കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതികളുടെ ഹൈക്കോടതി ജാമ്യം വിചാരണ കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ആഗസ്റ്റ് ഇരുപതിനാണ് കേസില എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. മണ്ണാർക്കാട് SC - ST കോടതിയുടേതായിരുന്നു ഉത്തരവ്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു ജാമ്യം റദ്ദാക്കിയത്.
ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചായിരുന്നു വിചാരണ കോടതിയുടെ വിധി. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്.
Also Read- അട്ടപ്പാടി മധുകൊലപാതക കേസിൽ എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കി; 12 പേരും റിമാൻഡിൽ
കേസിൽ ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. ഇതിൽ ഏഴുപേർ കോടതിയിൽ നേരത്തെ നൽകിയ രഹസ്യമൊഴി തിരുത്തിയവരാണ്. രണ്ടുപേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്.
അതേസമയം, കേസിൽ സാക്ഷികളെ കൂറുമാറ്റാൻ പ്രതികൾ ഇടപെട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മണ്ണാർക്കാട് സ്വകാര്യ ലോഡ്ജിൽ സാക്ഷികളെ പാർപ്പിച്ചതിന്റെ തെളിവുകളാണ് പുറത്ത് വന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഈ തെളിവുകൾ കൂടി പരിഗണിച്ചായിരുന്നു വിചാരണ കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.
പതിനൊന്നാം സാക്ഷി ചന്ദ്രനും പതിമൂന്നാം സാക്ഷി സുരേഷും ജൂൺ 7 മുതൽ ഒൻപത് വരെ മണ്ണാർക്കാട് BM ലോഡ്ജിൽ താമസിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ആനവായ് ഊരിലെ ആഞ്ചൻഞറെ പേരിലാണ് മുറിയെടുത്തത്. കോടതി ആവശ്യത്തിനെന്ന പേരിലാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതികളുടെ നിർദ്ദേശപ്രകാരമാണ് ഇവരുമായി അടുപ്പമുള്ള ആഞ്ചൻ മുറിയെടുത്തത്. പ്രതികൾക്കെതിരായ മൊഴി മാറ്റാൻ പ്രേരിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം.
ജൂൺ 9 ന് ചന്ദ്രന്റെ സാക്ഷി വിസ്താരമായിരുന്നു. ചന്ദ്രൻ കൂറുമാറി. ഇതോടെ സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന രാജേന്ദ്രനെ മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിസ്താരം നിർത്തിവെച്ചു. സാക്ഷികൾക്ക് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം പ്രകാരം പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ഇതോടെയാണ് പതിമൂന്നാം സാക്ഷിയായ സുരേഷ് പ്രതിഭാഗം മുറിയെടുപ്പിച്ച് താമസിപ്പിച്ച ശേഷം മൊഴി മാറ്റാൻ പ്രേരിപ്പിച്ച കാര്യം പൊലീസിനോട് പറയുന്നത്.
ഇടനില നിന്നത് ആഞ്ചനാണെന്നും സുരേഷ് മൊഴി നൽകി. തുടർന്ന് പ്രോസിക്യൂഷന്റെ കൃത്യമായ ഇടപെടലിനെ തുടർന്ന് സുരേഷ് മധുവിനെ മർദ്ദിക്കുന്നത് കണ്ടുവെന്ന രഹസ്യമൊഴിയിൽ ഉറച്ചു നിന്നു. ഇതോടൊപ്പം പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ സാക്ഷികളെ വിളിച്ചതിന്റെ ഫോൺ രേഖകൾ ഉൾപ്പടെ ലഭിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.