• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുഴി അടയ്ക്കലിനിടെ തർക്കം; യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചു; മൂന്നുപേർ ആശുപത്രിയിൽ; എട്ടു പേർ കസ്റ്റഡിയിൽ

കുഴി അടയ്ക്കലിനിടെ തർക്കം; യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചു; മൂന്നുപേർ ആശുപത്രിയിൽ; എട്ടു പേർ കസ്റ്റഡിയിൽ

റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കാറിലെത്തിയ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചത്

  • Last Updated :
  • Share this:
    റോഡ് പണിക്കിടെ യാത്രാതടസം ചോദ്യം ചെയ്ത കാർ യാത്രികരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ ഉള്‍പ്പടെ എട്ടുപേരാണ് പൊലീസ് കസ്റ്റഡിയിലായത്. കൊച്ചി ചെലവന്നൂരില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

    റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കാറിലെത്തിയ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്നു പേരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ചിലവന്നൂർ ചിറമേൽപറമ്പിൽ വിനോദ് വർഗീസ് (40), ജോസഫ് വിനു (36), ആന്റണി ജിജോ (40) എന്നിവർക്കാണു പൊള്ളലേറ്റത്. ഇവർ ബന്ധുക്കളാണ്.

    റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയവര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാര്‍ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.

    ഗുരുതരമായി പൊള്ളലേറ്റ വിനോദ് വര്‍ഗീസ്, സഹോദരന്‍ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാര്‍ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ടാറിംഗ് തൊഴിലാളിയെ കാര്‍ യാത്രക്കാര്‍ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാര്‍ കമ്പനി പറയുന്നത്.

    ദേശീയപാതയിലെ കുഴിയിൽ വീണ് എസ്.ഐയ്ക്ക് പരിക്ക്; അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ

    കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളം സ്റ്റേഷനിലെ എസ് ഐ ഉദയകുമാറാണ് അപകടത്തിൽപ്പെട്ടത്. സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിനൊന്ന് മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെ പി എ സി ജംഗ്ഷനിലെ കുഴിയിൽ വീണ് പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി.

    Also Read- Accident | റോഡിലെ കുഴിയിൽ സൈക്കിൾ വീണ് രണ്ടു പെൺകുട്ടികൾക്ക് പരുക്ക്

    ആലപ്പുഴ ജില്ലയിൽ ദേശിയ പാത 66 ൽ ഏറ്റവും കൂടുതൽ കുഴികളുള്ളത് ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിലാണ്. ഇതിൽ ഹരിപ്പാട് കൊറ്റംകുളങ്ങര ഭാഗത്ത് അറ്റുകുറ്റപ്പണി ഭാഗീകമായി പൂർത്തിയായി. എന്നാൽ കൊറ്റംകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ഇനിയും പണി തുടങ്ങിയിട്ടില്ല. ചിറക്കടവം, കെ പി എ സി, കായംകുളം ടൗൺ, കൊറ്റംകുളങ്ങര ഭാഗങ്ങളിലാണ് ഏറ്റവും അധികം കുഴികൾ. അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കുഴികൾ മൂലം യാത്രാതടസം അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികമായി അടച്ചെങ്കിലും പരിഹാരമായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസങ്ങളിലായി 7 തവണയാണ് പാലത്തിൽ മാത്രം കുഴി അടച്ചത്. അരൂർ-ചേർത്തല റീച്ചിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
    Published by:Anuraj GR
    First published: