തിരുവനന്തപുരം: അക്ഷയതൃതീയ (akshaya tritiya) സ്വർണ കടകൾ ആഘോഷമാക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി. അക്ഷയ തൃതീയയ്ക്ക് പ്രചാരം നൽകുന്നതിലൂടെ കള്ളക്കടത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 'എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വർഷം മുൻപ് ഈ സ്വർണ്ണം വാങ്ങൽ ഭ്രാന്തില്ലായിരുന്നല്ലോ ? അതിനു മുൻപ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവർക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു'- ഫേസ്ബുക്ക് പോസ്റ്റിൽ കെ പി ശശികല പറയുന്നു.
കെ പി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
കളളക്കടത്തിന് പ്രേരിപ്പിക്കുന്നത് നമ്മളാണ്..
എവിടെ നിന്നാണീ അക്ഷയ തൃതീയ പൊട്ടിവീണത്. ഒരു പത്തു വർഷം മുൻപ് ഈ സ്വർണ്ണം വാങ്ങൽ ഭ്രാന്തില്ലായിരുന്നല്ലോ ? അതിനു മുൻപ് അക്ഷയ തൃതീയയെ പറ്റി അറിയാവുന്നവർക്ക് അത് ദാനം കൊടുക്കാനുള്ള പുണ്യദിനം മാത്രമായിരുന്നു. ജ്വല്ലറിക്കാർ വിരിച്ച വലയിൽ എത്ര സുഖമായി നാം പോയി വീണു കൊടുത്തു ! വാണിജ്യം ഉത്തേജിപ്പിക്കുന്നത് ഒരു തെറ്റല്ല .പക്ഷേ അതിന് ആചാരങ്ങളെ വളച്ചൊടിക്കണോ? ഏതെങ്കിലും പാവപ്പെട്ട കുട്ടിയ്ക്കുവേണ്ടി ഒരു സ്വർണ്ണനിധി ശേഖരിക്കാമായിരുന്നല്ലോ ? ഓരോ ക്ഷേത്രത്തിലും ഒന്നോ രണ്ടോ പവനുള്ള ധനം സമാഹരിച്ച് ആ നാട്ടിലെ ഏറ്റവും അർഹയായ ഒരു പെൺകൂട്ടിയ്ക് നല്കാമായിരുന്നു.
ഇന്നലെ ഒരു ദിവസം ജ്വല്ലറിക്കാർ വാരിക്കൂട്ടിയത്
4720x1000 x 4000 =18,880,000,000 രൂപ ! അതായത് 1888 കോടി . കുളപ്പുള്ളിയിലെ ഗൗരി മോൾക്ക് ജീവിക്കാൻ വേണ്ടത് 17 കോടി .
അങ്ങനെ എതയോ കുട്ടികൾ !!
ആ കുഞ്ഞുമക്കളെ ജീവിപ്പിക്കാൻ അതീന്ന് ഒരു പത്തു കോടിയെങ്കിലും ചിലവഴിച്ചിരുന്നെങ്കിൽ ...??!!
Also Read-
Akshaya Tritiya | അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നുണ്ടോ? നികുതി നിരക്കുകൾ അറിയാം
മാറ്റം സമൂഹത്തിൽ തനിയെ വരില്ല. നാം ഓരോരുത്തരും അതിനായി ശ്രമിക്കണം. ഒറ്റയടിയ്ക് എല്ലാം ഇല്ലാതാക്കാൻ പറ്റിയെന്നു വരില്ല. പക്ഷേ അക്ഷയ തൃതീയ നാൾ ദാനം കൊടുക്കാൻ നല്ലതു ചെയ്യാൻ കൂടിയുള്ള അവസരമാക്കി മാറ്റാം. ക്ഷേത്രങ്ങളും സംഘടനകളും ഒക്കെ ആ വഴിക്ക് ശ്രമമാരംഭിച്ചാൽ നമുക്ക് ആ മാറ്റം പെട്ടെന്നു തന്നെ വരുത്താം. ഈ വിഷയത്തിൽ സമുദായ സംഘടനകൾ ആത്മാർത്ഥമായി ഇടപെട്ടേ മതിയാകൂ. കെട്ടുകല്യാണവും തിരണ്ടു കല്യാണവുമടക്കമുള്ള ധൂർത്തുകൾക്കെതിരെ ശക്തമായി പ്രതികരിച്ച സാമുദായികാചാര്യന്മാരെ മറന്ന് നമുക്ക് മുന്നോട്ടു പോകാൻ കഴിയുമോ?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.