കൊച്ചി: വിഖ്യാത ഭാരതീയ ആധ്യാത്മിക പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും സിഎസ്ഐആർ മുൻ സീനിയർ സയന്റിസ്റ്റുമായ തൃപ്പൂണിത്തുറ ലായം റോഡ് ശ്രീ നിവാസിൽ ഡോ. എൻ ഗോപാലകൃഷ്ണൻ അന്തരിച്ചു. 68 വയസായിരുന്നു. സംസ്കാരം ഇന്ന് രാവിലെ11ന് മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിൽ നടക്കും. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു.
തൃപ്പൂണിത്തുറ കുഴുപ്പിള്ളി നാരായണന്‍ എബ്രാന്തിരി-സത്യഭാമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. ഭാര്യ: പരേതയായ രുഗ്മണി. മക്കള്‍: ഹരീഷ്( ഐടി, ബെംഗളൂരു), ഹേമ. മരുമകന്‍: ആനന്ദ്. സഹോദരങ്ങള്‍: എന്‍ ശ്രീനിവാസന്‍, എന്‍ വാസുദേവന്‍, എന്‍ ബാലചന്ദ്രന്‍, എന്‍ രാജഗോപാല്‍, വനജ ശ്രീനിവാസന്‍.
ശാസ്ത്രത്തെയും ആത്മീയതയെയും യുക്തിഭദ്രമായി കോര്‍ത്തിണക്കിയതിലൂടെയാണ് അദ്ദേഹം ദേശീയ അന്താരാഷ്ട്ര ശ്രദ്ധ കവര്‍ന്നത്.
Also Read- ഇടുക്കിയിൽ അരിക്കൊമ്പൻ ദൗത്യം തുടങ്ങി; ചിന്നക്കനാൽ പ്രദേശത്ത് നിരോധനാജ്ഞ
ഏഴ് പേറ്റന്റ് സ്വന്തമായിട്ടുള്ള ഡോ.ഗോപാലകൃഷ്ണന്‍ കെമിസ്ട്രിയില്‍ രണ്ട് എംഎസ്‌സിയും സോഷ്യോളജിയില്‍ എംഎയും ബയോകെമിസ്ട്രിയില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്. സയന്‍സില്‍ സംസ്‌കൃതത്തിന്റെ സാധ്യതകളെപ്പറ്റി ഗവേഷണം നടത്തി ഡിലിറ്റ് നേടിയ ഏക ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീർഘമായ പ്രഭാഷണങ്ങൾ നടത്തി.
മൂന്നു പതിറ്റാണ്ട് നീണ്ട ഗവേഷണ കാലയളവില്‍ 50 റിസേര്‍ച്ച് പേപ്പറുകള്‍ രാജ്യാന്തരതലത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രഗവേഷണത്തിനുള്ള ആറ് പുരസ്‌കാരവും ശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കുന്നതിനുള്ള ഒന്‍പത് രാജ്യാന്തര പുരസ്‌കാരവും രണ്ട് രാജ്യാന്തര ഫെല്ലോഷിപ്പും നേടി.
60 പുസ്തകങ്ങള്‍ എഴുതിയ അദ്ദേഹം പ്രഭാഷണങ്ങളുടെ 200 എംപി3 സിഡികളും 50 വീഡിയോ സിഡികളും പുറത്തിറക്കി. ആറായിരത്തിലേറെ പ്രഭാഷണങ്ങള്‍ രാജ്യത്തും വിദേശത്തുമായി നടത്തിയിട്ടുണ്ട്.
യുഎസ്, യുകെ, കാനഡ, ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളില്‍ ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റിയിൽ ഫെല്ലോയാണ്. 1999ൽ തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഡല്‍ഹിയിലെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിലെ ശാസ്ത്രജ്ഞനും ഡയറക്ടറുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.