• HOME
 • »
 • NEWS
 • »
 • kerala
 • »
 • Swapna Suresh| സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

Swapna Suresh| സ്വപ്‌നയുടെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി

Kerala High Court

Kerala High Court

 • Share this:
  കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും (Swapna Suresh) പി എസ് സരിത്തും (PS Sarith) നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി (anticipatory bail plea) ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് നടപടി.

  സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. പി എസ് സരിത്ത് നിലവില്‍ കേസില്‍ പ്രതിയല്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സ്വപ്‌ന സുരേഷ് നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പല ഭാഗത്തുനിന്നും ഭീഷണിയുണ്ടെന്നും ഹര്‍ജി ഉടന്‍ പരിഗണിച്ച് ഇടക്കാലഉത്തരവ് പുറപ്പെടുവിക്കണമെന്നും സ്വപ്‌നയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കപ്പെടുന്നത് എന്തിനെന്നായിരുന്നു ഇതിന് കോടതിയുടെ പ്രതികരണം.

  Also Read- Swapna Suresh| സ്വപ്നയെയും ജോർജിനെയും ഉടൻ ചോദ്യം ചെയ്യും;  സ്വപ്നക്കെതിരെ കേസുകൾ ബലപ്പിച്ച് സംസ്ഥാന അന്വേഷണ ഏജൻസികൾ

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുന്നതാണ് സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി. മുഖ്യമന്ത്രിക്കെതിരായ മൊഴി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഷാജി കിരണ്‍ എന്നയാള്‍ തന്നെ സമീപിച്ചതായി സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ വന്നത്. ഇന്നു രാവിലെ 10നകം ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് അന്ത്യശാസനം നല്‍കിയെന്നും ഹര്‍ജിയില്‍ സ്വപ്‌ന പറയുന്നു.

  ഇന്നലെ ഉച്ചയ്ക്ക് പാലക്കാട്ടെ തന്റെ ഓഫീസിലെത്തിയാണ് ഭീഷണിപ്പെടുത്തിയത്. ഷാജി സംസാരിച്ച ശബ്ദരേഖ തന്റെ പക്കലുണ്ട്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജി എത്തിയത്. മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധമുള്ളയാളാണ്. കെ പി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇയാള്‍ പരിചയപ്പെടുത്തിയെന്ന് സ്വപ്‌ന ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

  Also Read- Swapna Suresh| സ്വപ്‌നയ്‌ക്കെതിരായ കേസ് അന്വേഷിക്കാൻ ADGPയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

  ആര്‍എസ്എസിന്റെയും ബിജെപിയുടേയും പ്രേരണയാലാണ് മുഖ്യമന്ത്രിക്കെതിരെ ഇത്തരമൊരു മൊഴി നല്‍കിയതെന്ന് തിരുത്തിപ്പറയണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ അടക്കം പോസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും. ഇപ്പോഴുള്ള കേസുകളില്‍ ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വരും. പുറം ലോകം കാണില്ല. അനുസരിച്ചില്ലെങ്കില്‍ പത്തുവയസ്സുള്ള മകന്‍ ഒറ്റക്കായി പോകുമെന്നും ഭീഷണിപ്പെടുത്തി.

  ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അടക്കം കസ്റ്റംസിന് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തന്റെ രഹസ്യമൊഴിയില്‍ നടപടി എടുക്കാതെ പൂഴ്ത്തി വെക്കാനാണ് കസ്റ്റംസ് ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ പുരത്തു വരാതിരിക്കാന്‍ ജയിലില്‍ കിടക്കുന്ന ഘട്ടത്തിലും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. പൊലീസുകാര്‍ തന്നെ അപായപ്പെടുത്തുമെന്ന ഘട്ടം വരെയുണ്ടായി. അതിനാലാണ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയാന്‍ നിര്‍ബന്ധിതയായത്.

  Also Read- Swapna Suresh| 'യുഎഇ കോൺസുലേറ്റിൽ ദേശവിരുദ്ധ പ്രവർത്തനം നടന്നു': മുഖ്യമന്ത്രിക്ക് പങ്കെന്ന് കോടതിയിൽ സ്വപ്ന സുരേഷ്

  കേസ് തന്നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം. ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങളില്‍ താന്‍ പങ്കാളിയല്ലെന്നും ഹര്‍ജിയില്‍ സ്വപ്‌ന വ്യക്തമാക്കുന്നു. സ്വപ്‌നയ്ക്കു പുറമേ, സരിത്തും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. കെ ടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, പി സി ജോര്‍ജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, കലാപമുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സ്വപ്‌നയ്‌ക്കെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
  Published by:Rajesh V
  First published: