തിരുവനന്തപുരം: കലോത്സവങ്ങളിൽ ഹലാല്‍ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ ഹിന്ദു ഐക്യവേദി തടയുമെന്ന് ആർവി ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്ത സ്കൂൾ കലോത്സവം മുതൽ നോൺ-വെജും നൽകുമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദി നേതാവിന്റെ പ്രതികരണം.
അടുത്ത വർഷം മുതൽ വെജ്, നോൺ വെജ് ഭക്ഷണം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു. സർക്കാർ വെജും നോൺവെജും ഇവ രണ്ടും കഴിക്കുന്നവർക്കും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 വർഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതൽ ശീലിച്ച രീതിയാണ് വെജിറ്റേറിയൻ ഭക്ഷണം.
അതേസമയം കലോത്സവത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടർന്ന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഇനി കലോത്സവങ്ങളിലെ ഊരുപുരയിലകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ‘കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു’- അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.