പട്ടികവർഗ- പരിവർത്തിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേക കോർപറേഷനുള്ളത് പോലെ മുസ്ലിംകൾക്കും അത്തരമൊരു സംവിധാനം രൂപീകരിക്കണം എന്ന് പറയുമ്പോൾ അത് എങ്ങനെയാണ് മതേതരവിരുദ്ധവും വർഗീയ വാദവും ആവുന്നതെന്ന ചോദ്യവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഇ എം അബ്ദുറഹ്മാൻ. മുസ്ലിംങ്ങൾ നേരിടുന്ന പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി മുന്നോട്ട് വച്ച ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്ന് ആവാശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്. അവകാശ സംരക്ഷണത്തിനായി മുസ്ലിംങ്ങൾ തെരുവിലിറങ്ങേണ്ട നിര്‍ബന്ധിതാവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം വിഭാഗത്തിൽ പെട്ടവർക്കുണ്ടായിരുന്ന ആനുകൂല്യങ്ങൾ ബാഹ്യ സമ്മർദങ്ങൾക്കും സ്ഥാപിത താത്പര്യങ്ങൾക്കും അടിപ്പെട്ട് ഇല്ലാതായിരിക്കുകയാണ്. സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് തുടങ്ങിയ ഈ പ്രക്ഷോഭത്തെ കുറിച്ച് തെറ്റായ ധാരണകൾ പ്രചരിപ്പിച്ച് പൊതുജനശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ശ്രമങ്ങൾ വിലപ്പോവില്ല എന്നും അദ്ദേഹം പറഞ്ഞു.
സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകൾ പ്രകാരം രാജ്യത്തെ മുസ്ലിംങ്ങൾ മറ്റേതൊരു സമൂഹത്തെക്കാളും പിന്നാക്കാവസ്ഥ അനുഭവിക്കുന്നുണ്ട് എന്ന് വ്യക്തമായിട്ടുള്ളതാണ്. വിദ്യാഭ്യാസത്തിന്റെയും ഭൂഉടമസ്ഥതയുടേയും കാര്യത്തില്‍ ഉള്‍പ്പെടെ മുസ്‌ലിംങ്ങള്‍ പട്ടിക വിഭാഗങ്ങളേക്കാള്‍ പിന്നാക്കമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്.
സച്ചാർ കമ്മീഷൻ മുന്നോട്ടുവച്ചതിൽ നടപ്പാക്കേണ്ടിയിരുന്ന പല കാര്യങ്ങളും അവഗണിക്കപ്പെടുകയായിരുന്നു. മുസ്‌ലിംങ്ങള്‍ക്ക് മാത്രമായി നടപ്പാക്കേണ്ട പദ്ധതികളിൽ മറ്റു പിന്നാക്ക വിഭാങ്ങളെയും ഉൾപ്പെടുത്തിയതിനെ വിശാല മനസ്സോടെ കണ്ടത് കൊണ്ടാണ് പ്രശ്നങ്ങൾ ഇല്ലാതിരുന്നത്. എന്നാല്‍, ഈ അനീതിയെ ആയുധമാക്കി കോടതിയെ സമീപിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. അങ്ങനെ 80:20 അനുപാതം റദ്ദു ചെയ്യുന്നതില്‍ അവര്‍ വിജയിച്ചു. സര്‍ക്കാര്‍ കോടതി വിധിയെ മറികടന്ന് മുന്നോട്ട് പോകുന്നതിന് പകരം തടിയൂരി തല്‍ക്കാലും തടിരക്ഷിക്കാനാണ് ഉപായങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്. അബ്ദുറഹ്മാൻ പറഞ്ഞു.
മുസ്ലിംങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടുന്ന നടപടികൾ ഭരണകൂടം കൈക്കൊള്ളാൻ തയ്യാറാകണം. മുസ്ലീംങ്ങൾക്ക് ലഭിക്കേണ്ടത് പോലെയുള്ള അവകാശങ്ങൾ മറ്റ് പിന്നാക്ക വിഭാഗക്കാർക്കും ലഭിക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികളും ഉണ്ടാകണം. സർക്കാരിന് മേൽ അധിഷ്ഠിതമായിട്ടുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നടപടികൾ കൈക്കൊള്ളണം. ഇതെല്ലം നിറവേറാനുള്ള അനുകൂല സാഹചര്യങ്ങൾ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമങ്ങളും എല്ലാവരും ചേർന്ന് ഉണ്ടാക്കിയെടുക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി പാര്‍ക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന പ്രസിഡന്റ പ്രഫ. എ അബ്ദുല്‍ റഷീദ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സോണൽ പ്രസിഡൻ്റ് ഇ സുൽഫി, തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡന്റ് എ നിസാറുദ്ദീന്‍ ബാഖവി സംസാരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.