മുപ്പത് ലക്ഷത്തോളം മുടക്കിയിട്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത് 368 വോട്ടുകൾ; കേരളത്തിൽ AAP നിലംപരിശായത് ഇങ്ങനെ

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ വോട്ട് ബാങ്ക് ഉണ്ടായിട്ടും അതിനെ പിന്നീടിങ്ങോട്ട് വള‍ർത്തിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല.

Joys Joy | news18
Updated: April 8, 2019, 7:50 PM IST
മുപ്പത് ലക്ഷത്തോളം മുടക്കിയിട്ട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത് 368 വോട്ടുകൾ; കേരളത്തിൽ AAP നിലംപരിശായത് ഇങ്ങനെ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ വോട്ട് ബാങ്ക് ഉണ്ടായിട്ടും അതിനെ പിന്നീടിങ്ങോട്ട് വള‍ർത്തിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല.
  • News18
  • Last Updated: April 8, 2019, 7:50 PM IST
  • Share this:
രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ച ഒന്നായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർടിയുടെ കേരളത്തിലെ പ്രകടനം. മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ജയപരാജയങ്ങളെ ഈ വോട്ടുകൾ നിർണയിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ പരാജയത്തിന് കാരണമായത് ആം ആദ്മി സ്ഥാനാർഥി സാറ ജോസഫ് പിടിച്ച വോട്ടുകളായിരുന്നു. 45,000ത്തിനടുത്ത് വോട്ടുകളായിരുന്നു അവരന്ന് നേടിയത്. കോൺഗ്രസ് സ്ഥാനാർഥി കെ.പി ധനപാലന്‍റെ പരാജയം ഉറപ്പിക്കാൻ ഈ വോട്ടുകൾക്ക് കഴിയുകയും ചെയ്തു. എറണാകുളത്ത് എഎപിയുടെ സ്ഥാനാർഥിയായിരുന്ന അനിതാ പ്രതാപ് 50,000 ത്തിനു മുകളിൽ വോട്ട് നേടി. ഏകദേശം രണ്ടരലക്ഷത്തോളം വോട്ടുകളാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എഎപി കേരളത്തിൽ നേടിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ വോട്ട് ബാങ്ക് ഉണ്ടായിട്ടും അതിനെ പിന്നീടിങ്ങോട്ട് വള‍ർത്തിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം പാർട്ടിയെ വള‍ർത്തിയില്ല എന്നതു തന്നെയാണ് ഇത്തവണ സ്ഥാനാ‍ർഥികളെ തെരഞ്ഞെടുപ്പിൽ നിർത്താതിരിക്കാനുള്ള പ്രധാനകാരണം. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് പാർട്ടി ഇവിടെ ശക്തിപ്പെട്ടിരുന്നെങ്കിൽ സ്ഥാനാ‍ർഥികളെ നിർത്താതിരിക്കാൻ മേൽപറഞ്ഞതൊന്നും ഒരു കാരണമാകുമായിരുന്നില്ല.

2014 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം സംഭവിച്ചത്

ശരിക്കും 2014ൽ എഎപി കേരളത്തിൽ ഒരു തരംഗമായിരുന്നു. സാറാ ജോസഫ് നേതൃനിരയിൽ ഉണ്ടായിരുന്ന സമയത്ത് 140 മണ്ഡലങ്ങളിലും കമ്മിറ്റികൾ ഉണ്ടായിരുന്നതായി പാർട്ടിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അതിനു ശേഷം വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് സാറ ജോസഫിന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റി മാറുകയും പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠന്‍റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി വരികയും ചെയ്തു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം പോലും ലഭിച്ചിരുന്നില്ല. നേതൃത്വം ചിഹ്നത്തിന് ശ്രമിക്കുക കൂടി ചെയ്തില്ല എന്നാണ് പ്രവ‍ത്തകർ ഉന്നയിക്കുന്ന ആരോപണം. പുതുതായി വന്ന നേതൃത്വത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നു. സംസ്ഥാനത്ത് ഒരു പ്രാദേശിക കമ്മിറ്റി പോലും സജീവമല്ലാതായി.

എന്നാൽ, കെജ്രിവാളിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിൽ കേരളത്തിൽ വർദ്ധനവ് ഉണ്ടായി. അതേസമയം, കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ദേശീയനേതൃത്വം എത്രത്തോളം തൽപരരാണ് എന്നതും ചോദ്യമാണ്. എന്നാൽ, കേരളത്തിൽ അരവിന്ദ് കെജ്രിവാളിന് പിന്തുണ വർദ്ധിച്ചതായി പാർട്ടിയുടെ AAP കേരളഘടകം സംസ്ഥാന സെക്രട്ടറി തുഫൈൽ പി.ടി പറഞ്ഞു. സോഷ്യൽ മീഡിയയിലടക്കം അത് ദൃശ്യമാണെന്നും തുഫൈൽ വ്യക്തമാക്കി. ആറു മാസം മുമ്പ് മാത്രമാണ് തുഫൈൽ പാർട്ടിയുടെ തലപ്പത്തേക്ക് എത്തിയത്. കെജ്രിവാളിന് പിന്തുണ കൂടുന്നുണ്ടെങ്കിലും പാർട്ടിയുടെ വള‍ർച്ച സംസ്ഥാനത്ത് താഴോട്ടാണ്. സംസ്ഥാന നേതൃത്വത്തിലെ പ്രശ്നങ്ങളും അതിനൊരു കാരണമായി.

പാർട്ടിയിൽ പൊട്ടിത്തെറിയായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാർട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടും നേടാൻ കഴിഞ്ഞത് 368 വോട്ടുകൾ മാത്രമായിരുന്നു. ചെങ്ങന്നൂ‍ർ ഉപതെരഞ്ഞെടുപ്പിന് ശേഷം സാമ്പത്തികമായ ആരോപണങ്ങളും വന്നു തുടങ്ങി. ചെങ്ങന്നൂ‍ർ ഉപതെരഞ്ഞെടുപ്പിന്‍റെ വരവു - ചെലവ് കണക്കുകൾ ഇതുവരെ പ്രവർത്തകർക്ക് മുമ്പിൽ വെക്കാനും നേതൃത്വത്തിന് കഴിഞ്ഞിട്ടുമില്ലെന്ന് പാർട്ടിയുമായി ബന്ധപ്പെട്ടവർ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്. വർഷം ഒന്നു കഴിഞ്ഞിട്ടും ഇതുവരെ ചെലവ് സംബന്ധിച്ച് അന്തിമ രൂപമാക്കാനായിട്ടില്ല. ഇനിയെങ്കിലും മറുപടി നൽകിയില്ലെങ്കിൽ വെറുതെയിരിക്കില്ലെന്ന് പാർട്ടിയെ സ്നേഹിക്കുന്ന പ്രവർത്തകരും വ്യക്തമാക്കി കഴിഞ്ഞു. വിജിലൻസ് കേസിനു മടിക്കില്ലെന്ന് പോലും ചില പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി സംഭാവന നല്‍കിയ വിദേശ രാജ്യങ്ങളിലെ ചില എഎപി പ്രവർത്തകർക്ക് സംഭാവന നൽകിയതിന്‍റെ റെസീപ്റ്റ് പോലും ലഭിച്ചിട്ടില്ലെന്നും പരാതിയുള്ളതായി പാർട്ടിയുമായി ബന്ധപ്പെട്ട ചിലർ വ്യക്തമാക്കി.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ദയനീയ പരാജയമായിരുന്നു ആം ആദ്മി പാർട്ടിക്ക് നേരിടേണ്ടി വന്നത്. കൊച്ചി കോര്‍പറേഷനിലെ വൈറ്റിലയില്‍ 119 വോട്ട് നേടിയപ്പോൾ പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് വെറും നാല് വോട്ട് മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ദേശീയനേതൃത്വം സംസ്ഥാനത്തിന്‍റെ ഉത്തരവാദിത്തപ്പെട്ടവരോട് പറഞ്ഞത് കേരളത്തിൽ നിന്ന് വിവാദങ്ങൾ ഉണ്ടാകരുതെന്ന് കൂടിയായിരുന്നു. അതേസമയം, സംസ്ഥാന നേതൃമാറ്റത്തിനു വേണ്ടി നിരവധി പ്രവർത്തകർ ഇതിനകം തന്നെ രംഗത്തെത്തി കഴിഞ്ഞു. എന്തെങ്കിലും ചെയ്യുകയാണെങ്കിൽ നല്ലത്. അതിനപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നാണ് കേരളത്തിലെ പ്രവർത്തകരോട് കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചനകൾ.

ഇനി എന്താണ് ആം ആദ്മി പാർട്ടി കേരളത്തിൽ ചെയ്യുക

സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണെന്നാണ് അതിലെ സാധാരണപ്രവർത്തകർ ആവശ്യപ്പെടുന്നത്. സാമ്പത്തിക ആരോപണങ്ങൾ കൂടി ഉയ‍ർന്ന സാഹചര്യത്തിൽ വലിയൊരു പ്രക്ഷോഭമാണ് നേതൃമാറ്റത്തിനു വേണ്ടി പാർട്ടിക്കുള്ളിൽ നടക്കുന്നത്. പാർട്ടിക്കുള്ളിലെ 99 ശതമാനം ആളുകളും നേതൃമാറ്റം ആവശ്യപ്പെടുമ്പോൾ മുപ്പതോളം ആളുകൾ മാത്രമാണ് നേതൃത്വത്തിന് ഒപ്പമുള്ളതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില പ്രവർത്തകർ പറഞ്ഞു.

അതേസമയം, പാർട്ടിയുടെ പ്രവ‍ർത്തനം ശക്തമല്ലെങ്കിലും കേരളത്തിലെ പാർട്ടിക്കുള്ളിൽ നിന്ന് വിവാദങ്ങൾ ഒന്നും ഉണ്ടാകരുതെന്നാണ് ആം ആദ്മി പാ‍ർട്ടിയുടെ കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇത്തവണ മത്സരിക്കേണ്ടെന്ന നിലപാട് എടുക്കുമ്പോഴും സജീവമായി പ്രവർത്തനങ്ങൾ ഒന്നും നടത്തിയില്ലെങ്കിലും കേരളത്തിലെ ഘടകത്തിൽ നിന്ന് വിവാദങ്ങൾ ഉണ്ടാകരുതെന്നുള്ള ശക്തമായ നിർദ്ദേശം ദേശീയനേതൃത്വം നൽകിയിട്ടുണ്ട്.

കേരളത്തിൽ ഒരു പൊളിച്ചെഴുത്തിന് സാധ്യതയുണ്ടോ

ഇപ്പോഴത്തെ സാഹചര്യത്തിൽ പാ‍ർട്ടിയിലേക്ക് വരാൻ മടിച്ചു നിൽക്കുന്ന നിരവധി പേരുണ്ട്. പ്രമുഖരായിട്ടുള്ള ആളുകൾ ഉൾപ്പെടെ. നിലവിലെ നേതൃത്വത്തിൽ അതൃപ്തിയുള്ളവരാണ് പാർട്ടിയിലേക്ക് വരാൻ മടിച്ചു നിൽക്കുന്നത്. പാർട്ടിയിലേക്ക് വരാൻ ആഗ്രഹമുള്ള മുതിർന്ന ബ്യൂറോക്രാറ്റുകളും നിയമജ്ഞരും ഉൾപ്പെടെയുള്ളവർ പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ അതൃപ്തരാണ്. യാതൊരുവിധ പദവിയും ആഗ്രഹിക്കാതെ ആം ആദ്മി പാർട്ടിയിലേക്ക് എത്താൻ ആഗ്രഹിക്കുന്നവരുമുണ്ട്. എന്നാൽ, വളക്കൂറുള്ള മണ്ണായിട്ടും തരിശായി ഇട്ടിരിക്കുകയാണ് കേരളത്തിലെ ആം ആദ്മി പാർട്ടി. കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തെ ഒന്നു പുതുക്കിയെടുത്താൽ പാർട്ടിയിലേക്ക് വരാൻ തയ്യാറായി ഇരിക്കുന്ന നിരവധിയാളുകളുണ്ട്. എന്നാൽ, കേന്ദ്രനേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് അത്തരമൊരു നടപടി തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയമാറ്റങ്ങളെ ആശ്രയിച്ചായിരിക്കും.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷം വോട്ടുകൾ; കേരളത്തിൽ പക്ഷേ ഇത്തവണ ആം ആദ്മിയില്ല
First published: April 8, 2019, 7:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading