്കോടതി ഡി.എൻ.എ. പരിശോധനയ്ക്ക് അനുമതി നൽകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

    2006 മേയ് ഏഴിനായിരുന്നു ഹർജിക്കാരന്റെ വിവാഹം. 2007 മാർച്ച് ഒൻപതിന് യുവതി കുട്ടിക്ക്‌ ജന്മം നൽകി. പട്ടാളത്തിൽ ജോലി നോക്കുന്ന കാലത്താണ് ഹർജിക്കാരൻ്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് 22-ാം ദിവസം ഹർജിക്കാരൻ ജോലിസ്ഥലത്തേക്ക് മടങ്ങിപോയി. ഇതിനിടയിൽ ഭാര്യയുടെ നിസഹകരണം മൂലം  ഒരു തവണ പോലും ശാരീരികബന്ധം ഉണ്ടായില്ലെന്നും ഹർജിക്കാരൻ ബോധിപ്പിച്ചിരുന്നു. വന്ധ്യതയുള്ളതിനാൽ തനിക്ക് കുട്ടിയുണ്ടാകില്ലെന്ന ഡോക്ടറുടെ റിപ്പോർട്ടും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    തൻ്റെ  കുട്ടിക്ക്‌ ഭർത്താവ് ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ കുട്ടിയെ ഡി.എൻ.എ. പരിശോധനയ്ക്കായി ഹാജരാകണമെന്ന് നേരത്തെ കുടുംബക്കോടതി  നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവു പ്രകാരം കുട്ടിയെ ഹാജരായിരുന്നില്ല എന്നതും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ഡി.എൻ.എ. പരിശോധന നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

    രാജ്യത്തെ വൈവാഹിക നിയമങ്ങള്‍ പൊളിച്ചെഴുതേണ്ട സമയമായെന്ന്  നേരത്തെ ഹൈക്കോടതിയുടെ ഇതേ ബഞ്ച് വ്യക്തമാക്കിയിരുന്നു.

    വ്യക്തിനിയമത്തിന് പകരം വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരേണ്ടതുണ്ട്. ഏകീകൃത നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. വിവാഹമോചനം അനുവദിച്ചതിനെതിരായ അപ്പീല്‍ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതി നിരീക്ഷണം.

    വിവാഹവും വിവാഹമോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണം എന്നും കോടതി നിരീക്ഷിച്ചു. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹമോചനത്തിന്‍റെ കാരണമായി കണക്കാക്കാം എന്നും കോടതി പറഞ്ഞു. വിവാഹമോചനം അനുവദിച്ച കോടതി ഉത്തരവിനെതിരെ  കോഴിക്കോട്ടെ പ്രമുഖ ഡോക്ടറുടെ മകനും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായ വ്യക്തി നൽകിയ അപ്പീൽ തള്ളിയാണ് കോടതി നിരീക്ഷണം.

    ഭാര്യയുടെ ശരീരം തന്നോട് കടപ്പെട്ടിരിക്കുന്ന എന്ന ചിന്താഗതിയോടെ എന്ത് അതിക്രമവും നടത്താമെന്നത് പാടില്ല. ഇത്തരം വൈവാഹിക പീഡനങ്ങള്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും  മുകളിലുള്ള അതിക്രമമാണ്. ഇത്തരം കേസുകളില്‍ വിവാഹമോചനം നിഷേധിച്ച് എന്നും ദുരിതം അനുഭവിക്കണമെന്ന് പറയാന്‍ കോടതികള്‍ക്കാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്ത്താഖ്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിവാഹനിയമങ്ങള്‍ സംബന്ധിച്ച ശ്രദ്ധേയ നിരീക്ഷണങ്ങൾ നടത്തിയത്.

    First published:

    Tags: Divorce, Divorce case, DNA test