നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മദ്യലഹരിയില്‍ നേര്‍ച്ചയിടാന്‍ ചെന്നപ്പോള്‍ കാല്‍വഴുതി; വീഴാതിരിക്കാന്‍ പിടിച്ച കുരിശ് മറിഞ്ഞു പോയി'

  'മദ്യലഹരിയില്‍ നേര്‍ച്ചയിടാന്‍ ചെന്നപ്പോള്‍ കാല്‍വഴുതി; വീഴാതിരിക്കാന്‍ പിടിച്ച കുരിശ് മറിഞ്ഞു പോയി'

  സിസിടിവി പരിശോധിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്ന പോലീസിനുമുന്നിൽ അക്രമി തന്നെ എത്തുകയായിരുന്നു.

  News18

  News18

  • Share this:
  കഴിഞ്ഞ രാത്രി ഒമ്പതരയോടെയാണ് ചങ്ങനാശ്ശേരി കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയുടെ കുരിശടിയിലെ കൽവിളക്ക് തകർത്ത നിലയിൽ കണ്ടെത്തിയത്. രാത്രി ഇതുവഴി പോയ യാത്രക്കാരാണ് പള്ളിയുടെ കൽവിളക്ക് വിവിധ ഭാഗങ്ങൾ ആയി ചിതറി കിടക്കുന്നത് കണ്ടത്. സംഭവം പള്ളി ഭാരവാഹികളെ അറിയിച്ചതോടെ വിശ്വാസികൾ തടിച്ചുകൂടി. സംഭവമറിഞ്ഞതോടെ ജനപ്രതിനിധികളും നാട്ടുകാരും സ്ഥലത്തെത്തി. തുടർന്ന് പള്ളിക്കെതിരെ നടന്ന അക്രമിയെ കണ്ടെത്താനുള്ള തിരച്ചിൽ ആയി. പോലീസും വൻതോതിൽ സംഭവസ്ഥലത്തെത്തി.

  സിസിടിവി കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടന്നത്. സമീപത്തെ കടകളിലും പള്ളികളിലും ഉള്ള സിസിടിവി രാത്രി തന്നെ പോലീസ് പരിശോധിച്ചു. ഇതിനിടെ ബൈക്കിലെത്തി ആളാണ് അക്രമം നടത്തിയത് എന്ന് നാട്ടുകാരിൽ ചിലർ പോലീസിനോട് സംശയം പ്രകടിപ്പിച്ചു. ഇതേതുടർന്ന് രാത്രി വൈകിയും പോലീസ് ഈ മേഖലയിൽ ആകെ പരിശോധന നടത്തി. പള്ളിയുടെ കുരിശടിയിൽ നടന്ന അക്രമത്തിൽ വിശ്വാസികളും കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു. രാത്രി വൈകിയും നിരവധി ആളുകൾ പള്ളി സമീപത്ത് തടിച്ചുകൂടി. പള്ളി വികാരി ജോർജ് നൂഴായിത്തടം അക്രമ സംഭവത്തിൽ പൊലീസിന് പരാതിയും നൽകി.

  പൊലീസ് അന്വേഷണം ഊർജിതമായി തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ സംഭവത്തിലെ സസ്പെൻസ് പൊളിഞ്ഞത്. സിസിടിവി പരിശോധിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്ന പോലീസിനുമുന്നിൽ അക്രമി തന്നെ എത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയ ആൾ സംഭവം തുറന്നു പറഞ്ഞതോടെയാണ് വിശ്വാസികൾക്കും നാട്ടുകാർക്കും ആശ്വാസമായത്.

  കുറുമ്പനാടം ചൂരനോലി സ്വദേശി ആണ് കുറ്റസമ്മതം നടത്തി പൊലീസിനു മുന്നിൽ എത്തിയത്. എന്നാൽ മനപ്പൂർവ്വം അക്രമിച്ചത് അല്ല എന്ന് ഇയാൾ പോലീസിന് മൊഴി നൽകി.  ഇന്നലെ രാത്രി അമിതമായി മദ്യപിച്ചാണ് പള്ളിക്ക് മുന്നിലൂടെ വന്നത്. ഇതിനിടെ പള്ളിയുടെ കുരിശടി കണ്ടപ്പോൾ നേർച്ച സമർപ്പിക്കുന്നതിന് ആണ് കുരിശടിക്ക് ഉള്ളിലേക്ക് കയറിയത്. അമിതമായ മദ്യലഹരിയിൽ ആയതിനാൽ താൻ വീഴാൻ പോയി എന്ന് ചൂരനോലി സ്വദേശി പൊലീസിനു മുന്നിൽ നേരിട്ട് മൊഴി നൽകിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വീഴാൻ പോയപ്പോൾ പള്ളിയുടെ കൽവിളക്കിൽ പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിനിടെ കൽവിളക്ക് ഉൾപ്പെടെ താഴെ വീണു പോയതായി ഇയാൾ പോലീസിന് മൊഴി നൽകി. ഏതായാലും വിശ്വാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉണ്ടായ ഒരു സംഭവത്തിന്റെ യഥാർത്ഥ വസ്തുത പുറത്തുവന്ന ആശ്വാസത്തിലാണ് നാട്ടുകാരും വിശ്വാസികളും പോലീസും. സാമൂഹികവിരുദ്ധർ നടത്തിയ അക്രമം എന്നായിരുന്നു ഈ സംഭവത്തിൽ പൊലീസ് ആദ്യം അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. വിശ്വാസി തന്നെ നേരിട്ട്  ഉണ്ടായ സംഭവം തുറന്നു പറഞ്ഞതോടെ പൊലീസും അന്വേഷണം അവസാനിപ്പിച്ചു. വിശ്വാസികളുടെ വലിയ പ്രതിഷേധം ആളിക്കത്തിയതിനിടെ  സംഭവത്തിലെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ കഴിഞ്ഞത്  പോലീസിന് വലിയ ആശ്വാസമാണ്  പകർന്നിരിക്കുന്നത്. പള്ളി ഭാരവാഹികളും  ഇതേ വികാരമാണ് പങ്കുവെക്കുന്നത്.
  Published by:Sarath Mohanan
  First published: