• HOME
 • »
 • NEWS
 • »
 • kerala
 • »
 • വയലാറിന്റെ പേരിലെ അവാർഡിന്റെ ചരിത്രം; പുതിയ വിവാദം എന്ത് ?

വയലാറിന്റെ പേരിലെ അവാർഡിന്റെ ചരിത്രം; പുതിയ വിവാദം എന്ത് ?

വി ജെ ജെയിംസിന്റെ നിരീശ്വരൻ എന്ന കൃതിക്കാണ് ഇത്തവണത്തെ വയലാർ അവാർഡ് ലഭിച്ചത്

 • Last Updated :
 • Share this:
  മലയാളത്തിലെ മികച്ച സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പുരസ്കാരമാണ് വയലാർ പുരസ്കാരം. മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായിരുന്ന വയലാർ രാമവർമയുടെ ഓർമയ്ക്കായാണ് പുരസ്കാരം രൂപവത്കരിച്ചത്. എഴുത്തുകാരും സാംസ്കാരിക നായകന്മാരും അടങ്ങുന്ന സമിതി നിർദ്ദേശിക്കുന്ന കൃതികളിൽ നിന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാണ് വയലാർ അവാ‍ർഡ് നിശ്ചയിക്കുന്നത്. സർഗസാഹിത്യത്തിനുള്ള ഈ അവാർഡ് 1977ലാണ് ആരംഭിച്ചത്. വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രുപയാണ്. കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

  വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ്

  വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്. 1976ലാണ് ട്രസ്റ്റ് രൂപീകൃതമായത്. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന സി. അച്യുതമേനോനാണ് അതിന് മുന്‍കൈ എടുത്തത്. സി അച്യുതമേനോന്‍ മുഖ്യ രക്ഷാധികാരിയായും അദ്ദേഹത്തിന്‍റെ സഭയിലെ എല്ലാ അംഗങ്ങളും രക്ഷാധികാരികളായും സമൂഹത്തിലെ പ്രമുഖര്‍ രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പ്രസിഡന്‍റായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റിയുടെ ട്രഷര്‍ മലയാള മനോരമയുടെ ചീഫ് എഡിറ്ററായിരുന്ന കെ എം മാത്യു ആയിരുന്നു. മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സിന്‍റെ സെക്രട്ടറിയും വയലാറിന്‍റെ ഉറ്റ സുഹൃത്തുമായിരുന്ന എ കെ ഗോപാലനും സി വി ത്രിവിക്രമനുമായിരുന്നു സെക്രട്ടറിമാര്‍.

  Also Read- വയലാർ അവാർഡ് വി ജെ ജെയിംസിന്റെ നിരീശ്വരന്

  അവാർഡ് തുക

  1977 മുതല്‍ മുടങ്ങാതെ അവാര്‍ഡ് നല്‍കി വരുന്നു. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും, ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിക്കുന്ന ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു ആദ്യകാല അവാര്‍ഡ്. 2015 മുതല്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ സമ്മാനത്തുക ഒരു ലക്ഷമായി വധിപ്പിച്ചു. വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം മലയാള ഭാഷയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കണമെന്നതാണ് നിലപാടെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. അവാർഡ് നൽകുന്ന വർഷത്തിന്റെ തൊട്ടുമുമ്പുള്ള ഡിസംബർ 31ന് അവസാനിക്കുന്ന തുടർച്ചയായ അഞ്ചുവർഷങ്ങൾക്കുള്ളിൽ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. കഥ, കവിത, വിമർശനം തുടങ്ങിയ ഏതു ശാഖയിൽപ്പെട്ട കൃതികളും സമ്മാനർഹമാണ്.

  വയലാർ പുരസ്കാര ജേതാക്കൾ ഇതുവരെ

  1977- ലളിതാംബിക അന്തർജ്ജനം- അഗ്നിസാക്ഷി
  1978- പി കെ  ബാലകൃഷ്ണൻ- ഇനി ഞാൻ ഉറങ്ങട്ടെ
  1979- മലയാറ്റൂർ രാമകൃഷ്ണൻ- യന്ത്രം
  1980- തകഴി ശിവശങ്കരപ്പിള്ള- കയർ
  1981- വൈലോപ്പിള്ളി ശ്രീധരമേനോൻ- മകരക്കൊയ്ത്ത്
  1982- ഒ.എൻ.വി. കുറുപ്പ്- ഉപ്പ്
  1983- വിലാസിനി- അവകാശികൾ
  1984- സുഗതകുമാരി- അമ്പലമണി
  1985- എം.ടി. വാസുദേവൻ നായർ- രണ്ടാമൂഴം
  1986- എൻ.എൻ. കക്കാട്- സഫലമീയാത്ര
  1987- എൻ. കൃഷ്ണപിള്ള- പ്രതിപാത്രം ഭാഷണഭേദം
  1988- തിരുനെല്ലൂർ കരുണാകരൻ- തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
  1989- സുകുമാർ അഴീക്കോട്- തത്ത്വമസി
  1990- സി. രാധാകൃഷ്ണൻ- മുൻപേ പറക്കുന്ന പക്ഷികൾ
  1991- ഒ.വി. വിജയൻ-  ഗുരുസാഗരം
  1992- എം.കെ. സാനു-  ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹഭാജനം
  1993- ആനന്ദ് (പി. സച്ചിദാനന്ദൻ)- മരുഭൂമികൾ ഉണ്ടാകുന്നത്
  1994- കെ. സുരേന്ദ്രൻ- ഗുരു (നോവൽ)
  1995- തിക്കോടിയൻ- അരങ്ങു കാണാത്ത നടൻ
  1996- പെരുമ്പടവം ശ്രീധരൻ- ഒരു സങ്കീർത്തനം പോലെ
  1997- മാധവിക്കുട്ടി- നീർമാതളം പൂത്ത കാലം
  1998- എസ്. ഗുപ്തൻ നായർ- സൃഷ്ടിയും സ്രഷ്ടാവും
  1999- കോവിലൻ- തട്ടകം (നോവൽ)
  2000- എം.വി. ദേവൻ- ദേവസ്പന്ദനം
  2001- ടി. പത്മനാഭൻ- പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
  2002- കെ. അയ്യപ്പപ്പണിക്കർ- അയ്യപ്പപ്പണിക്കരുടെ കവിതകൾ (അവാർഡ് ഏറ്റുവാങ്ങാൻ വിസമ്മതിച്ചിരുന്നു)
  2003- എം. മുകുന്ദൻ- കേശവന്റെ വിലാപം
  2004- സാറാ ജോസഫ്- ആലാഹയുടെ പെൺ‌മക്കൾ
  2005- കെ.സച്ചിദാനന്ദൻ-  സാക്ഷ്യങ്ങൾ
  2006- സേതു- അടയാളങ്ങൾ
  2007- എം. ലീലാവതി- അപ്പുവിന്റെ അന്വേഷണം
  2008- എം.പി. വീരേന്ദ്രകുമാർ- ഹൈമവതഭൂവിൽ
  2009- എം. തോമസ് മാത്യു- മാരാർ, ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
  2010- വിഷ്ണുനാരായണൻ നമ്പൂതിരി- ചാരുലത (കവിതാ സമാഹാരം)
  2011- കെ.പി. രാമനുണ്ണി- ജീവിതത്തിന്റെ പുസ്തകം
  2012- അക്കിത്തം- അന്തിമഹാകാലം
  2013- പ്രഭാവർമ്മ- ശ്യാമമാധവം
  2014- കെ.ആർ. മീര - ആരാച്ചാർ
  2015- സുഭാഷ് ചന്ദ്രൻ- മനുഷ്യന് ഒരു ആമുഖം
  2016- യു.കെ. കുമാരൻ- തക്ഷൻകുന്ന് സ്വരൂപം
  2017- ടി.ഡി. രാമകൃഷ്ണൻ- സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
  2018- കെ.വി. മോഹൻകുമാർ- ഉഷ്ണരാശി
  2019- വി ജെ ജെയിംസ്- നിരീശ്വരൻ

  വയലാർ പുരസ്കാരവും ഈ വർഷത്തെ വിവാദവും ‌‌

  അവാർഡ് നിർണയത്തിൽ ബാഹ്യസമ്മർദമുണ്ടായെന്ന് ആരോപിച്ച് പ്രൊഫ.എംകെ സാനു അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജിവെച്ചതോടെയാണ് വിവാദം തുടങ്ങിയത്. വി ജെ ജെയിംസിന്റെ 'നിരീശ്വരൻ', ഏഴാച്ചേരി രാമചന്ദ്രന്റെ 'ഇലത്തുമ്പിലെ വജ്രദാഹം', പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥ 'തിളച്ച മണ്ണിൽ കാൽനടയായി' എന്നീ പുസ്തകങ്ങളാണ് ഇത്തവണ അവസാനഘട്ടത്തിലെത്തിയത്. ഇതിൽ നിരീശ്വരനും ഇലത്തുമ്പിലെ വജ്രദാഹവും സർഗാത്മകമായി മികച്ചുനിൽക്കുന്നുവെന്ന് എം കെ സാനു പറയുന്നു. എന്നാല്‍ ഇവയെ തഴഞ്ഞ് തിളച്ച മണ്ണിൽ കാൽനടയായി എന്ന പുസ്തകത്തിന് അവാർഡ് നൽകാൻ കടുത്ത സമ്മർദമാണുണ്ടായതെന്ന് എം കെ സാനു ആരോപിക്കുന്നു. അർഹതയില്ലാത്ത കൃതിക്ക് പുരസ്കാരം നൽകാൻ കൂട്ട് നിൽക്കാനാകാത്തതിനാലാണ് പുരസ്കാര നിർണ്ണയ കമ്മിറ്റിയിൽ നിന്ന് രാജി വച്ചതെന്നായിരുന്നു പ്രൊഫസർ എം കെ സാനു പറഞ്ഞത്.

  Also Read- 'രാജിവെച്ചത് സ്വാധീനത്തിന് വഴങ്ങാൻ കഴിയാത്തതിനാൽ': വയലാർ ട്രസ്റ്റിനെതിരെ പ്രൊഫ. എം കെ സാനു

  തന്റെ രാജി അവാർഡ് നിർണയ സമിതിയെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷയെന്നും മികച്ച കൃതിക്ക് തന്നെ പുരസ്കാരം നൽകുമെന്നാണ് പ്രതീക്ഷയെന്നും അവാർഡ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ മുൻപേ എംകെ സാനു വ്യക്തമാക്കിയിരുന്നു. ഒടുവിൽ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സർഗാത്മക കൃതിയെന്ന് സാനു തന്നെ അഭിപ്രായപ്പെട്ട വി ജെ ജെയിംസിന്റെ നിരീശ്വരൻ എന്ന കൃതിക്ക് തന്നെ പുരസ്കാരം ലഭിച്ചു.

  എന്നാൽ, ഒരു തരത്തിലുളള ബാഹ്യഇടപെടലും അവാർഡ് നിർണയത്തിൽ ഉണ്ടായിട്ടില്ലെന്നും ഒരിക്കലും അത്തരമൊരു ഇടപെടൽ വലയാർ അവാർഡിൽ ഉണ്ടായിട്ടില്ലെന്നും ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ വ്യക്തമാക്കി. ട്രസ്റ്റിന് നൽകിയ രാജിക്കത്തിൽ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് രാജിവയ്ക്കുന്നതായാണ് സാനു മാഷ് അറിയിച്ചിരിക്കുന്നതെന്ന് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. ഡോ എ കെ നമ്പ്യാർ, അനിൽ കുമാർ വള്ളത്തോൾ, ഡോ കെ വി മോഹൻ കുമാർ എന്നിവരായിരുന്നു അവാർ‍ഡ് നിർണയ സമിതിയിലെ അംഗങ്ങൾ.

  First published: