HOME » NEWS » Kerala » HOUSEWIFE WAS KILLED AFTER TIPPER LORRY HIT SCOOTER IN PERUMBAVOOR

Accident | ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു

ക്ഷേത്രം റോഡിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവതി ജോലിക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്

News18 Malayalam | news18-malayalam
Updated: July 6, 2021, 10:26 PM IST
Accident | ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു
Suma
  • Share this:
കൊച്ചി: ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. പെരുമ്പാവൂർ വെങ്ങോല അല്ലപ്ര കുറ്റിപ്പാടം കരോട്ട് വീട്ടില്‍ വിശ്വംരന്റെ ഭാര്യ സുമയാണ് (42) മരിച്ചത്. ഇന്നു രാവിലെ പത്തരയോടെ ഔഷധി ജങ്ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. ശ്രീധര്‍മ ശാസ്ത ക്ഷേത്രം റോഡിലേക്ക് സ്‌കൂട്ടര്‍ തിരിയുമ്പോള്‍ പിന്നാലെ എത്തിയ ടിപ്പര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് മറിഞ്ഞു വീണ വീട്ടമ്മയുടെ ശരീരത്തില്‍ ടിപ്പർ ലോറിയുടെ പിന്‍ ചക്രങ്ങള്‍ കയറി ഇറങ്ങി തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.

ക്ഷേത്രം റോഡിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്ന യുവതി ജോലിക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. കാലടി ഭാഗത്ത് നിന്ന് വന്ന ടിപ്പര്‍ എ. എം റോഡിലേക്ക് പോകാന്‍ വണ്‍വേയിലേക്കു കയറുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. അക്ഷയ് കൃഷ്ണ, അനന്തു കൃഷ്ണ എന്നിവരാണ് സുമയുടെ മക്കള്‍. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ന് ഉണ്ടായ സമാനമായ മറ്റൊരു സംഭവത്തിൽ കൊട്ടാരക്കര പുത്തൂർ മൈലംകുളം സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. പൂയപ്പള്ളി സ്വദേശി 48 വയസ്സുള്ള വത്സല അമ്മയാണ് മരിച്ചത്. ബന്ധുവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പിൻ സീറ്റിൽ ഇരുന്ന വത്സല അമ്മ ലോറിക്കടിയിൽ അകപ്പെട്ടിരുന്നു. ഉടൻ തന്നെ കൊട്ടാരക്കരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ചെങ്ങന്നൂരിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിച്ച് ഭർത്താവ് മരിച്ചു

ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂര്‍ ചെറിയനാട് കാര്‍ത്തിക്ക് നിവാസില്‍ ചെറുവള്ളില്‍ വീട്ടില്‍ കുട്ടന്‍ ആചാരി (72) ആണ്​ മരിച്ചത്. ഭാര്യ വിജയമ്മ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ കോഴഞ്ചേരി-മാവേലിക്കര എം കെ, റോഡില്‍ ചെറിയനാട് പടനിലം ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൊല്ലകടവില്‍ നിന്നും, ചെങ്ങന്നൂര്‍ ഭാഗത്തേക്കു അമിത വേഗതയിൽ എത്തിയ ബൈക്ക്‌ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്ന് തലയിടിച്ചാണ് കുട്ടൻ ആചാരി റോഡിലേക്ക് വീണ്ടതെന്ന് പോലീസ് പറഞ്ഞു.

പാലോട് നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാലോട് ചെല്ലഞ്ചി കടവിൽ കുളിക്കാൻ ഇറങ്ങിയ സജി (38) യാണ് മരിച്ചത്. മുതുവിള പരപ്പിൽ സ്വദേശിയാണ് ഇദ്ദേഹം. കുളിക്കുന്നതിനിടെ ചുഴിയിൽ അകപ്പെട്ട സജിയെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വാമനപുരം നദിയുടെ ചെല്ലഞ്ചി ഭാഗത്താണ് അപകടം ഉണ്ടായത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കണ്ണൂർ: ചെറുവാഞ്ചേരി പൂവത്തൂർ പാലത്തിന് സമീപം കൊല്ലംകുണ്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. പാലക്കൂൽ ഹൗസിൽ പി മൻസീർ (26)  മാനന്തേരി വണ്ണാത്തിമൂല ചുണ്ടയിൽ ഹൗസിൽ സി സി നാജിഷ് (22) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

Also Read- ഇമ്രാന്റെ ചികിത്സക്ക് വേണം 18 കോടി രൂപയുടെ വാക്സിൻ; സ്പൈനൽ മസ്കുലാർ അട്രൊഫി നേരിട്ട് ആറുമാസം പ്രായമുള്ള കുട്ടി

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരേയും നാട്ടുകാരാണ് കരക്കെത്തിച്ചത്. ഉടൻ പാട്യം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ - തസ്നി ദമ്പതിമാരുടെ മകനാണ് നാജിഷ്. മട്ടന്നൂരിലെ ജ്വല്ലറി ജീവനക്കാരനാണ്. സഹോദരങ്ങൾ: നകാശ്, നഹിയാൻ.
Published by: Anuraj GR
First published: July 6, 2021, 10:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories