വടകര: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ മനസിൽ തങ്ങിനിൽക്കുന്നത് വടകരയിലെ വള്ള്യാട് 115 ാം ബൂത്തിലെ കാഴ്ചയാണ്. അമ്മ വോട്ട് ചെയ്യാൻ പോയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈയിൽ കിടന്നുറങ്ങുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളുടെ ഹൃദയം കവർന്നത്.
കേരള പൊലീസ് ഇൻഫർമേഷൻ സെന്ററാണ് കുഞ്ഞിനെ കൈയിലേന്തി നിൽക്കുന്ന വടകരയിലെ ഹോംഗാർഡിന്റെ ചിത്രം പുറത്തുവിട്ടത്. പോളിംഗ് ബൂത്തിൽ ഹോംഗാർഡ് കൈക്കുഞ്ഞുമായി നിൽക്കുന്ന ചിത്രം പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിലിട്ടതോടെയാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്.
വടകര മണ്ഡലത്തിലെ വില്യാപ്പള്ളി വള്ള്യാട് സ്കൂളിലെ 115 ാം നമ്പർ ബൂത്തിലായിരുന്നു ഹോംഗാർഡ് ആയ രാധാകൃഷ്ണന് ഇന്ന് ഡ്യൂട്ടി. ബൂത്തിനുള്ളിൽ വോട്ടർമാരെ സഹായിച്ചു നിൽക്കുമ്പോഴാണ് കൈക്കുഞ്ഞുമായി ഒരു യുവതി വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്യാനുളള സൗകര്യത്തിനായി കുഞ്ഞിനെ എടുക്കാമോയെന്ന് യുവതി രാധാകൃഷ്ണനോട് ചോദിച്ചു. ഒന്നരമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിനെ കൈയിലേന്തി കുഞ്ഞിന്റെ അമ്മ വോട്ട് ചെയ്ത് വരുന്ന സമയം വരെ നിന്നു.
Lok Sabha Election 2019: വോട്ടിംഗ് യന്ത്രം പണിമുടക്കി; കൊയിലാണ്ടിയില്‍ രാത്രി 11 വരെ വോട്ടെടുപ്പ്
അതേസമയം, താൻ ചെയ്ത ഒരു ചെറിയ സഹായം ഇത്രത്തോളം ശ്രദ്ധയാകർഷിച്ചത് രാധാകൃഷ്ണൻ അറിഞ്ഞില്ല. പട്ടാളത്തിലായിരുന്ന രാധാകൃഷ്ണൻ ഒമ്പതുവർഷം മുമ്പാണ് ഹോംഗാർഡായി ജോലിയിൽ പ്രവേശിച്ചത്. മൂന്നര വര്‍ഷം കൊയിലാണ്ടി ട്രാഫിക്കിലും മൂന്നു വര്‍ഷത്തോളം ഹൈവേ പട്രോളിങ്ങിലും ആയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി വടകര ട്രാഫിക് സ്റ്റേഷനിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.