• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർക്കെതിരെ രൂക്ഷവിമർശനം രേഖപ്പെടുത്തി ചരിത്ര കോൺഗ്രസ്; പൊലീസ് നടപടിക്കെതിരെ പ്രമേയം

ഗവർണർക്കെതിരെ രൂക്ഷവിമർശനം രേഖപ്പെടുത്തി ചരിത്ര കോൺഗ്രസ്; പൊലീസ് നടപടിക്കെതിരെ പ്രമേയം

8 പ്രമേയങ്ങൾ പാസാക്കി എൺപതാമത്തെ സമ്മേളനം സമാപിച്ചു

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

  • News18
  • Last Updated :
  • Share this:
    കണ്ണൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷമായ വിമർശനം രേഖപ്പെടുത്തി കണ്ണരിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്‍റെ എൺപതാമത് സമ്മേളനം സമാപിച്ചു. പൗരത്വ നിയമഭേദഗതിയിൽ ഗവർണറുടെ അഭിപ്രായം ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി. വിദ്യാഭ്യാസമേഖലയെ സാരമായി ബാധിക്കുന്ന സമകാലിക വിഷയങ്ങളിൽ എട്ടു പ്രമേയങ്ങൾ കണ്ണൂരിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്‍റെ എൺപതാം സമ്മേളനം പാസാക്കി.
    ഉദ്ഘാടനചടങ്ങിൽ പൊലീസ് നടപടിക്കെതിരെ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രമേയം പാസാക്കി. ഗവർണർക്കെതിരെ പ്രതിഷേധിച്ചതിന് ഭാഗമായി നാല് പ്രതിനിധികളെ പൊ ലീസ് കസ്റ്റഡിയിലെടുത്തത് പൗരാവകാശ ലംഘനമായി പ്രമേയം വിലയിരുത്തി. പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുടെ പേരും മറ്റു വിവരങ്ങളും കേന്ദ്ര ഏജൻസികൾക്കോ മറ്റ് അന്വേഷണ സംഘങ്ങൾക്കോ കൈമാറരുതെന്നും സംസ്ഥാന സർക്കാരിനോട് ഇന്ത്യൻ ചരിത്ര കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

    ഗവർണറുടെ ഭാഗത്തുനിന്നാണ് വ്യക്തമായ പ്രോട്ടോകോൾ ലംഘനം ഉണ്ടായത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിലപാട്. സമാധാനപൂർണമായി പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായി. അവരെ സദസിൽ നിന്ന് നീക്കാനുള്ള ശ്രമം ഗവർണറുടെ താൽപര്യപ്രകാരമാണ് നടന്നതെന്നും ചരിത്രകാരന്മാരുടെ സംഘം കുറ്റപ്പെടുത്തി.

    ജാമിയ, ജവഹർലാൽ നെഹ്റു, അലിഗഡ് സർവകലാശാലകളിൽ പൊലീസ് നടത്തിയ അതിക്രമങ്ങളെ ഇന്ത്യൻ ചരിത്ര കോൺഗ്രസ് പ്രമേയത്തിലൂടെ രൂക്ഷമായി വിമർശിച്ചു. അക്കാദമിക് സ്വാതന്ത്ര്യത്തെയും ഗവേഷണത്തെയും ഇത്തരം നടപടികൾ സാരമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.

    കശ്മീരിൽ ഇൻറർനെറ്റ് സേവനം റദ്ദാക്കിയത് വിദ്യാഭ്യാസമേഖലയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചതായി ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് പ്രമേയത്തിലൂടെ വിമർശിച്ചു. കുട്ടികളെ അനധികൃതമായി തടവിൽ വയ്ക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുണ്ട്. കാശ്മീരിൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാത്തരം നിയന്ത്രണങ്ങളും അടിയന്തരമായി പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

    ഇന്ത്യയുടെ ചരിത്രം വളച്ചൊടിക്കാൻ ഉള്ള ശ്രമത്തെയും ചരിത്രസ്മാരകങ്ങൾ കമ്പോളത്തിൽ വിൽക്കാനുള്ള നീക്കത്തെയും കോൺഗ്രസ് ശക്തിയായി എതിർത്തു. ശാസ്ത്രീയമായ പഠനങ്ങൾക്ക് പ്രാധാന്യം നൽകാത്ത ദേശീയ വിദ്യാഭ്യാസ നയമാണ് നിലവിലുള്ളതെന്നും ഇന്ത്യൻ ചരിത്ര കോൺഗ്രസ് പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
    Published by:Joys Joy
    First published: