കൊച്ചി: സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പിറവം പള്ളിത്തർക്ക കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കാത്തതു ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.
ശബരിമലയിൽ ആയിരക്കണക്കിനു പോലീസിനെ വിന്യസിക്കുന്ന സർക്കാരിന് പിറവത്ത് 200 പേർക്ക് പോലും സംരക്ഷണം നൽകാനാകുന്നില്ല.
പ്രശ്നത്തിൽ ഒത്തുതീർപ്പ് ചർച്ചയ്ക്കു ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ ശബരിമലയിൽ എന്തുകൊണ്ടാണ് ഇത്തരം ചർച്ചകളൊന്നും നടത്താതിരുന്നതെന്നും കോടതി ചോദിച്ചു.
ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ സർക്കാർ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു? മറ്റുചില കേസുകളില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാതെ മറ്റുമാര്‍ഗമില്ലെന്നു പറയുന്ന സര്‍ക്കാര്‍ പിറവം കേസില്‍ എന്തുകൊണ്ട് ഈ നിലപാട് സ്വീകരിക്കുന്നെന്നും ഹൈക്കോടതി ചോദിച്ചു.
വിധി നടപ്പാക്കാതിരിക്കാൻ വിചിത്ര ന്യായങ്ങൾ സർക്കാർ നിരത്തുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിറവം പള്ളിയിലേത് സവിശേഷമായ സാഹചര്യമെന്നായിരുന്നു എ.ജിയുടെ വിശദീകരണം. എന്നാൽ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമാണോ ഈ സവിശേഷ സാഹചര്യമെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കേണ്ടെന്നും എ.ജിയോട് ഹൈക്കോടതി പറഞ്ഞു.
'കേസുകളെല്ലാം പാർട്ടി തന്നെ അന്വേഷിച്ചാൽ പണിയില്ലാതാവുന്നത് പോലീസുകാർക്കും വക്കീല്മാർക്കും'
അതേസമയം നേരത്തെയുണ്ടായ ഹൈക്കോടതി നിരീക്ഷണത്തിനു വിരുദ്ധമായ പരാമർശങ്ങളാണ് ഇന്നുണ്ടായത്. പിറവം പള്ളിക്കേസ് വിധിയും ശബരിമലക്കേസിലെ വിധിയും താരതമ്യം ചെയ്യാനാവില്ലെന്നായിരുന്നു ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നത്.
പിറവം പള്ളിക്കേസ് രണ്ടുവിഭാഗങ്ങൾ തമ്മിലുള്ളതാണ്. അതിൽ സർക്കാർ കക്ഷിയല്ല. ക്രമസമാധാനച്ചുമതല മാത്രമേ സർക്കാരിനുള്ളൂ. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച ഹർജിയിൽ സർക്കാർ കക്ഷിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.