• HOME
  • »
  • NEWS
  • »
  • kerala
  • »
  • SilverLine | സിൽവർ ലൈൻ ഡി.പി.ആർ. തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി? സർക്കാരിനോട് ചോദ്യങ്ങളുമായി കോടതി

SilverLine | സിൽവർ ലൈൻ ഡി.പി.ആർ. തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി? സർക്കാരിനോട് ചോദ്യങ്ങളുമായി കോടതി

സര്‍വേ നിയമപ്രകാരം മാത്രമേ കെ-റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി

സിൽവർലൈൻ

സിൽവർലൈൻ

  • Share this:
    കൊച്ചി: കെ-റെയിലിൽ (K-Rail) സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. ഡി.പി.ആർ. തയാറാക്കിയതെങ്ങനെയെന്ന് അറിയിക്കാൻ നിർദേശം നൽകുകയും, ഏരിയൽ സർവെയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും കോടതി സർക്കാരിനോടാവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. കെ-റെയിലിനെതിരായ വിവിധ ഹർജികൾ ഹൈക്കോടതി ഫെബ്രുവരി 11 ലേക്ക്  മാറ്റി.

    കെ-റെയിൽ സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിന് മുൻപ് എങ്ങനെ പ്രിലിമിനറി സർവേ നടത്തി? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടത്തിയത്? വിശദ പദ്ധതിരേഖയ്ക്കായി എന്തൊക്കെ ഘടകങ്ങളാണ് പരിഗണിച്ചത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് കെ-റെയിലിനെതിരായ വിവിധ ഹർജികളിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്.

    അതേസമയം, ഏരിയൽ സർവെയുടെ അടിസ്ഥാനത്തിലാണ് ഡി.പി.ആർ. തയ്യാറാക്കിയത്. പദ്ധതിക്ക് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഹർജിയിൽ വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാമെന്നും സർക്കാർ പറഞ്ഞു. എന്നാൽ ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തി കൊണ്ട് പദ്ധതി നടപ്പാക്കാനാകില്ലെന്ന് ഹൈക്കോടതി സർക്കാരിനെ ഓർമ്മിപ്പിച്ചു.

    കെ-റെയിൽ പദ്ധതിയിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റെയിൽവേ ബോർഡ് കോടതിയെ അറിയിച്ചത്. ഡി.പി.ആർ. പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. പദ്ധതിയുടെ സാങ്കേതിക റിപ്പോർട്ടുകൾ, അലൈൻമെന്റ് പ്ലാൻ തുടങ്ങിയവ കെ.ആർ.ഡി.സി.എല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ സാമ്പത്തിക പ്രായോഗികതയടക്കമുള്ള ഘടകങ്ങൾ വിലയിരുത്തണം. നീതി ആയോഗിന്റെയും ധനമന്ത്രാലയത്തിന്റെയും പരിശോധനയ്ക്ക് ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നൽകൂവെന്നും റെയിൽവേ ബോർഡ്  കോടതിയിൽ വ്യക്തമാക്കി.

    ഏരിയൽ സർവെയുടെയും ഡി.പി.ആർ. തയ്യാറാക്കിയത് സംബന്ധിച്ചുമുള്ള വിശദാംശങ്ങൾ സർക്കാരിനോടാവശ്യപ്പെട്ട കോടതി ഹർജികൾ ഫെബ്രുവരി  പതിനൊന്നിന് പരിഗണിക്കാനായി മാറ്റി. അതുവരെ ഹർജിക്കാരുടെ ഭൂമിയിലെ സർവേ നടപടികൾ നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.



    കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ കെ-റെയില്‍ എന്നെഴുതിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിന്  ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കല്ലുകള്‍ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ വ്യക്തതിയില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

    സര്‍വേ നിയമപ്രകാരം മാത്രമേ കെ-റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാനാകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണ് സില്‍വര്‍ലൈന്‍. ഇത് പോര്‍വിളി നടത്തിയല്ല നടപ്പാക്കേണ്ടതെന്ന് പറഞ്ഞ കോടതി, കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി.

    നിയമം അനുശാസിക്കുന്ന തരത്തില്‍ മാത്രമേ പദ്ധതികള്‍ നടപ്പാക്കാനാകൂ. ജനങ്ങളെ ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും ഇത്തരം പദ്ധതികള്‍ നടപ്പാക്കാമെന്ന് കരുതരുതെന്നും കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. ഇതിനകം സ്ഥാപിച്ച നിയമപരമല്ലാത്ത കല്ലുകള്‍ എന്തു ചെയ്യണമെന്ന് കെ-റയില്‍ അറിയിക്കണമെന്നും സര്‍വേ നിയമപ്രകാരമുള്ള അതിരടയാള കല്ല് സ്ഥാപിക്കുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.

    സില്‍വര്‍ ലൈന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാത്ത കേന്ദ്രസര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം. നീതിപീഠത്തെ ഇരുട്ടില്‍ നിര്‍ത്തരുത്. കേന്ദ്രസര്‍ക്കാര്‍ നിലപാടെന്താണെന്ന് എ.എസ്.ജി. അറിയിക്കണം. കേന്ദ്രസര്‍ക്കാരിനും റയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ തന്നെ ഹാജരാകുന്നത് ശരിയല്ല.

    സില്‍വര്‍ലൈനില്‍ കേന്ദ്രസര്‍ക്കാരിനും റയില്‍വേക്കും ഭിന്നതാല്‍പര്യമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സില്‍വര്‍ലൈനിലെ സ്ഥലമേറ്റെടുപ്പ് ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികൾ തുടർന്ന് ഇന്ന്  വിശദമായി വാദം കേള്‍ക്കാനായി കോടതി മാറ്റുകയായിരുന്നു.
    Published by:user_57
    First published: