നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BIG BREAK: KPCCയുടെ പുനഃസംഘടനാ പട്ടിക വെട്ടി ഹൈക്കമാൻഡ്; പട്ടിക തിരുത്തി നൽകണം; ജംബോ കമ്മിറ്റി വേണ്ട

  BIG BREAK: KPCCയുടെ പുനഃസംഘടനാ പട്ടിക വെട്ടി ഹൈക്കമാൻഡ്; പട്ടിക തിരുത്തി നൽകണം; ജംബോ കമ്മിറ്റി വേണ്ട

  ഉമ്മൻ ചാണ്ടിയുടെ എതിർപ്പും കാരണം. ഒരാൾക്ക് ഒരു പദവി നടപ്പാക്കണമെന്നും നിർദ്ദേശം. മാനദണ്ഡം കർക്കശമാക്കിയാൽ പല പ്രമുഖരും പുറത്താകും.

  News18

  News18

  • News18
  • Last Updated :
  • Share this:
  കെ പി സി സി ഭാരവാഹി സ്ഥാനങ്ങളിലേക്കുളള കരട് പട്ടിക കോൺഗ്രസ് ഹൈക്കമാൻഡ് തളളി. ജംബോ ഭാരവാഹി പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഹൈക്കമാൻഡ് കെ പി സി സി നേതൃത്വത്തെ അറിയിച്ചു. ഇനി പട്ടിക പുതുക്കി നൽകണം. ഭാരവാഹികളെ നിശ്ചയിക്കാൻ മാനദണ്ഡം വേണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ കെ പി സി സി പുനഃസംഘടന ഇനിയും വൈകുമെന്ന് ഉറപ്പായി. ജംബോ പട്ടിക സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പട്ടിക തിരുത്താനുളള നിർദ്ദേശം.

  ജംബോ വേണ്ട

  എ, ഐ ഗ്രൂപ്പുകൾ നിർദ്ദേശിച്ചവരുടെ പേരുകളും ഒപ്പം നിലവിൽ ഗ്രൂപ്പ് രഹിതരായ നേതാക്കൾ നൽകിയ പേരുകളും ഉൾപ്പെടുത്തിയ ജംബോ ഭാരവാഹി പട്ടികയാണ് കെ പി സി സി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ ഹൈക്കമാൻഡിന് നൽകിയത്. ഈ പട്ടിക വെട്ടിയ ഹൈക്കമാൻഡ് ഭാരവാഹികളെ സംബന്ധിച്ച് ചില നിർദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടുണ്ട്. കേരളം മാതൃകയാക്കി പുനഃസംഘടന പൂർത്തിയാക്കാം എന്ന അഭിപ്രായം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉയർന്ന സാഹചര്യത്തൽ കൂടിയാണ് ഹൈക്കമാൻഡിന്‍റെ ഇടപെടൽ. കൂടുതൽ ചെറുപ്പക്കാരെയും സ്ത്രീകളെയും ഉൾപ്പെടുത്തണം, ജാതി, മത പ്രാതിനിധ്യം ഉറപ്പാക്കണം. ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശം പാലിക്കാൻ കഴിയുമോ എന്ന് ആലോചിക്കണം. ഒപ്പം ഭാരവാഹികളുടെ എണ്ണം കുറയ്ക്കണം, ഭാരവാഹിത്വത്തിന് മാനദണ്ഡം വേണം എന്നുമാണ് നിർദ്ദേശം.

  പ്രവർത്തിക്കുന്നവർ ഭാരവാഹിയായാൽ മതി

  കഴിഞ്ഞ 14 മാസമായുളള കൂട്ടിക്കിഴിക്കലുകൾക്കും ചർച്ചകൾക്കും ഒടുവിൽ തയ്യാറാക്കിയ സമവായ പട്ടികയാണ് ഇപ്പോൾ അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. മുല്ലപ്പളളി രാമചന്ദ്രനെ കെ പി സി സി അധ്യക്ഷനായും കൊടിക്കുന്നിൽ സുരേഷിനെയും അന്തരിച്ച എം ഐ ഷാനവാസിനെയും കെ സുധാകരനെയും വർക്കിംഗ് പ്രസിഡന്‍റുമാരായും അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചത് 2018 സെപ്റ്റംബർ 19നാണ്. വിവിധ കാരണങ്ങളാൽ പല തവണ നീട്ടി വച്ച പുനഃസംഘടനാ ചർച്ച ഏറ്റവും ഒടുവിൽ വീണ്ടും സജീവമായത് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന് ശേഷമാണ്. ജംബോ കമ്മിറ്റി പറ്റില്ലെന്ന നിലപാടിൽ ആദ്യഘട്ടത്തിൽ ഉറച്ചു നിന്ന മുല്ലപ്പളളി രാമചന്ദ്രൻ ഒടുവിൽ എന്തായാലും വേണ്ടില്ല പുനഃസംഘടന നടന്നാൽ മതിയെന്ന അവസ്ഥയിലെത്തി.

  ജംബോ കമ്മിറ്റി പറ്റില്ലെന്ന് വാശി പിടിച്ചാൽ പുനഃസംഘടന നടക്കില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് മുല്ലപ്പളളി നിലപാട് മാറ്റി സർവ്വ നേതാക്കളുടെയും പട്ടിക കൂട്ടിക്കെട്ടി ജംബോ പട്ടിക തയ്യാറാക്കിയത്. ഒരാൾക്ക് ഒരു പദവിയിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്നതിലും തുടക്കം മുതൽ അനുകൂല നിലപാടാണ് ഉമ്മൻ ചാണ്ടി സ്വീകരിച്ചത്. പൊതു മാനദണ്ഡമായി തീരുമാനിച്ചാൽ അത് അംഗീകരിക്കാൻ തയ്യാറാണ് എന്ന് അറിയിച്ച ഉമ്മൻ ചാണ്ടി ഐ ഗ്രൂപ്പിന് എത്ര ഭാരവാഹികൾ ഉണ്ടോ അത്രയും ഭാരവാഹികൾ എ ഗ്രൂപ്പിനും വേണം എന്ന ഉപാധി മാത്രമാണ് വെച്ചത്. ഒരാൾക്ക് ഒരു പദവിയിലും സമാന നിലപാടാണ് സ്വീകരിച്ചത്. പൊതു മാനദണ്ഡം ആണെങ്കിൽ എ ഗ്രൂപ്പ് പാലിക്കും. എന്നാൽ തുടക്കം മുതൽ എണ്ണം കുറയ്ക്കൽ പ്രായോഗികമല്ല എന്ന നിലപാടാണ് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ഒരാൾക്ക് ഒരു പദവി അംഗീകരിക്കാനാവില്ല എന്നും ഐ ഗ്രൂപ്പ് നിലപാട് എടുത്തു. ഒടുവിൽ ഇത് അംഗീകരിക്കപ്പെട്ടു.

  ഉമ്മൻ ചാണ്ടിയുടെ അനിഷ്​ടവും ഡി സി സി അധ്യക്ഷന്മാരുടെ എതിർപ്പും

  ഇരു ഗ്രൂപ്പുകളും നൽകിയ പട്ടികയ്ക്ക് പുറമേ വി എം സുധീരൻ മുതൽ കെ മുരളീധരൻ വരെയുളള നേതാക്കൾ നൽകിയ പട്ടികയും ചേർത്താണ് അവസാന കരട് തയ്യാറാക്കിയത്. എന്നാൽ ഇതിൽ ഡൽഹിയിൽ വച്ച് ചില കൂട്ടി ചേർക്കലുകൾ കൂടി വരുത്തി. കോൺഗ്രസ് അധ്യക്ഷയെ ആദ്യം കണ്ടത് മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ചേർന്നാണ്. തന്നോട് ആലോചിക്കാതെ ചില പേരുകൾ കൂട്ടി ചേർത്തതിലും കോൺഗ്രസ് അധ്യക്ഷയെ കാണും മുമ്പ് മുല്ലപ്പളളിയും ചെന്നിത്തലയും കെ സി വേണുഗോപാലും മാത്രമായി ചർച്ച നടത്തിയതിലും ഉമ്മൻ ചാണ്ടിക്ക് അതൃപ്തി ഉണ്ട്. ഇത് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. പട്ടിക അംഗീകരിക്കാൻ എ ഐ സി സി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ഉണ്ടായില്ല എന്നു മാത്രമല്ല പട്ടികയോടുളള വിയോജിപ്പ് അദ്ദേഹം അറിയിക്കുകയും ചെയ്തു.

  ഒപ്പം കെ പി സി സി അധ്യക്ഷൻ വിളിച്ച ഡി സി സി അധ്യക്ഷന്മാരുടെ യോഗത്തിൽ ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും ജംബോ പട്ടികയ്ക്ക് എതിരെ രംഗത്തു വന്നു. സമാനമായി ജംബോ ഭാരാവാഹികളെ കുത്തി നിറച്ചതിന്‍റെ പങ്കപ്പാട് അറിയുന്ന ഡി സി സി അധ്യക്ഷന്മാർ ഇത് പറ്റില്ലെന്ന് ഉറപ്പിച്ച് തന്നെ പറഞ്ഞു. ഡി സി സി അധ്യക്ഷന്മാരുടെ നിലപാടും ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.

  ഒരാൾക്ക് ഒരു പദവി വന്നാൽ പ്രമുഖർ പലരും പുറത്താകും

  ഒരാൾക്ക് ഒരു പദവി മാനദണ്ഡം നടപ്പാക്കിയാൽ നിലവിലെ വർക്കിംഗ് പ്രസിഡന്‍റുമാർക്ക് മാത്രമായി ഇളവ് പറ്റില്ലെന്ന നിലപാടിലാണ് ഉമ്മൻ ചാണ്ടി. മാനദണ്ഡം നടപ്പാക്കിയാൽ ശരിക്കും വെട്ടിലാകുന്നത് ഐ ഗ്രൂപ്പാണ്. കെ സുധാകരന്‍റെ വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകും. ഒപ്പം വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഗ്രൂപ്പ് നിർദ്ദേശിച്ച വി.ഡി സതീശന് പകരം പുതിയ പേരും കണ്ടെത്തേണ്ടി വരും. അടൂർ പ്രകാശ് മുതൽ വി എസ് ശിവകുമാർ വരെയുളള നേതാക്കളെയും മാറ്റി നിർത്തേണ്ടി വരും. ഒരാൾക്ക് ഒരു പദവി എന്ന മാനദണ്ഡം തിരുത്താൻ വാശി പിടിച്ചത് ഐ ഗ്രൂപ്പാണ്.
  First published:
  )}