• HOME
  • »
  • NEWS
  • »
  • kerala
  • »
  • Advertising Boards| പരസ്യ ബോർഡുകളിൽ പ്രസിന്റെയും ഏജൻസിയുടെയും വിലാസം വേണം; നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

Advertising Boards| പരസ്യ ബോർഡുകളിൽ പ്രസിന്റെയും ഏജൻസിയുടെയും വിലാസം വേണം; നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

നിർദേശങ്ങൾ ലംഘിച്ചാൽ ഉചിതമായ അന്വേഷണത്തിന് ശേഷം പ്രിന്റിങ് പ്രസ്സിന്റെയും പരസ്യ ഏജൻസിയുടെയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളെടുക്കുമെന്നും കോടതി

  • Share this:
    കൊച്ചി: പൊതുസ്ഥലങ്ങളിലെ പരസ്യ ബോർഡുകളിലും (Advertising Board) ബാനറുകളിലും പരസ്യ ഏജൻസിയുടെയും പ്രിന്റിങ് പ്രസ്സിന്റെയും വിലാസവും ഫോൺ നമ്പരും ശ്രദ്ധിക്കത്തക്ക രീതിയിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി (Kerala High Court) ഉത്തരവിട്ടു. ബോർഡിൽ താഴെ ഭാഗത്ത് ഇതു നൽകണമെന്നും നിയമലംഘനമുണ്ടായാൽ ബന്ധപ്പെട്ട അധികൃതർക്ക് നടപടി സ്വീകരിക്കാനാണിതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran) വ്യക്തമാക്കി.

    നിർദേശങ്ങൾ ലംഘിച്ചാൽ ഉചിതമായ അന്വേഷണത്തിന് ശേഷം പ്രിന്റിങ് പ്രസ്സിന്റെയും പരസ്യ ഏജൻസിയുടെയും ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നടപടികളെടുക്കുമെന്നും കോടതി പറഞ്ഞു. പാതയോരങ്ങളിലും നടപ്പാതകളിലെയും അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.

    Also Read- Police Station Attack| പൊലീസ് വീട്ടിലെത്തിയതിന് പ്രതികാരം; പൊലീസ് സ്റ്റേഷന് നേരേ പെട്രോള്‍ ബോംബെറിഞ്ഞവര്‍ പിടിയില്‍

    കോടതി നിർദേശപ്രകാരം നേരത്തെ നടപടിയെടുത്തെങ്കിലും ഇപ്പോൾ വീണ്ടും പഴയ സ്ഥിതിയിൽ എത്തുകയാണെന്നു കോടതി വാക്കാൽ പരാമർശിച്ചു. കുറച്ചു ദിവസമായി ഈ കേസിനെക്കുറിച്ച് കോടതി നിശബ്ദമായിരുന്നു. അതിനാൽ വീണ്ടും അനധികൃത കൊടികളും ബാനറുകളും വ്യാപകമാകുകയാണ്. തദ്ദേശഭരണ സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫുമാരും നടപടിയെടുക്കണം. നഗ്നമായ നിയമ ലംഘനമാണ് നടക്കുന്നതെന്നും കോടതി വ്യക്തമാക്കി.

    കോടതിയുടെയും റോഡ് സുരക്ഷ കമ്മീഷണറുടെയും ഉത്തരവുകൾ ലംഘിക്കുകയാണ്. രാഷ്ട്രീയ സ്വാധീനമാണ് കാരണം. നടപ്പാതകൾ, മീഡിയനുകൾ, ട്രാഫിക് ഐലൻഡുകൾ തുടങ്ങിയവ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ അനധികൃതമായി കൊടികളും ബോർഡുകളും മറ്റും വയ്ക്കരുതെന്ന് നിർദേശമുണ്ട്. അനധികൃത ബോർഡുകളും കൊടികളുമൊക്കെ മാറ്റണമെന്ന് കോടതി ഇതിനോടകം 20 മുതൽ 25 വരെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നീക്കിയില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ അടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പലതവണ മുന്നറിയിപ്പ് നൽകിയെന്നും കോടതി പറഞ്ഞു.

    കോടതിയുടെ പ്രധാന നിർദേശങ്ങൾ

    - കോടതി, റോഡ് സുരക്ഷ കമ്മീഷൻ എന്നിവരുടെ ഉത്തരവുകൾ ലംഘിച്ച് പരസ്യ ഏജൻസികൾ അടക്കം ബാനറുകളോ ബോർഡുകളോ കൊടികളോ സ്ഥാപിക്കരുത്. തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള അനുമതി നേടിയിരിക്കണം.

    - പൊതുയിടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബാനറുകളും പോസ്റ്ററുകളും കൊടികളും 30 ദിവസത്തിനുള്ളിൽ തദ്ദേശ ഭരണ സെക്രട്ടറിമാർ നീക്കം ചെയ്യണം. നീക്കിയവ മാലിന്യ സംസ്കരണത്തിന് നൽകാതെ സ്ഥാപിച്ചവർക്ക് തന്നെ തിരികെ നൽകണം.

    - പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർ മൂന്ന് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിക്കണം.

    - എല്ലാ അനധികൃത ബോർഡുകളുടെയും കൊടികളുടെയും ഉത്തരവാദിത്തം തദ്ദേശഭരണ സെക്രട്ടറിമാർക്കും ഫീൽഡ് സ്റ്റാഫിനും ആയിരിക്കും. ഇവർക്കെതിരെ നിയമനടപടിയുണ്ടാകും.

    - നിർദേശങ്ങൾക്ക് വൻതോതിൽ പ്രചാരണം നൽകാനും കോടതി നിർദേശിച്ചു. അടുത്ത മാസം 21ന് ഹർജികൾ വീണ്ടും പരിഗണിക്കും.

    Also Read- Accident| നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് ഒന്നര വയസുകാരനും മുത്തശ്ശിക്കും ദാരുണാന്ത്യം; മരിച്ചത് ദത്തെടുത്ത കുഞ്ഞ്
    Published by:Rajesh V
    First published: