ഇന്റർഫേസ് /വാർത്ത /Kerala / 'നല്ലവനായ അടൂർ പ്രകാശ്': കോന്നിയിൽ കണ്ടത്

'നല്ലവനായ അടൂർ പ്രകാശ്': കോന്നിയിൽ കണ്ടത്

അടൂർ പ്രകാശ്

അടൂർ പ്രകാശ്

'നല്ലവനായ അടൂർ പ്രകാശാ'യിരുന്നു ബി.ജെ.പി. വേദിയിലെ പ്രധാന വിഷയം

  • Share this:

    # ടി.ജെ.ശ്രീലാൽ

    തിരഞ്ഞെടുപ്പ് ഒന്ന് ഓടി നടന്ന് കാണാൻ എത്തിയതായിരുന്നു കോന്നിയിൽ. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സി.പി.ഐ.യുടേയും ബി.ജെ.പി.യുടേയും നേതാക്കളെ കണ്ടു. അവരുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പോയി പ്രസംഗം കേട്ടു. അങ്ങനെ ഒരു പ്രസംഗ വേദിയിൽ കേട്ടതാണ് 'നല്ലവനായ അടൂർ പ്രകാശ്' എന്ന പ്രയോഗം. കോൺഗ്രസിന്റെ പ്രാസംഗികനല്ല അതു പറഞ്ഞത്. കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് വേദിയിലാണ്.

    'നല്ലവനായ അടൂർ പ്രകാശാ'യിരുന്നു ബി.ജെ.പി. വേദിയിലെ പ്രധാന വിഷയം. അടൂർ പ്രകാശ് സിപിഎമ്മിനെ എതിർത്ത് നിന്ന നേതാവാണ്. ആ നേതാവിനെ കോൺഗ്രസ് പിന്നിൽ നിന്ന് കുത്തി. അതുകൊണ്ട് തന്നെ നല്ലവനായ അടൂർ പ്രകാശിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ ഈ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യില്ല. അവർ ബി.ജെ.പി.ക്കൊപ്പം നൽക്കും. എൻ.ഡി.എ. പ്രാസംഗികൻ തുടങ്ങിയത് തന്നെ ഇങ്ങനെയായിരുന്നു. അടൂർ പ്രകാശ് കഴിഞ്ഞേയുള്ളൂ സ്ഥാനാർത്ഥി സുരേന്ദ്രനും ശബരിമലയും അയ്യപ്പനുമെല്ലാം. ഈ തിരഞ്ഞെടുപ്പിൽ കോന്നിയിലെ താരം അടൂർ പ്രകാശ് തന്നെ.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    യുഡിഎഫിന്റെ പ്രതിസന്ധി

    പോകുന്നിടത്തെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ ആവുന്നത്ര ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നുണ്ട്. യോഗത്തിൽ അടൂർ പ്രകാശ് ഉണ്ടെങ്കിലും ഇല്ലങ്കിലും. പക്ഷെ അത് പ്രവർത്തകരിൽ അത്ര ആഴത്തിലെത്തുന്നില്ല. കോന്നിയെ 23 വർഷം പ്രതിനിധീകരിച്ച നേതാവിനെ കറിവേപ്പിലയാക്കിയെന്ന അമർഷം അടൂർ  പ്രകാശിനൊപ്പമുള്ളവർക്കുണ്ട്. അത് മറികടക്കാൻ അടൂർ പ്രകാശിനെ കുടുംബയോഗങ്ങൾ അവതരിപ്പിക്കുകയാണ് കോൺഗ്രസ്.

    പൊതു പരിപാടികളെക്കാൾ ഏറെ അടൂർ പ്രകാശ് പങ്കെടുക്കുന്നത് കുടുംബ യോഗങ്ങളിലാണ്. അടൂർ പ്രകാശ് എത്തുന്ന കുടുംബ യോഗങ്ങളിൽ ആളുണ്ട്. അടൂർ പ്രകാശ് നിർദ്ദേശിച്ച റോബിൻ പീറ്ററായിരുന്നെങ്കിൽ നിഷ്പ്രയാസം ജയിച്ചേനേ. കുടുംബയോഗത്തിൽ 'നല്ലവനായ നേതാവ്' കോൺഗ്രസിനെ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുമ്പോൾ പുറത്ത് അനുഭാവികൾ അമർഷം ചവച്ച് തുപ്പി. ഈ യോഗങ്ങളിലെല്ലാം റോബിൻ പീറ്റർ സജീവമാണ്.

    വേദനിപ്പിക്കാതെ എൽഡിഎഫ്

    'നല്ലവനായ അടൂർപ്രകാശി'നെ പേരെടുത്ത് പറഞ്ഞ് ആക്രമിക്കാൻ ഇത്തവണ സി.പി.എമ്മും വലിയ താൽപര്യം കാണിക്കുന്നില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം സി.പി.എം. സർവ്വ ആയുധങ്ങളുമെടുത്ത് ആക്രമിച്ച നേതാവാണ് ആടൂർ പ്രകാശ്. ഇത്തവണ പക്ഷെ മണ്ഡലത്തിന്റെ വികസന മുരടിപ്പിൽ പിടിച്ചാണ് പ്രചാരണം. അടൂർ പ്രകാശിന്റെ അനുയായികൾ ഇനിയെങ്ങാനും മാറി വോട്ട് ചെയ്യാൻ തീരുമാനിച്ചാൽ അവരെ വെറുതെ ആട്ടി അകറ്റേണ്ട. ഇത് തന്നെ സി.പി.എമ്മിന്റെയും മനസ്സിൽ.

    തുടക്കത്തിലേ അതൃപ്തി

    തന്റെ നിർദ്ദേശം പരിഗണിക്കാത്തതിലും കോന്നിയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പറഞ്ഞയച്ചതിലും അടൂർ പ്രകാശിന് അതൃപ്തിയുണ്ട്. ആറ്റിങ്ങല്‍ ലോക്സഭാ സീറ്റിൽ മത്സരിക്കാൻ പറഞ്ഞയച്ചത് വിജയിക്കുമെന്ന് കരുതിയൊന്നുമല്ല. ആറ്റിങ്ങൽ ജയസാധ്യതയുള്ള സീറ്റുമായിരുന്നില്ല. ജയിക്കുമെന്ന പ്രതീക്ഷയോടെയല്ല പോയതും. പക്ഷെ പോരാടി വിജയിച്ചു. കുടുംബയോഗങ്ങളിൽ അടൂർ പ്രകാശ് പറയുന്ന കാര്യങ്ങളാണിത്. ഈ വാക്കുകളിലെ അതൃപ്തി ഊഹിച്ചെടുക്കുമോ കോന്നിയിലെ വോട്ടർമാർ? അങ്ങനെയുണ്ടായാൽ അതിശയിക്കേണ്ട. കോന്നിയിൽ ഏച്ചുകെട്ടിയത് മുഴച്ചു തന്നെ നിൽക്കുകയാണ്.

    First published:

    Tags: Adoor Prakash, Bjp, Konni By-Election, Konni byElection