ഉയര്‍ന്ന നഷ്ടപരിഹാരം (Higher Compensation) നല്‍കുന്നതിലൂടെ കെറെയില്‍ സില്‍വര്‍ലൈന്‍ (K-RAIL SILVER LINE) പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്. (A.K Balan) ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ അവര്‍ ഭൂമി വിട്ടു നല്‍കും. കീഴാറ്റൂരില്‍ സമരം നടത്തിയവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്ക് ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കരട് നയരേഖയുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് കടുംപിടുത്തമില്ല, മുന്നണിയിലും കീഴ്ഘടകങ്ങളിലും ആവശ്യമായ ചര്‍ച്ചകള്‍ നടത്തി വേണ്ട ഭേദഗതികള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെറെയിലിനെതിരെ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പ്രതിപക്ഷം കേരളത്തെ മറ്റൊരു നന്ദിഗ്രാം ആക്കാന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭ സീറ്റ് സിപിഐ വിലപേശി വാങ്ങിയെന്ന എല്‍ജെഡി നേതാവ് എം.വി ശ്രേയാംസ്കുമാറിന്റെ പ്രസ്താവന അദ്ദേഹം തള്ളി. മുന്നണിയിലെ ധാരണപ്രകാരമാണ് സീറ്റ് വിഭജനം നടത്തിയതെന്നും കോടിയേരി പറഞ്ഞു.
കെ റെയിലിന് ബദലായി ടൗണ്‍ ടു ടൗണ്‍ മാതൃകയില്‍ ഫ്ളൈ ഇന്‍ കേരള; നിര്‍ദേശം വെച്ച് കെ സുധാകരന്
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയ്ക്ക്(K-Rail Project) ബദല്‍ നിര്‍ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്(K Sudhakaran). കെ റെയിലിന് പകരം കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് 'ഫ്ളൈ ഇന്‍ കേരള' എന്ന പേരിലൊരു പദ്ധതിയാണ് കോണ്‍ഗ്രസിന്റെ പുതിയ നിര്‍ദ്ദേശം.
കാസര്‍കോട് നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് എത്താം. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന് പറയുന്നത്. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതെയും പദ്ധതി നടപ്പിലാക്കാമെന്ന നേട്ടവും വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നത് വഴി സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു.
മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് സുധാകരന് പറയുന്നത്. ഫ്ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാന ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ലെന്നും വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം.
മറ്റൊരു പ്രശ്നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ നമ്മള് വിമാനത്താവളത്തിലേക്ക് പോകുന്നത് സ്വന്തം കാറിലോ ടാക്സിയിലോ ആണ്. ഇത് വളരെ ചെലവേറിയ മാര്‍ഗമാണ്.എന്നാല്‍ കര്‍ണാടക ആര്‍ടിസി ചെയ്യുന്നത് അവിടെ ഒരു ഏസി ബസ് സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് മൈസൂര്‍ നിന്നും മറ്റു ചെറിയ ടൗണുകളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ പുറപ്പെടും.
ഈ മാതൃകയില്‍ ഫ്ളൈ'ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.