തിരുവനന്തപുരം: കണ്ണൂർ സർവകലാശാല (Kannur University) വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജി തള്ളിയ ഹൈക്കോടതി (Kerala High Court) നടപടി സ്വാഗതാർഹമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി (Higher Education Minister) ആർ ബിന്ദു (R Bindu). നിയമനത്തിൽ പ്രശ്നങ്ങളില്ലെന്ന് കോടതിക്ക് മനസിലായി. അക്കാദമിക് മികവുള്ള വി സിക്ക് പ്രവർത്തനം തുടരാനുള്ള അനുവാദമായി കോടതി വിധിയെ കാണുന്നുവെന്നും മന്ത്രി ആർ ബിന്ദു തിരുവനന്തപുരത്ത് പ്രതികരിച്ചു.
ചാൻസലറായ ഗവർണർക്ക് താനെഴുതിയ കത്ത് പുറത്തുവന്നതിനെയും അവർ വിമർശിച്ചു. ''ചാൻസലറും പ്രോ ചാൻസലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തിൽ ചർച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട'', മന്ത്രി പറഞ്ഞു. തന്റെ പിതാവിനെക്കാൾ പ്രായം കൂടിയ ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട കാര്യം ചോദിച്ചപ്പോൾ അത് ഗവർണറോട് ചോദിക്കണമെന്നും മാധ്യമങ്ങളെ ബോധിപ്പിക്കണ്ട കാര്യമില്ലെന്നും പറഞ്ഞ് മന്ത്രി ആർ ബിന്ദു ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂർ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവർണറെ വിമർശിച്ചു. ഗവർണറുടെ കത്തിനും പരസ്യവിമർശനങ്ങൾക്കും പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തൽ.
Also Read-
High Court | കണ്ണൂർ സർവകലാശാല വിസി നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി; സർക്കാരിന് ആശ്വാസംനേരത്തെ കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് ഫയലിൽ സ്വീകരിച്ചില്ല. നിയമനം സർവകലാശാല ആക്ടിന് വിരുദ്ധമായതിനാൽ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് ഹർജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഉപഹർജിയും ഇവർ നൽകിയിരുന്നു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണറുടെ കൈവശമുള്ള രേഖകൾ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപഹർജി. ഡോ. ഗോപിനാഥിന്റെ നിയമനം ചോദ്യം ചെയ്ത് നേരത്തേ നൽകിയ ഹർജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഈ ഹർജിയിൽ വിധി പറയും മുമ്പ് നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പക്കലുള്ള രേഖകൾ പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഹരജി.
ഈ ഹർജി പരിഗണിക്കുന്നവേളയിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാവില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾക്ക് സമാന്തര വിചാരണ സാധ്യമല്ല. മാധ്യമങ്ങൾ വസ്തുതകളുടെ വിശദാംശങ്ങളാണ് നൽകുന്നത്. സ്വന്തം അഭിപ്രായ പ്രകടനങ്ങൾ ചേർത്ത് വ്യാഖ്യാനം നടത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഹൈക്കോടതി വിധിയിൽ സർക്കാർ ആശ്വസിക്കുമ്പോൾ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ബിന്ദുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ഒപ്പം ലോകായുക്തയെയും സമീപിക്കാനിരിക്കുകയാണ് രമേശ് ചെന്നിത്തല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.