കൊച്ചി: തെന്നിന്ത്യൻ താരം അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദര്‍ശനം നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിനെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്നും ആർ വി ബാബു പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ പ്രശസ്ത നടി അമല പോളിന് ക്ഷേത്ര പ്രവേശനം അനുവദിച്ചില്ല. അതിലുള്ള അവരുടെ പ്രതിഷേധം അവർ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷേത്ര വിശ്വാസികളായ അന്യ മതസ്ഥർക്ക് മുന്നിൽ ക്ഷേത്ര വാതിൽ കൊട്ടിയടക്കുന്നതിനെ സംബന്ധിച്ച് വിത്യസ്ത അഭിപ്രായങ്ങളുണ്ട്. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്ര ഭരണത്തിന് വരെ അവസരം നൽകുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണ. തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലനിൽക്കുന്ന പോലെ പ്രസ്തുത മൂർത്തിയിലും ആചാരനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസം എഴുതി വാങ്ങി അവർക്ക് ക്ഷേത്ര ദർശനം അനുവദിക്കാവുന്നതല്ലേ ? ആചാര്യൻമാർ ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനമെടുക്കുന്നത് ഉചിതമായിരിക്കും.
Also Read- നടി അമല പോളിന് തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചു
പന്ത്രണ്ട് ദിവസത്തെ നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെയാണ് അമല പോൾ ക്ഷേത്ര ദർശനത്തിനായി എത്തിയത്. എന്നാൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർശനം നടത്തി പ്രസാദവും വാങ്ങി അമല പോൾ മടങ്ങുകയായിരുന്നു.
Also Read- Amala Paul| ‘ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുഭവിച്ചു’; മതപരമായ വിവേചനം മാറണമെന്ന് അമലാ പോൾ
ദേവിയെ കണ്ടില്ലെങ്കിലും ആ ചൈതന്യം അനുവഭിച്ചുവെന്ന് ക്ഷേത്രത്തിലെ രജിസ്റ്ററിൽ എഴുതിയ കുറിപ്പിൽ അമല പോൾ പറയുന്നു. ”മതപരമായ വിവേചനം 2023ലും നിലനിൽക്കുന്നുവെന്നതിൽ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തിൽ ഉടൻ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും” – ക്ഷേത്ര രജിസ്റ്ററിൽ താരം കുറിച്ചു.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവം ഇന്നലെയാണ് സമീപിച്ചത്. 1991 മേയിൽ രൂപീകൃതമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിനു കീഴിലാണ് ഇപ്പോൾ ക്ഷേത്ര ഭരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.