കൊല്ലം: വിനോദസഞ്ചാരികളെയുംകൊണ്ടുള്ള യാത്രയ്ക്കിടെ കൊല്ലം ചവറയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. വിദേശികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ തീപിടിത്തമുണ്ടായ ബോട്ടിൽനിന്ന് സാഹസികമായി രക്ഷപ്പെടുത്തി. പൊന്മന കന്നിട്ടകടവിന് സമീപം തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്ക് വരുന്നതിനിടെ കന്നിട്ട കടവിന് സമീപം വെച്ച് ഹൗസ് ബോട്ടിന്‍റെ പിന്‍ഭാഗത്ത് തീപിടിത്തമുണ്ടായത്. തീപിടിച്ചത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. എന്നാൽ പിൻഭാഗത്തുനിന്ന് പുക വരുന്നത് കണ്ടതോടെ യാത്രക്കാരും ജീവനക്കാരും ബഹളംവെച്ചു.
ഇതോടെ സമീപത്തെ കടവിൽനിന്ന് വള്ളക്കാരെത്തി ഹൌസ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപെടുത്തുകയായിരുന്നു. ജര്‍മന്‍ സ്വദേശികളായ റിച്ചാര്‍ഡ്, ഭാര്യ ആന്‍ഡ്രിയാസ്, ഇവരുടെ മകന്‍ വാലൈന്‍റന്‍, ഹൗസ് ബോട്ടിന്‍റെ ഉടമസ്ഥന്‍ ജോജി മോന്‍ തോമസ്, ഡ്രൈവര്‍ ജോമോന്‍ ജോസഫ്, പാചകക്കാരന്‍ താജുദ്ദീന്‍ എന്നിവരെയാണ് വള്ളക്കാർ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചവറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽനിന്നായി നാല് യൂണിറ്റ് അഗ്നിശമന രക്ഷാസേന അംഗങ്ങളെത്തി തീ അണച്ചു. എന്നാൽ ഹൗസ് ബോട്ടിന്‍റെ 90 ശതമാനത്തോളം കത്തിനശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.